water-tank

വീട് പണിയുമ്പോൾ സ്ഥലം, ബഡ്‌ജറ്റ്, ഉപകരണങ്ങൾ തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകുന്നതുപോലെ ഇന്ന് മിക്കവരും വളരെ പ്രാധാന്യം നൽകുന്ന ഒന്നാണ് വാസ്‌തു. വീടിന്റെ സ്ഥാനം, ദിശ, വീട്ടിലെ ഓരോ നിർമിതികൾ, ഉപകരണങ്ങൾ, മരങ്ങൾ, ചെടികൾ തുടങ്ങി വീടുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളെക്കുറിച്ചും വാസ്‌തുശാസ്ത്രത്തിൽ നിഷ്‌കർഷിക്കുന്നുണ്ട്.

മറ്റെല്ലാ കാര്യങ്ങൾക്കും ശ്രദ്ധ നൽകുമെങ്കിലും വാട്ടർ ടാങ്കിന്റെ സ്ഥാനം വാസ്‌തുപ്രകാരം എപ്രകാരമാണെന്ന് പലരും ശ്രദ്ധിക്കാറില്ല. വീടിന്റെ വടക്കുകിഴക്കേ മൂല ഉയർന്നുനിൽക്കുന്നത് വാസ്‌തുപ്രകാരം നല്ലതല്ല. അതിനാൽ അടുക്കളയ്ക്ക് മുകളിൽ വാട്ടർ ടാങ്ക് പാടില്ല എന്നാണ് ശാസ്‌ത്രം. നാല് മൂലകൾ ഒഴിവാക്കി ടാങ്ക് മറ്റെവിടെ വേണമെങ്കിലും സ്ഥാപിക്കാവുന്നതാണ്.

വീടിന്റെ മുകൾ നിലകളിൽ മുറികൾ പണിയുമ്പോഴും ഏറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. താഴത്തെ നിലയിലെ അടുക്കളയുടെയും പൂജാമുറിയുടെയും മുകളിൽ ഒരു മുറിയും വരാൻ പാടില്ല. പൂജാമുറിയുടെ മുകളിൽ വരാന്തയാകാം. എന്നാൽ ബെഡ്‌റൂമോ ബാത്ത്‌റൂമോ വരാൻ പാടില്ല. താഴത്തെ നിലയിലെ ബെഡ്‌റൂമിന്റെ മുകളിൽതന്നെ വരത്തക്കവിധം മുകൾനിലയിലും ബെഡ്‌റൂം പണിയണം.

സെപ്ടിക് ടാങ്ക് പണിയുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. സാധാരണ ഗതിയിൽ ഭൂമിക്കടിയിൽ വാസ്‌തു നോക്കാറില്ല. എന്നാൽ സെപ്‌ടിക് ടാങ്കിൽ സ്ഥിരമായി വെള്ളം കെട്ടിക്കിടക്കുന്നതിനാൽ തെക്കുവശത്തായി പണിയാൻ പാടില്ല. വീടിന്റെ നാല് കോണുകളും മദ്ധ്യഭാഗവും ഒഴിവാക്കാൻ ശ്രദ്ധിക്കണം.