g

ലീഡ് : നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്ന ചിത്രം പാലക്കാട്

ഷെയ്ൻ നിഗം, ശന്തനു ഭാഗ്യരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഉണ്ണി ശിവലിംഗം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. കബഡി കളിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആക്ഷൻ ത്രില്ലർ ചിത്രം ഷെയ്നിന്റെ കരിയറിലെ 25-ാമത്തെ സിനിമയാണ്. തെന്നിന്ത്യൻ താരം പ്രീതി അസ്രാണിയാണ് നായിക.

എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയും ബിനു അലക്സാണ്ടർ ജോർജും ചേർന്നാണ് നിർമ്മാണം. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ കോയമ്പത്തൂരാണ്. തമിഴ് സംവിധായകനും നടനുമായ ഭാഗ്യരാജിന്റെയും മലയാളത്തിലെ പ്രിയ നായികയായിരുന്ന പൂർണിമ ഭാഗ്യരാജിന്റെയും മകനായ ശന്തനു അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ്. മോഹൻലാലിനൊപ്പം എയ്ഞ്ചൽ ജോൺ എന്ന ചിത്രത്തിൽ ശന്തനു അഭിനയിച്ചിരുന്നു.

തെലുങ്ക്- തമിഴ് സിനിമകളിലും ടെലിവിഷനിലും തിളങ്ങുന്ന പ്രീതി അസ്രാണി ആദ്യമായാണ് മലയാള സിനിമയുടെ ഭാഗമാകുന്നത്. അതേ സമയം ഷെയ്ൻ നിഗം തമിഴിൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന മദ്രാസകാരൻ റിലീസിന് ഒരുങ്ങുന്നു. ഷെയ്നൊപ്പം കലൈയരസനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നിഹാരിക കൊനിദേലയാണ് മറ്റൊരു പ്രധാന താരം. ആക്ഷൻ ത്രില്ലറായി ഒറുങ്ങുന്ന ചിത്രം വാലി മോഹൻദാസ് സംവിധാനം ചെയ്യുന്നു.

ഷെയ്ൻ തന്നെയാണ് തമിഴിൽ ഡബ്ബ് ചെയ്തിരിക്കുന്നത്.

എസ്.ആർ. പ്രൊഡക്ഷൻസിന്റെ ബാനറിൽ ബി. ജഗദീപ് നിർമ്മിക്കുന്ന ചിത്രത്തിന് പ്രസന്ന എസ്. കുമാർ ഛായാഗ്രഹണം നി‌ർവഹിക്കുന്നു. സാം സി.എസാണ് സംഗീതം.