gift

മുംബയ്: ഹോങ്കോങ്ങിലുള്ള എന്‍ആര്‍ഐ ആയ മകന്‍ അമ്മയ്ക്ക് സമ്മാനമായി നല്‍കിയതായിരുന്നു മൂന്ന് കോടി രൂപ. മൂന്ന് കോടിയുടെ സമ്മാനത്തിന് നികുതി വേണമെന്ന ആദായ നികുതി വകുപ്പിന്റെ ആവശ്യം ആദായ നികുതി അപ്പീല്‍ ട്രിബ്യൂണല്‍ തള്ളി. അമ്മയ്ക്കുള്ള സമ്മാനം മകന്‍ ബാങ്ക് അക്കൗണ്ട് വഴി നല്‍കിയതിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്താണ് ആദായ നികുതി വകുപ്പ് ട്രിബ്യൂണലിനെ സമീപിച്ചത്.

ഐടി നിയമം അനുസരിച്ച്, 50,000 രൂപയില്‍ കൂടുതലുള്ള സമ്മാനങ്ങള്‍ വിവാഹം പോലുള്ള ചടങ്ങുകളില്‍ ഒഴികെ സാധാരണയായി സ്വീകര്‍ത്താവിന്റെ കൈകളില്‍ 'മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം' എന്ന വകുപ്പിന് കീഴിലാണ് വരിക. ഇതിന് ബാധകമായ സ്ലാബ് നിരക്കില്‍ നികുതി ചുമത്താനും വകുപ്പുണ്ട്. എന്നാല്‍, അടുത്ത ബന്ധുക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ക്ക് സ്വീകര്‍ത്താവ് നികുതി നല്‍കേണ്ടതില്ല.

മകന്‍ അമ്മയ്ക്ക് നല്‍കിയ പണത്തില്‍ ഐടി ഓഫീസര്‍ അമ്മയ്ക്ക് ലഭിച്ച മൂന്ന് കോടി രൂപ ഐടി നിയമത്തിലെ സെക്ഷന്‍ 68 പ്രകാരം വിശദീകരിക്കാത്ത ക്യാഷ് ക്രെഡിറ്റായി കണക്കാക്കുകയും നികുതി ചുമത്താന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. വിശദീകരിക്കാനാകാത്ത ക്യാഷ് ക്രെഡിറ്റായി തരംതിരിച്ച തുകയുടെ 60 ശതമാനവും സെസ് ചാര്‍ജും നികുതിയായി ഈടാക്കാം. മകന്റെ ഹോംങ്കോങ്ങിലെ ഹെഡ്ജ് ഫണ്ട് എന്ന കമ്പനി ഇന്ത്യന്‍ വിപണിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് സെബി നേരത്തെ നിരോധിച്ചിരുന്നു.

കൂടാതെ, ഒരു ഇന്ത്യന്‍ കമ്പനിക്ക് അമ്മ നല്‍കിയ സുരക്ഷിതമല്ലാത്ത വായ്പയുടെ തുടര്‍ന്നുള്ള ഗ്രാന്റ്, ഇന്ത്യന്‍ സെക്യൂരിറ്റി മാര്‍ക്കറ്റില്‍ നിക്ഷേപിക്കാനുള്ള നീക്കമായിരുന്നു ഇരുവരും നടത്തിയതെന്നും ആരോപണമുണ്ട്.2010-11 ല്‍ സമ്മാനത്തുക ലഭിച്ചപ്പോള്‍ 2012-13ല്‍ ഈ തുക അവര്‍ മകന് തിരികെ നല്‍കി. ഐടി ഉദ്യോഗസ്ഥന്‍ പ്രാഥമികമായി ഗൂഗിള്‍ സെര്‍ച്ചില്‍ നിന്നും പ്രാദേശിക പത്ര റിപ്പോര്‍ട്ടുകളില്‍ നിന്നും ലഭിച്ച വിവരങ്ങളെ ആശ്രയിച്ചാണ് നടപടിയെടുത്തതെന്നും കൃത്യമായ അന്വേഷണം നടത്തിയില്ലെന്നും ട്രിബ്യൂണല്‍ നിരീക്ഷിച്ചു.