health-

ഒരു കുഞ്ഞു ജീവൻ വയറ്റിൽ രൂപാന്തരപ്പെടുന്നതു മുതൽ പ്രസവിക്കുന്നതു വരെയുള്ള ഗർഭകാലം സ്ത്രീകളെ സംബന്ധിച്ച് നിരവധി ആശങ്കകളും സമ്മർദ്ദങ്ങളും നിറഞ്ഞതാണ്. കുഞ്ഞിന്റെ ആരോഗ്യം, അമ്മയുടെ ഭക്ഷണ ശീലങ്ങൾ, മാനസികവും ശാരീരികവുമായ വ്യായാമങ്ങൾ ഇവയെല്ലാം ഗർഭകാലത്ത് പ്രധാനമാണ്. കുടുംബാന്തരീക്ഷം മെച്ചപ്പെടുത്തിയും വ്യക്തിബന്ധങ്ങൾ ദൃഢമാക്കിയും കൃത്യമായ മെഡിക്കൽ ചെക്കപ്പുകൾ നടത്തിയും ഗർഭകാലം കൂടുതൽ സുരക്ഷിതമാക്കാം. ഇക്കാലയളവിൽ ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യ പരിപാലനത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും വിദഗ്ധ ഡോക്ടറുടെ പരിചരണത്തിലൂടെയും വിവിധ അൾട്രാസൗണ്ട് സ്കാനിങ്ങിലൂടെയും കുഞ്ഞിന്റെ ആരോഗ്യസ്ഥിതി ഉറപ്പുവരുത്താം. കുഞ്ഞിന്റെ കിടത്തം, ജനിതക വൈകല്യങ്ങൾ, മറ്റു അപാകതകൾ എന്നിവയെല്ലാം അത്യാധുനിക സ്കാനിംഗ് വഴി കണ്ടെത്താം.

18 മുതൽ 22 ആഴ്ച വരെ വളർച്ചയെത്തിയ ഗർഭിണികളിൽ നടത്തുന്ന അൾട്രാസൗണ്ട് സ്കാനിങ്ങിലൂടെ ഗർഭസ്ഥശിശുവിന്റെ വൈകല്യങ്ങൾ കണ്ടുപിടിക്കാം. പ്രധാനമായും കുഞ്ഞിന്റെ കിഡ്‌നി, ഹൃദയം, മസ്തിഷ്‌കം, ശ്വാസകോശം, ആമാശയം എന്നിവയുടെ അപാകതകളും ഡൗൺ സിൻഡ്രോം പോലുള്ള ജനിതക രോഗ ലക്ഷണങ്ങളുമാണ് നിർണയിക്കാനാകുന്നത്. ഇവയിൽ പലതും കുഞ്ഞിന്റെ വളർച്ചയോടൊപ്പം സ്വയം ഭേദമാകുന്നവയാണ്. സങ്കീർണമാകാൻ സാധ്യതയുള്ള വൈകല്യങ്ങൾക്ക് തുടർ ചികിത്സ നിർബന്ധമാണ്.

അപകട സാധ്യത എങ്ങനെ തിരിച്ചറിയാം
ചെറിയൊരു ശതമാനം ഗർഭസ്ഥ ശിശുക്കളിൽ മാത്രമേ അപകട സാധ്യതയുള്ള വൈകല്യങ്ങൾ പ്രകടമാകാറുള്ളു. ഇത്തരം സാഹചര്യങ്ങളിൽ, ഗർഭാവസ്ഥയിൽ തന്നെ കൂടുതൽ പരിശോധനകൾ നടത്തേണ്ടതുണ്ട്. ജനിതക വൈകല്യ ലക്ഷണങ്ങൾ, കിഡ്‌നി സംബന്ധമായ പ്രശ്നങ്ങൾ, അവയവങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ, ട്യൂമറുകൾ, ആമ്നിയോട്ടിക് ഫ്ലൂയിഡ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവയിലാണ് തുടർ പരിശോധനകൾ നടത്തേണ്ടത്. അൾട്രാസൗണ്ട് സ്കാനിങ്ങിലൂടെ കണ്ടെത്തിയ ഇത്തരം വിവരങ്ങൾ വിശദമായ 4ഡി സ്കാനിങ്ങിലൂടെയാണ് ഉറപ്പുവരുത്തുന്നത്. നെഫ്രോളജിസ്റ്റ്, കാർഡിയോളോജിസ്റ്റ്, ന്യൂറോസർജൻ, പീഡിയാട്രീഷ്യൻ എന്നിവരുടെ പരിശോധനകൾക്ക് ശേഷമാണ് വൈകല്യങ്ങളുടെ ഗ്രേഡിങ്ങും തുടർ ചികിത്സകളും നിർണയിക്കുന്നത്. ഇവയെല്ലാം ക്രോഡീകരിച്ച് കുഞ്ഞിന് സംഭവിച്ച വൈകല്യത്തിന്റെ ഭാവി, ഭേദമാക്കാൻ വേണ്ടുന്ന തുടർ ചികിത്സ, ഫോളോ അപ് എന്നിവയിൽ ഉചിതമായ തീരുമാനമെടുക്കാൻ ഒരു ശിശുശസ്ത്രക്രിയ വിദഗ്ധന് സാധിക്കും.

അന്റനേറ്റൽ ഡിറ്റക്റ്റഡ് ഫെറ്റൽ അനോമലി ക്ലിനിക്കുകൾ
ഗർഭസ്ഥ ശിശുക്കളിൽ കണ്ടെത്തുന്ന വൈകല്യങ്ങൾ ശാസ്ത്രീയമായി നിർണയിക്കുന്നതിനും വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനുമുള്ള ക്ലിനിക്കുകളാണ് അന്റനേറ്റൽ ഡിറ്റക്റ്റഡ് ഫെറ്റൽ അനോമലി ക്ലിനിക്കുകൾ. ഇത്തരം ക്ലിനിക്കുകളിൽ വിദഗ്ധരായ സോനോളജിസ്റ്റിന്റെയും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെയും സേവനം ലഭ്യമാണ്. ഗർഭസ്ഥ ശിശുവിന്റെ ശാരീരിക ഘടന പരിശോധിക്കുന്നതിനുള്ള അൾട്രാസൗണ്ട് സ്കാനിംഗ്, ജനിതക വൈകല്യങ്ങൾ കണ്ടെത്തുന്നതിനുള്ള അമ്നിയോസെന്റിസിസ് പരിശോധന, പ്ലാസന്റയിൽ നിന്ന് സാംപിൾ എടുത്ത് ജനിതക പരിശോധന നടത്തുന്ന കോറിയോണിക് വില്ലസ് സാംപ്ലിംഗ് എന്നിവയിലൂടെയാണ് ഗർഭസ്ഥ ശിശുക്കളിലെ വൈകല്യങ്ങൾ കണ്ടെത്തുന്നത്. ആവിശ്യമുള്ള സാഹചര്യങ്ങളിൽ മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും കൗൺസിലിംഗ് പ്രോഗ്രാമുകളും അന്റനേറ്റൽ ഡിറ്റക്റ്റഡ് ഫെറ്റൽ അനോമലി ക്ലിനിക്കുകളിൽ ലഭിക്കും.

dr
ഡോ. വിവേക് പരമേശ്വര ശർമ്മ

(എസ് പി മെഡിഫോർട്ട് ആശുപത്രിയിലെ സീനിയർ കൺസൾറ്റന്റാണ് ലേഖകൻ)​