a

ഡെമാസ്കസ്: വിമതർ പിടിച്ചെടുത്ത സാഹചര്യത്തിൽ സിറിയയിൽ താത്കാലിക പ്രധാനമന്ത്രിയായി ചുമതലയേറ്ര് മുഹമ്മദ് അൽ ബാഷിർ. വിമത നേതാക്കൾ ചുമതലയേൽപ്പിച്ചതായി ബാഷിർ തന്നെയാണ് ദേശീയ മാദ്ധ്യമത്തിലൂടെ അറിയിച്ചത്.

വടക്കുപടിഞ്ഞാറൻ സിറിയയുടെയും ഇദ്‌ലിബിന്റെയും ചില ഭാഗങ്ങൾ ഭരിച്ചിരുന്ന സാൽവേഷൻ സർക്കാരിന്റെ നേതാവാണ് ബാഷിർ.

2025 മാർച്ച് ഒന്നുവരെയാണ് കാലാവധി. സിറിയയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിമത സേന നേതാവായ അബു മുഹമ്മദ് ജുലാനി സിറിയ മുൻ പ്രധാനമന്ത്രി മുഹമ്മദ് ജലാലിയുമായും വൈസ് പ്രസിഡന്റ് ഫൈസൽ മെക്ദാദുമായും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ദിവസങ്ങളെടുത്തേ അധികാര കൈമാറ്റം പൂർത്തിയാക്കാനാകൂയെന്ന് ജുലാനി മാദ്ധ്യമങ്ങളോടു പറഞ്ഞു. അഫ്ഗാനിൽ താലിബാൻ ചെയ്തതുപോലുള്ള കർശന മത നിയന്ത്രണങ്ങൾ സിറിയയിൽ അടിച്ചേൽപ്പിക്കില്ലെന്നും പുതിയ ഭരണത്തിൽ സ്ത്രീകൾക്ക് വസ്ത്രധാരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തില്ലെന്നും വിമത നേതാവ് അബു മുഹമ്മദ് അൽ ജുലാനി വ്യക്തമാക്കി. ജനങ്ങളോട് ഇത്രക്കാലവും ക്രൂരമായി പെരുമാറിയ ഉദ്യോഗസ്ഥരെ നേതാക്കളെയും കണ്ടെത്തി വിചാരണ ചെയ്യുമെന്ന് വിമത നേതാക്കൾ പ്രഖ്യാപിച്ചു.

വ്യോമാക്രമണം ശക്തം

അതേസമയം, ഡമാസ്‌കസ് ഉൾപ്പെടെ സിറിയയിലുടനീളം ഇസ്രയേലും അമേരിക്കയും വ്യോക്രാമണം തുടരുകയാണ്. 300 ലധികം ആക്രമണങ്ങൾ

ഇരുരാജ്യങ്ങളും നടത്തിയെന്നാണ് റിപ്പോർട്ടുകൾ. രാസായുധ കേന്ദ്രങ്ങൾ,​ സൈനിക താവളങ്ങളും തകർത്തതായാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം തെക്കൻ സിറിയയിലെ ബഫർ സോൺ പിടിച്ചെടുത്തതായും സൈന്യത്തിനും വ്യോമതാവളങ്ങൾക്കുനേരെ വ്യോമാക്രമണം തുടരുന്നതായും സിറിയൻ സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഹെലികോപ്റ്ററുകൾ, ജെറ്റ് വിമാനങ്ങൾ എന്നിവ തമ്പടിച്ചിരുന്ന മൂന്ന് സൈനിക താവളങ്ങൾക്കു നേരെയാണ് ഇസ്രയേൽ ബോംബാക്രമണം നടത്തിയത്. ഡെമാസ്കസിലെ ഗവേഷണ കേന്ദ്രത്തിന് നേരെയും ആക്രമണമുണ്ടായി.

എന്നാൽ സിറിയയുമായി സംഘർഷത്തിൽ തങ്ങൾ ഏർപ്പെടില്ലെന്നും ബഫർ സോൺ പിടിച്ചെടുത്തത് പ്രതിരോധ നടപടി പ്രകാരമായിരുന്നെന്നും ഇസ്രയേൽ പ്രതികരിച്ചു.

യു.എസ് മുന്നറിയിപ്പ്

ഐ.എസ് പോലുള്ള ഭീകര സംഘടനകൾ സിറിയയെ താവളമാക്കൻ ശ്രമിക്കുമെന്ന മുന്നറിയിപ്പുമായി യു.എസ്.

ഇത് തടയുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറ്റണി ബ്ലിങ്കൻ പറഞ്ഞു. സ്വയംരക്ഷയ്ക്ക് വേണ്ടെതെല്ലാം ചെയ്യുമെന്നും എന്നാൽ സിറിയയിലെ സംഘർഷത്തിൽ ഇടപെടില്ലെന്നും യു.എൻ യോഗത്തെ ഇസ്രയേൽ അറിയിച്ചു.

സിറയയിലെ പുതിയ സാഹചര്യത്തിൽ ഇസ്രയേൽ സ്വന്തം സുരക്ഷയ്ക്ക് വേണ്ടത് ചെയ്യും

-ബഞ്ചമിൻ നെതന്യാഹു

പ്രധാനമന്ത്രി