
ചെന്നൈ: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിലെ രണ്ട് കോച്ചുകളുടെ വാതില്‍ തുറക്കാന്‍ കഴിയാതെ വന്നതോടെ യാത്രക്കാര്‍ കുടുങ്ങി. തിരുന്നല്‍വേലിയിലേക്കുള്ള വന്ദേഭാരത് ട്രെയിനിന്റെ സി4, സി5 കോച്ചുകളിലെ ഓട്ടോമാറ്റഡ് ഡോറുകളാണ് ലോക്കായത്. ട്രെയിന്‍ ദിണ്ടിഗല്‍ സ്‌റ്റേഷനിലെത്തിയപ്പോഴാണ് ഡോര്‍ തുറക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞത്. ഈ സ്‌റ്റേഷനില്‍ ഇറങ്ങാനായി കാത്തുനിന്ന 15 യാത്രക്കാരാണ് കുടുങ്ങിയത്. വന്ദേഭാരതിലെ ഡോറുകള്‍ ഓട്ടോമാറ്റഡ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ മാന്വലായി തുറക്കാനോ അടയ്ക്കാനോ കഴിയില്ല.
ദിണ്ടിഗല്‍ സ്‌റ്റേഷനില്‍ നിന്ന് ട്രെയിന്‍ എടുത്തതോടെ യാത്രക്കാര്‍ക്ക് തങ്ങള്‍ കുടുങ്ങിയെന്ന് മനസ്സിലായി. ഇതിന് പിന്നാലെ യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് ഏറെ ദൂരം പിന്നിട്ടിരുന്നു. അടുത്ത സ്റ്റേഷനായ കോടൈറോഡില്‍ യാത്രക്കാരെ ഇറക്കി. തുടര്‍ന്ന് തൂത്തുക്കുടിയില്‍ നിന്ന് മൈസൂരിലേക്കുള്ള എക്സ്പ്രസ് ട്രെയിനില്‍ കയറ്റി ഡിണ്ടിഗലില്‍ ഇറക്കിയാണ് പ്രശ്‌നം പരിഹരിച്ചത്.
ഇക്കഴിഞ്ഞ ബുധനാഴ്ച കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച വന്ദേഭാരത് ട്രെയിന്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം തകരാറിലായിരുന്നു. ഷൊര്‍ണൂരില്‍ നിന്ന് തൃശൂര്‍ ഭാഗത്തേക്ക് തിരിച്ച വണ്ടി ഷൊര്‍ണൂര്‍ പാലത്തിന് സമീപമുള്ള ബി ക്യാബിനിന് സമീപമെത്തിയപ്പോള്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഷൊര്‍ണൂരില്‍ വെച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് തിരികെ ഷൊര്‍ണൂര്‍ ജംഗ്ഷന്‍ സ്റ്റേഷനിലെത്തിച്ചിട്ടും പരിഹാരമായില്ല.
തുടര്‍ന്ന് മറ്റൊരു ലോക്കോയുടെ സഹായത്തോടെ തിരുവനന്തപുരത്തേക്ക് തിരിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി 10:40ന് തിരുവനന്തപുരത്ത് എത്തേണ്ട ട്രെയിന്‍ വ്യാഴാഴ്ച പുലര്‍ച്ചെ 2.16ന് ആണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയത്.