
ഡി.ഗുകേഷ് -ഡിംഗ് ലിറെൻ ലോക ചെസ് ചാമ്പ്യൻഷിപ്പ് 13-ാം റൗണ്ട് പോരാട്ടം ഇന്ന്
ഇരുവർക്കും 6 പോയിന്റ് വീതം,
ക്ളാസിക് ഫോർമാറ്റിൽ ഇനി രണ്ട് റൗണ്ടുകൾ
അതിലും തുല്യതയെങ്കിൽ ടൈബ്രേക്കർ
വേൾഡ് സെന്റോസ : സിംഗപ്പൂരിൽ ഇന്ത്യൻ കൗമാര ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷും നിലവിലെ ലോകചാമ്പ്യൻ ചൈനീസ് ഗ്രാൻഡ് മാസ്റ്റർ ഡിംഗ് ലിറെനും തമ്മിലുള്ള ലോക ചെസ് ചാമ്പ്യൻഷിപ്പ് ആകാംക്ഷാഭരിതമായ അന്ത്യഘട്ടത്തിലേക്ക്. ക്ളാസിക് ഫോർമാറ്റിൽ ആകെ 14 റൗണ്ടുകളുള്ള ചാമ്പ്യൻഷിപ്പിന്റെ 13-ാം റൗണ്ട് ഇന്ന് സിംഗപ്പൂരിലെ വേൾഡ് സെന്റോസ ഐലൻഡ് റിസോർട്ടിൽ നടക്കും.നാളെയാണ് 14-ാം റൗണ്ട്. ഈ രണ്ട് റൗണ്ടുകളിലായി വിജയിയെ കണ്ടെത്താനായില്ലെങ്കിൽ രണ്ടിലൊന്നറിയാൻ ടൈബ്രേക്കർ വേണ്ടിവരും.
12 റൗണ്ടുകൾ പിന്നിട്ടപ്പോൾ ഇരുവരും ആറുപോയിന്റ് വീതം നേടി തുല്യതയിലാണ്. 11-ാം റൗണ്ടിൽ വെള്ള കരുക്കളുമായി കളിച്ച് വിജയം നേടി മുന്നിലെത്തിയ ഗുകേഷിനെ തിങ്കളാഴ്ച 12-ാം റൗണ്ടിൽ തിരിച്ചടിച്ച് തോൽപ്പിച്ചാണ് ലിറെൻ വീണ്ടും തുല്യത പിടിച്ചെടുത്തത്. രണ്ടുവിജയങ്ങൾ വീതമാണ് ഗുകേഷും ലിറെനും ഇതുവരെ നേടിയത്. ബാക്കി
എട്ടുമത്സരങ്ങളും സമനിലയിലായിരുന്നു. ഇനിയുള്ള രണ്ട് റൗണ്ടുകളിലും ആർക്കെങ്കിലും വിജയിക്കാനാവാതെ വന്നാൽ മത്സരം ഏഴുപോയിന്റ് വീതം നേടി സമനിലയിലാകും. 14 റൗണ്ടുകൾക്കുള്ളിൽ ആരെങ്കിലും ഏഴര പോയിന്റ് നേടി വിജയിക്കാതിരുന്നാൽ ടൈബ്രേക്കറിലൂടെ കിരീട ജേതാവിനെ കണ്ടെത്തും.
ടൈബ്രേക്കർ ഇങ്ങനെ
നാളെ ക്ളാസിക് ഫോർമാറ്റിലെ 14 റൗണ്ടുകളും പൂർത്തിയാകുമ്പോൾ ഒരേ പോയിന്റ് നിലയാണെങ്കിൽ വെള്ളിയാഴ്ച (ഡിസം.13 )ടൈബ്രേക്കർ നടത്തും. ആദ്യം റാപ്പിഡ് ഫോർമാറ്റിൽ നാലുറൗണ്ട് മത്സരങ്ങൾ .ഇതിലും തുല്യതയാണെങ്കിൽ രണ്ട് റാപ്പിഡ് റൗണ്ടുകൾ കൂടി. എന്നിട്ടും ഫലമില്ലെങ്കിൽ രണ്ട് ബ്ളിറ്റ്സ് ഗെയിമുകൾ. ഇതിലും ഫലമില്ലെങ്കിൽ ഒരാൾ ജയിക്കുന്നതുവരെ ബ്ളിറ്റ്സ് ഗെയിമുകൾ.
കളി ഇതുവരെ
ആദ്യ റൗണ്ടിൽ വെള്ളക്കരുക്കളുമായി കളിച്ച ഗുകേഷിനെ തോൽപ്പിച്ചാണ് ലിറെൻ തുടങ്ങിയത്. രണ്ടാം റൗണ്ട് മത്സരം സമനിലയിലായി.
മൂന്നാം റൗണ്ടിൽ വീണ്ടും വെള്ളക്കരുക്കൾ കൊണ്ട് കളിച്ച ഗുകേഷ് തന്റെ ആദ്യ വിജയം നേടി തുല്യത പിടിച്ചെടുത്ത് ലിറെന് ശക്തമായ വെല്ലുവിളി ഉയർത്തി.
തുടർന്നുള്ള ഏഴു റൗണ്ടുകളിൽ ആർക്കും ജയിക്കാനായില്ല. 10 റൗണ്ടുകൾ പൂർത്തിയായപ്പോൾ ഇരുവർക്കും അഞ്ചുപോയിന്റ് വീതമായിരുന്നു.
11-ാം റൗണ്ടിൽ ഗുകേഷും 12-ാം റൗണ്ടിൽ ലിറെനും വിജയം നേടിയതോടെ ചാമ്പ്യൻഷിപ്പ് വീണ്ടും സമനിലച്ച
ങ്ങലയിലായി.