
ജീവിതത്തിലെ ഒരു പ്രധാന സന്ദർഭമാണ് വിവാഹം. അത് പലപ്പോഴും വ്യത്യസ്തമായ രീതിയിൽ നടത്താൻ ആളുകൾ തീരുമാനിക്കുന്നു. ലോകത്ത് വളരെ പ്രശസ്തമായ ഒരു വിവാഹമാണ് സീതാ സ്വയംവരം. ഹിന്ദു പുരാണത്തിൽ ഈ വിവാഹത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ജനക രാജാവിന്റെ പുത്രിയായ സീതയെ വിവാഹം കഴിക്കാൻ 'ത്രെെയംബകം' എന്ന വില്ലുകുലയ്ക്കണമെന്ന ഒരു നിബന്ധന വച്ചിരുന്നു. പല ദേശത്തെയും രാജാക്കന്മാർ വന്നെങ്കിലും വില്ല് ഉയർത്താൻ പോലും കഴിഞ്ഞില്ല.
അവസാനം രാമനാണ് വില്ല് ഉയർത്തി സീതയെ വിവാഹം കഴിക്കുന്നത്. ഈ കഥയെ വീണ്ടും പുനഃസൃഷ്ടിച്ചിരിക്കുകയാണ് മറ്റൊരു വരനും വധുവും. വധുവിന്റെ എൻട്രിക്കാണ് ബന്ധുക്കളുടെയും കൂട്ടുകാരുടെ സഹായത്തോടെ ഇത്തരം ഒരു ഡ്രാമ അവർ ഒരുക്കിരിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാണ്. മേശപ്പുറത്ത് ഒരു വില്ല് വച്ചിരിക്കുന്നതും അത് എടുക്കാൻ ശ്രമിക്കുന്ന ചിലരെയുമാണ് ആദ്യം വീഡിയോയിൽ കാണുന്നത്.
എന്നാൽ അവർക്ക് അത് ഉയർത്താൻ പറ്റുന്നില്ല. പിന്നാലെ വരൻ വന്ന് വില്ല് എടുത്ത ശേഷം മുന്നിലെ വൃത്തത്തിലുള്ള ബോർഡിലേക്ക് അമ്പ് തൊടുത്തുവിടുന്നു. ഉടനെ അത് മുറിഞ്ഞ് വീഴുകയും ഉള്ളിൽ നിന്ന് കെെയിൽ പൂവുമായി വധു വരികയും ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി ലെെക്കും കമന്റും ഇതിന് ലഭിക്കുന്നുണ്ട്. 'വിവാഹം നിങ്ങൾക്ക് ഇഷ്ടമുള്ള പോലെ ആഘോഷിച്ചോള്ളൂ', 'നല്ല ഭംഗിയുണ്ട് കാണാൻ', ' ഇങ്ങനെയുള്ള ഐഡിയ ഓക്കെ എവിടെന്ന് കിട്ടുന്നു' തുടങ്ങിയ നിരവധി കമന്റുകൾ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.