ambani

മുംബയ്: സാമ്പത്തിക ബാദ്ധ്യതകള്‍ അധികമായാല്‍ അത് പരിഹരിക്കാന്‍ ഒരു സാധാരണക്കാരന്‍ കാണുന്ന എളുപ്പവഴിയാണ് ലോണെടുക്കുകയെന്നത്. 'അതിപ്പോ വായ്പയെടുക്കാതെ കടം വീടാന്‍ നമ്മളാരും അംബാനിയല്ലല്ലോ'? ഇനി ഈ ഡയലോഗ് പറയാന്‍ പറ്റില്ല, കാരണം കടം വീടാന്‍ അംബാനിയും ലോണെടുക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മുകേഷ് അംബാനിയുടെ ഉടമസ്ത്ഥയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് വായ്പ എടുക്കാന്‍ ഒരുങ്ങുന്നത്.

ലോണ്‍ എടുക്കാനായി വിവിധ ബാങ്കുകളുമായി റിലയന്‍സ് ചര്‍ച്ച തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലയന്‍സ് ആസ്ഥാനത്ത് നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ 25,500 കോടി രൂപയാണ് ലോണായി എടുക്കാന്‍ ഉദ്ദേശിക്കുന്നത്. 12ഓളം ബാങ്കുകളുമായി വായ്പ സംബന്ധിച്ച് അന്തിമ ചര്‍ച്ചകള്‍ നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2025ന്റെ ആദ്യപാദത്തില്‍ തന്നെ വായ്പയെടുക്കുന്നതില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിദേശത്ത് നിന്നാണ് അംബാനിയുടെ കമ്പനി ലോണ്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നത്. പത്തില്‍ അധികം ബാങ്കുകളുമായുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. ക്വോട്ട് ചെയ്തിരിക്കുന്ന തുക വായ്പയായി ലഭിച്ചാല്‍ ഒരു ഇന്ത്യന്‍ കമ്പനി വിദേശത്ത് നിന്ന് ലോണ്‍ ആയി എടുക്കുന്ന ഏറ്റവും വലിയ തുകയായി ഇത് മാറും എന്നാണ് കണക്കാക്കുന്നത്. വായ്പ തിരിച്ചടവിനായി റിലയന്‍സിന് അടുത്ത വര്‍ഷം 2.9 ബില്യണ്‍ ഡോളര്‍ വേണമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ റിലയന്‍സ് വിദേശത്ത് നിന്ന് വായ്പയെടുത്തിരുന്നു.

700 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം റിലയന്‍സ് വായ്പയെടുത്തത്. കഴിഞ്ഞയാഴ്ച റേറ്റിങ് ഏജന്‍സിയായ മുഡീസ് റിലയന്‍സിന്റെ റേറ്റിങ് baa2ല്‍ തന്നെ നിലനിര്‍ത്തിയിരുന്നു. അതുകൊണ്ട് കമ്പനിക്ക് വിദേശത്ത് നിന്ന് വന്‍തുക വായ്പയെടുക്കുന്നതില്‍ തടസങ്ങളൊന്നുമുണ്ടാവില്ല.