
ബോക്സ് ഓഫീസ് റെക്കോർഡുകളെല്ലാം തകർത്തെറിയുകയാണ് അല്ലു അർജുൻ ചിത്രം പുഷ്പ 2. ഇന്ത്യൻ ബോക്സ് ഓഫീസിൽ കാട്ടുതീയായിപ്പടരുന്ന ചിത്രം കളക്ഷനിൽ 800 കോടി പിന്നിട്ടെന്ന് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ്, നാലു ദിവസം കൊണ്ട് ചിത്രം 829 കോടി നേടിയതായാണ് കണക്ക്, ഈ രീതി തുടർന്നാൽ ചിത്രം ഉടൻ 1000 കോടി കടക്കുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. പുഷ്പ ആദ്യ ഭാഗം ആഗോളതലത്തിൽ 350 കോടിയോളം കളക്ഷനാണ് നേടിയത്. ഈ തുക രണ്ടു ദിവസം കൊണ്ട് പുഷ്പ 2 മറികടന്നു. ആദ്യ ദിനത്തിൽ മാത്രം സിനിമ ആഗോളതലത്തിൽ 294 കോടി കളക്ഷൻ സ്വന്തമാക്കിയിരുന്നു. ലോകമെമ്പാടും പന്ത്രണ്ടായിരത്തിലധികം സ്ക്രീനുകളിലാണ് പുഷ്പ 2 എത്തിയത്. പ്രീ സെയ്ലിൽ നിന്ന് മാത്രം ചിത്രം 100 കോടി നേട്ടം സ്വന്തമാക്കിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നട, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ലോകമാകെ ഏറ്റെടുത്ത ബോക്സ് ബസ്റ്റർ ചിത്രം പുഷ്പ ദ റൈസിന്റെ രണ്ടാം ഭാഗമായി എത്തിയ പുഷ്പ 2: ദ റൂൾ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി മാറുമെന്ന കണക്കുകൂട്ടൽ തെറ്റിയില്ലെന്ന് ഉറപ്പിക്കുകയാണ് കളക്ഷൻ കണക്കുകൾ. സുകുമാർ സംവിധാനം ചെയ്ത പുഷ്പ ദ റൈസ് ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. രശ്മിക മന്ദാനയാണ് നായിക. ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സംഗീതം ദേവി ശ്രീ പ്രസാദ്.