s

വേർപിരിയലിനുശേഷം ഇതാദ്യമായി ഒരുമിച്ച് വേദി പങ്കിട്ട് സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാറും ഗായിക സൈന്ധവിയും. മലേഷ്യയിൽ നടന്ന ഒരു സംഗീത പരിപാടിയിലാണ് ഇരുവരും ഒരുമിച്ച് എത്തിയത്. പിറൈ തേടും എന്ന പാട്ട് സൈന്ധവി പാടുകയും ജി.വി. പ്രകാശ് അതിനനുസരിച്ച് പിയാനോ വായിക്കുകയും ചെയ്തു. ഇരുവരും വേദി പങ്കിടുന്നതിന്റെ ദൃശ്യങ്ങൾ ചുരുങ്ങിയ സമയത്തിനകം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. 2011ൽ റിലീസ് ചെയ്ത മയക്കം എന്ന എന്ന ചിത്രത്തിനുവേണ്ടി ജി.വി. പ്രകാശ് കുമാർ ഈണമൊരുക്കിയ പാട്ടാണ് പിറൈ തേടും. - സിനിമയിലും ഈ പാട്ട് സൈന്ധവിയും ജി.വി. പ്രകാശ് കുമാറും ചേർന്നാണ് പാടിയത്. വേദിയിൽ വീണ്ടും ഇരുവരും ഒരുമിച്ച് എത്തിയതിന്റെ ആഹ്ലാദത്തിലാണ് ആരാധകർ. മലേഷ്യയിലെ സംഗീത പരിപാടിക്ക് മുന്നോടിയായി നടന്ന പരിശീലനത്തിനിടെ സൈന്ധവി മകൾ അൻവിയെ വേദിയിലുള്ള ജി.വി. പ്രകാശിന് അടുത്തേക്ക് അയച്ചിരുന്നു. മകളെ ചേർത്തുപിടിച്ച് ജി.വി. പ്രകാശ് പാടി പരിശീലിച്ചതിന്റെ വീഡിയോ നിരവധി പേർ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മേയിലാണ് തങ്ങൾ വിവാഹമോചിതരായെന്ന് ജി.വി. പ്രകാശും സൈന്ധവിയും പ്രഖ്യാപിച്ചത്. 2013ൽ ആയിരുന്നു വിവാഹം. എ.ആർ.റഹ്മാന്റെ സഹോദരി പുത്രനാണ് ജി.വി. പ്രകാശ്. റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ച ജെന്റിൽമാൻ സിനിമയിലൂടെയാണ് ഗായകനായി അരങ്ങേറ്റം. സംഗീത സംവിധായകൻ, നടൻ എന്നീ വിലാസത്തിലും തിളങ്ങുന്നു.