athletics

തിരുവനന്തപുരം : ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമായി നടക്കുന്ന കേരള യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റിന്റെ ആദ്യ ദിനം പോയിന്റ് പട്ടികയിൽ മുന്നിലെത്തി കാര്യവട്ടം എൽ.എൻ.സി.പി.ഇ. 27 പോയിന്റാണ് എൽ.എൻ.സി.പി.ഇ നേടിയത്. 13 പോയിന്റുമായി യൂണിവേഴ്സിറ്റി കോളേജ് രണ്ടാം സ്ഥാനത്തും 10 പോയിന്റുമായി പുനലൂർ എസ്.എൻ കോളേജ് മൂന്നാം സ്ഥാനത്തുമുണ്ട്.

ഇന്നലെ നടന്ന പുരുഷ വിഭാഗം 100 മീറ്ററിൽ 10.67 സെക്കൻഡിൽ ഫിനിഷ് ചെയ്ത് യൂണിവേഴ്സിറ്റി കോളേജിലെ അനുരാഗ് സി.വി മീറ്റിലെ വേഗതയേറിയ പുരുഷ താരമായി.12.47 സെക്കൻഡിൽ ഫിനിഷ് ചെയ്ത കൊല്ലം എസ്.എൻ

വനിതാ കോളേജിലെ സ്റ്റെമി മരിയ ബിജുവാണ് വേഗതയേറിയ വനിത. പുരുഷ വിഭാഗം 400 മീറ്ററിൽ എം.ജി കോളേജിലെ പരമേശ്വർ പ്രദീപും, വനിതകളുടെ 400 മീറ്ററിൽ കൊല്ലം എസ്.എൻ വനിതാ കോളേജിലെ പി.ശ്രീഷ്ണയും സ്വർണം നേടി. 1500 മീറ്ററിൽ എൽ.എൻ.സി.പി.ഇയിലെ പിയൂഷ് മിശ്രയ്ക്കും തിരു.ഗവ.വനിതാകോളേജിലെ അനോഷ സി.ജെയ്ക്കുമാണ് സ്വർണം.20കി.മി നടത്തയിൽ അഞ്ചൽ സെന്റ് ജോൺസ് കോളേജിലെ സിബിൻ ഒന്നാമതെത്തി.വനിതകളിൽ ഈയിനത്തിൽഎൽ.എൻ.സി.പി.ഇയിലെ സുഭദ്ര കെ.സോണിക്കാണ് സ്വർണം.

പുരുഷ ഷോട്ട്പുട്ടിൽ അമ്പലപ്പുഴ ഗവ.കോളേജിലെ എസ്.ശ്രീശാന്ത് മീറ്റ് റെക്കാഡോടെ സ്വർണം നേടി. 14.54 മീറ്ററാണ് ഇന്നലെ ശ്രീശാന്ത് എറിഞ്ഞ ദൂരം. വനിതകളുടെ ഷോട്ട്പുട്ടിൽ പെരിങ്ങമല ഇഖ്ബാൽ കോളേജിലെ നിര ഞ്ജന കൃഷ്ണയ്ക്കാണ് സ്വർണം. പുരുഷ ജാവലിൻ ത്രോയിൽ കാഞ്ഞിരംകുളം കെ.എൻ.എം കോളേജിലെ അജിൻ. ബി.എമ്മും വനിതാ ജാവലിനിൽ പുനലൂർ എസ്.എൻ കോളേജിലെ ബിസ്മിയും സ്വർണം നേടി. വനിതകളുടെ ഹൈജമ്പിൽ കാര്യവട്ടം എൽ.എൻ.സി.പിയിലെ ഗ്രാന ഗ്രേസ് വിൽസണാണ് സ്വർണം.