cricket

അടുത്ത വർഷം ജൂണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യഷിപ്പ് ഫൈനലിൽ ആരൊക്കെ തമ്മിലാകും പോരാട്ടം എന്ന കണക്കുകൂട്ടലിലാണ് ക്രിക്കറ്റ് ലോകം. ഇന്ത്യ,ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾക്കാണ് ഫൈനലിലെത്താനുള്ള സാദ്ധ്യതകൾ. എന്നാൽ ഇവരിൽ ആരുടെയും സ്ഥാനം ഉറപ്പല്ലതാനും. ഇന്ത്യയ്ക്ക് ഓസ്ട്രേലിയയുമായും ഓസ്ട്രേലിയയ്ക്ക് ഇന്ത്യയ്ക്കെതിരെ കഴിഞ്ഞാൽ ലങ്കയുമായും ദക്ഷിണാഫ്രിക്കയ്ക്ക് ലങ്കയുമായുമുള്ള പരമ്പരകളാണ് ഫൈനലിസ്റ്റുകളെ നിശ്ചയിക്കുക.

ഓസീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ വിജയം നേടിയ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒന്നാമതായിരുന്നു. ഓസ്ട്രേലിയ രണ്ടാമതും. അഡ്ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യ തോൽക്കുകയും പിന്നാലെ ദക്ഷിണാഫ്രിക്ക രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ ശ്രീലങ്കയെ 2-0ത്തിന് തോൽപ്പിക്കുകയും ചെയ്തതോടെ ഇന്ത്യ, ശ്രീലങ്ക, ഓസ്ട്രേലിയ എന്നീ ടീമുകളെ മറികടന്ന് ദക്ഷിണാഫ്രിക്ക ഒന്നാംസ്ഥാനത്തേക്ക് കയറി. ഓസ്ട്രേലിയ രണ്ടാമതും ഇന്ത്യ മൂന്നാംസ്ഥാനത്തുമാണിപ്പോൾ.

ഇന്ത്യയുടെ സാദ്ധ്യതകൾ

ഓസ്ട്രേലിയയ്ക്ക് എതിരെയുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയോടെ ഈ വേൾഡ് ചാമ്പ്യൻഷിപ്പ് കാലയളവിലെ ഇന്ത്യയുടെ ടെസ്റ്റ് മത്സരങ്ങൾ അവസാനിക്കും. പരമ്പരയിലെ രണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ 1--1 എന്ന നിലയിലാണ് ഇന്ത്യ.

4-1

ന് ഓസ്ട്രേലിയയ്ക്ക് എതിരെയുള്ള പരമ്പരനേടിയാൽ ഇന്ത്യയ്ക്ക് നേരിട്ട് ഫൈനലിലെത്താം. അതിന് ഇനിയുള്ള മൂന്ന് മത്സരങ്ങളും ജയിക്കണം. ഓസീസിലെ സാഹചര്യങ്ങളിൽ അതത്ര എളുപ്പമല്ല.

3-1

നാണ് ഓസീസിന് എതിരായ വിജയമെങ്കിൽ ശ്രീലങ്കയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ഫലം അനുസരിച്ചാകും തീരുമാനം.

3-2

നാണ് ഓസീസിനെ ഇന്ത്യ പരമ്പരയിൽ തോൽപ്പിക്കുന്നതെങ്കിൽ തുടർന്ന് ശ്രീലങ്കയോട് ഓസീസ് 2-0ത്തിന് ജയിക്കാതിരുന്നാൽ ഇന്ത്യയ്ക്ക് ഫൈനലിലെത്താം.

2-2

ന് ഇന്ത്യ ഓസ്ട്രേലിയ പരമ്പര സമനിലയിലായാൽ ശ്രീലങ്ക 1-0ത്തിനെങ്കിലും ഓസ്ട്രേലിയയെ തോൽപ്പിക്കണം. അപ്പോൾ ഇന്ത്യയ്ക്ക് ഫൈനലിൽ കയറാം.

വിജയശരാശരി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ എല്ലാ ടീമുകൾക്കും തുല്യ മത്സരങ്ങൾ അല്ലാത്തതിനാലും ഹോം, എവേ മത്സരങ്ങളുടെ എണ്ണം വ്യത്യസ്തമായിരിക്കുന്നതിനാലും വിജയങ്ങളുടെ എണ്ണമല്ല പോയിന്റ് നില കണക്കാക്കാൻ ഉപയോഗിക്കുന്നത്. വിജയശതമാനമാണ്.

പോയിന്റ് ടേബിൾ

(ടീം, വിജയശതമാനം എന്ന ക്രമത്തിൽ )

ദക്ഷിണാഫ്രിക്ക - 63.33

ഓസ്ട്രേലിയ - 60.71

ഇന്ത്യ - 57.29

ശ്രീലങ്ക - 45.45

ഇംഗ്ളണ്ട് - 45.25

ന്യൂസിലാൻഡ് - 44.23

പാകിസ്ഥാൻ -33.33

ബംഗ്ലാദേശ് - 31.25

വെസ്റ്റ് ഇൻഡീസ് -24.24