
മൊത്തം വാങ്ങുന്നത് 570 എയര്‍ക്രാഫ്റ്റുകള്‍, യാത്രക്കാരുടെ വര്‍ദ്ധന വിമാനങ്ങളുടെ ആവശ്യം കൂട്ടുന്നു
കൊച്ചി: നൂറ് പുതിയ എയര്‍ബസ് വിമാനങ്ങള്‍ വാങ്ങാന്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ കരാര്‍ നല്‍കി. പത്ത് വൈഡ്‌ബോഡി എ350 എയര്‍ക്രാഫ്റ്റുകളും 90 നാരോബോഡി എ320 ഫാമിലി എയര്‍ക്രാഫ്റ്റുകളുമാണ് പുതുതായി എത്തിയത്. എയര്‍ബസ്, ബോയിംഗ് എന്നിവയില്‍ നിന്ന് 470 പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള കഴിഞ്ഞ വര്‍ഷത്തെ കരാറിന് പുറമേയാണിത്. ഇതോടെ രണ്ട് വര്‍ഷത്തിനിടെ എയര്‍ബസില്‍ നിന്നും എയര്‍ ഇന്ത്യ വാങ്ങുന്ന എയര്‍ക്രാഫ്റ്റുകളുടെ എണ്ണം 350 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 40 എ350 വിമാനങ്ങളും 210 എ320 ഫാമിലി എയര്‍ക്രാഫ്റ്റും വാങ്ങാനാണ് കരാറുണ്ടാക്കിയത്.
എ350 വിമാനങ്ങളുടെ എണ്ണം കൂടുന്നതിനാല്‍ വിമാനങ്ങളുടെ അറ്റകുറ്റപണികള്‍ക്കായി എയര്‍ബസുമായി പുതിയ സര്‍വീസ് കരാറും ഒപ്പുവച്ചിട്ടുണ്ട്. ഇതുവരെ ആറ് എ350 വിമാനങ്ങളാണ് എയര്‍ബസ് ടാറ്റ ഗ്രൂപ്പിന് കൈമാറിയിട്ടുള്ളത്. ശേഷിക്കുന്ന 344 വിമാനങ്ങള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെത്തും. ബാേയിംഗിന് ഇതുവരെ നല്‍കിയ 220 വിമാനങ്ങളുടെ കരാറില്‍ 185 എയര്‍ക്രാഫ്റ്റുകളാണ് ഇനി ലഭിക്കാനുള്ളത്.
വ്യോമയാന വിപണി കുതിക്കുന്നു
ഇന്ത്യയിലെ വിമാനയാത്രികരുടെ എണ്ണത്തിലുള്ള കുതിച്ചുചാട്ടം കണക്കിലെടുത്താണ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതെന്ന് ടാറ്റ സണ്‍സിന്റെയും എയര്‍ ഇന്ത്യയുടെയും ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് വലിയ അവസരങ്ങള്‍ തേടിപ്പോകുന്ന യുവാക്കളുടെ എണ്ണത്തിലെ വര്‍ദ്ധന കണക്കിലെടുത്താണ് പുതിയ വിമാനങ്ങള്‍ വാങ്ങുന്നത്.
എയര്‍ബസ് വിമാനങ്ങള്‍ 350, ബോയിംഗ് വിമാനങ്ങള്‍ 220
ഇന്ത്യയിലെ വിമാനങ്ങളുടെ എണ്ണം 3,800 കവിയും
അടുത്ത ഇരുപത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ വിമാനകമ്പനികളുടെ കൈവശമുള്ള എയര്‍ക്രാഫ്റ്റുകളുടെ എണ്ണം 3,800 കടക്കുമെന്ന് സിറിയം ഫ്‌ളീറ്റ് ഫോകാസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലെ കണക്കനുസരിച്ച് ഇന്ത്യന്‍ കമ്പനികളുടെ ഫ്‌ളീറ്റില്‍ 720 വിമാനങ്ങളാണുള്ളത്.