
ഒരു വേടൻ തന്റെ രാജാവിന് രണ്ടു പരുന്തിൻ കുഞ്ഞുങ്ങളെ കാഴ്ചവെച്ചു. അവയുടെ സൗന്ദര്യവും ഗാംഭീര്യവും രാജാവിനെ വളരെയധികം ആകർഷിച്ചു. രാജാവ് ഉടൻതന്നെ കൊട്ടാരത്തിലെ പക്ഷി പരിശീലകനെ വിളിപ്പിച്ച് പക്ഷികളെ പരിശീലിപ്പിച്ച് തിരിച്ചെത്തിക്കാൻ ആജ്ഞാപിച്ചു. കുറച്ചു മാസങ്ങൾക്ക് ശേഷം പരിശീലകൻ രണ്ടു പക്ഷികളെയും കൊണ്ടുവന്നു. രാജാവിനോടു പറഞ്ഞു. 'ഇവയിൽ ഒന്ന് വളരെ ഉയരത്തിൽ പറക്കാനും ആകാശത്തിൽ പലതരത്തിലുള്ള അഭ്യാസങ്ങൾ കാണിക്കാനും പഠിച്ചു. അതുകണ്ടിരിക്കുക വളരെ രസകരമാണ്. പക്ഷെ, രണ്ടാമത്തെ പരുന്ത് ഇതുവരെ ഉയരത്തിൽ പറന്നു തുടങ്ങിയില്ല. അത് ഉയരം കുറഞ്ഞ ഏതെങ്കിലും മരക്കമ്പിൽ അള്ളിപ്പിടിച്ചിരിക്കും. എത്ര ശ്രമിച്ചിട്ടും അവിടെനിന്ന് ഒന്ന് അനങ്ങാൻപോലും കൂട്ടാക്കുന്നില്ല. പക്ഷികളെ പരിശീലിപ്പിക്കുന്നതിൽ വിദഗ്ദ്ധരായ പലരെയും കാണിച്ചു. അവർ ശ്രമിച്ചിട്ടും രണ്ടാമത്തെ പരുന്തിന്റെ സ്വഭാവത്തിൽ ഒരു മാറ്റവും വരുത്താൻ കഴിഞ്ഞില്ല".
രാജാവ് ആ പരുന്തിൻ കുഞ്ഞിനെ ഉപേക്ഷിക്കാമെന്ന് തീരുമാനിച്ചു. വാർത്ത രാജധാനിയിൽ പരന്നു. അതറിഞ്ഞ് ഒരു കർഷകൻ രാജാവിനെ സമീപിച്ചു പറഞ്ഞു, 'എനിക്ക് ഒരവസരം തരാൻ തിരുമനസുണ്ടാകണം. ഞാൻ ഒന്നു ശ്രമിച്ചു നോക്കാം." രാജാവ് സമ്മതംമൂളി. കുറച്ചുനേരത്തിനകം ജനക്കൂട്ടം കയ്യടിക്കുന്ന ശബ്ദംകേട്ട് രാജാവ് തന്റെ മുറിയിലെ ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി. രണ്ടാമത്തെ പരുന്ത് പറന്നുതുടങ്ങിയെന്നു മാത്രമല്ല, ആദ്യത്തെ പരുന്തിനെ വെല്ലുന്നതരത്തിൽ പല അഭ്യാസങ്ങളും കാണിക്കുന്നുണ്ടായിരുന്നു. രാജാവ് പക്ഷിയുടെ സ്വഭാവമാറ്റത്തിനു പിന്നിലുള്ള കാരണമാരാഞ്ഞു.
കർഷകൻ പറഞ്ഞു, 'ഞാൻ അധികമൊന്നും ചെയ്തില്ല. പക്ഷി അള്ളിപ്പിടിച്ചിരുന്ന മരക്കമ്പ് ഒടിച്ചുകളഞ്ഞു. താഴെ വീഴുമെന്നായപ്പോൾ അത് ആകാശത്തേക്ക് പറന്നുയർന്നു. തന്റെ കഴിവുകളെ അത് തിരിച്ചറിഞ്ഞു. അതുവരെ അതിനെ ബാധിച്ചിരുന്ന ഭീതിയിൽ നിന്ന് മുക്തി നേടിയതോടെ ഉത്സാഹപൂർവ്വം അഭ്യാസങ്ങൾ കാണിച്ചുതുടങ്ങി."
നമ്മളിൽ പലരും ഈ കഥയിലെ രണ്ടാമത്തെ പരുന്തിനെപ്പോലെയാണ്. ഭയവും സംശയവും നമ്മുടെ ആത്മവിശ്വാസത്തെ ചോർത്തിക്കളയുന്നത് മൂലം നമ്മൾ പുതിയ സാഹചര്യങ്ങളെ നേരിടാനാകാതെ പഴയതിനെ കെട്ടിപ്പിടിച്ചു കഴിയുന്നു. അതിൽ സുരക്ഷിതത്വം തേടുന്നു. പരിശ്രമം നടത്താൻ പോലും നമ്മൾ ശ്രമിക്കുന്നില്ല. നടത്തിയാലും അർദ്ധമനസോടെ മാത്രമായിരിക്കും. അങ്ങനെ ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനാവാതെ നമ്മുടെ കഴിവുകൾ മുരടിക്കുകയാണ്.
നമ്മുടെയുള്ളിലുള്ള കഴിവുകളെ വളർത്താൻ തടസമായി നിൽക്കുന്നത് മനസുതന്നെയാണ്. സംശയവും സങ്കോചവും പരാജയഭീതിയും ഒക്കെ കാരണം നമുക്ക് ആത്മവിശ്വാസം നഷ്ടപ്പെടുന്നു. അതോടെ നമ്മുടെ കഴിവുകളെ ഉണർത്താനോ വളർത്താനോ പ്രകടിപ്പിക്കാനോ നമുക്ക് കഴിയാതെ പോകുന്നു.
ജീവിതത്തിലെ ഏതു പ്രതിസന്ധിയിലും നമ്മളെ മുന്നോട്ടു നയിക്കാൻ ആത്മവിശ്വാസത്തിനു കഴിയും. ഉപഗ്രഹത്തെ ഭൂമിയിൽനിന്ന് ഉയർത്താനും, ഭൂമിയുടെ ആകർഷണശക്തിയെ ഭേദിക്കാനും ബൂസ്റ്റർ റോക്കറ്റ് സഹായിക്കുന്നതു പോലെ ആത്മവിശ്വാസം നമ്മുടെ ഉള്ളിലെ കഴിവുകളെ ഉണർത്താനും ഉയരങ്ങളിലെത്തിക്കാനും സഹായിക്കുന്നു.
എങ്ങനെയെങ്കിലും ആത്മവിശ്വാസത്തെ ഉണർത്തുവാൻ കഴിഞ്ഞാൽ നമ്മുടെ കഴിവുകളെ ഉണർത്താനും ജീവിതവിജയത്തിന്റെ ആകാശ സീമകളിലേക്ക് പറന്നുയരാനും നമുക്കു സാധിക്കും.