
പുതുവർഷം തുടങ്ങാൻ ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ഉള്ളത്. പുതുവർഷത്തെ വരവേൽക്കാൻ നിരവധി കാര്യങ്ങൾ നാം ചെയ്യുന്നുണ്ട്. അത്തരത്തിൽ നാം ആദ്യം ചെയ്യുന്ന കാര്യമാണ് പുതിയ കലണ്ടർ തൂക്കുകയെന്നത്. ഇതിനോടകം തന്നെ മിക്ക വീടുകളിലും പുതിയ കലണ്ടർ എത്തിക്കാണും. എന്നാൽ കലണ്ടറുകൾ വീട്ടിൽ തൂക്കുമ്പോൾ വാസ്‌തു ശാസ്ത്രപ്രകാരമുള്ള ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വാസ്തു നോക്കി കലണ്ടർ ശരിയായ ദിശയിൽ തൂക്കുന്നതാണ് കുടുംബത്തിന് നല്ലത്.
വാസ്തുപ്രകാരം കലണ്ടർ തെക്ക് ദിശയിൽ വയ്ക്കരുതെന്ന് പറയപ്പെടുന്നു. ഇത് വീട്ടിലെ അംഗങ്ങളെ മോശമായി ബാധിക്കുന്നു. കൂടാതെ പ്രധാന ഗേറ്റിന്റെയോ വാതിലിന്റെയോ പുറകിൽ ഒരിക്കലും കലണ്ടർ സ്ഥാപിക്കരുത്. തൂക്കുമ്പോൾ മാത്രമല്ല കലണ്ടർ വാങ്ങുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. യുദ്ധം, രക്തം, ഉണങ്ങിയ മരങ്ങൾ, വിഷാദം എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉള്ള കലണ്ടർ വീട്ടിൽ വയ്‌ക്കരുത്. അത് നെഗറ്റീവ് എനർജിക്ക് കാരണമാകും.
പലരും പുതിയ കലണ്ടർ വരുമ്പോൾ അത് പഴയ കലണ്ടറിന് മുകളിൽ വയ്ക്കുന്നു. എന്നാൽ ആ ശീലം ശരിയല്ല. ഇങ്ങനെ പഴയതിന് മുകളിൽ പുതിയ കലണ്ടർ തൂക്കുന്നത് സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നുവെന്ന് വാസ്തുശാസ്ത്രത്തിൽ പറയുന്നു. പുതിയ കലണ്ടർ കീറുകയോ മറ്റ് കേടുപാടുകളോയില്ലെന്ന് ഉറപ്പാക്കേണ്ടതാണ്. അത്തരത്തിൽ കേടുപാടുകൾ ഉണ്ടെങ്കിൽ ഇതുമൂലം വീട്ടിൽ വാസ്തു ദോഷങ്ങൾ വരാം.
വീടിന്റെ കിഴക്ക്, പടിഞ്ഞാർ, വടക്ക് ദിശകളിൽ കലണ്ടർ ഇടാവുന്നതാണ്. കിഴക്ക് ദിശയിൽ കലണ്ടർ സ്ഥാപിക്കുന്നതിലൂടെ കുടുംബത്തിൽ പുരോഗതിയും സന്തോഷവും ഉണ്ടാകും. പടിഞ്ഞാർ ദിശയിൽ സ്ഥാപിക്കുന്ന കലണ്ടർ നിങ്ങളുടെ ജോലിക്ക് അനുകൂലമാണ്. വടക്ക് ദിശയിൽ കലണ്ടർ തൂക്കുന്നത് സാമ്പത്തിക രംഗത്ത് നേട്ടങ്ങൾ നൽകും.