festival

തിരുവനന്തപുരം: കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം പതിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ സർക്കാർ, എയ്ഡഡ് , സ്വാശ്രയ മേഖലയിലുള്ള കോളേജ് വിദ്യാർഥിനികളെ പങ്കെടുപ്പിച്ചുകൊണ്ട് മാതൃകാ നിയമസഭ സംഘടിപ്പിച്ചു. ഗവൺമെന്റ് സെക്രട്ടേറിയറ്റിലെ പഴയ അസംബ്ലി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള 155 ഓളം വിദ്യാർഥിനികൾ പങ്കെടുത്തു. ബഹു. ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പുമന്ത്രി ഡോ.ആർ.ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. ബഹു.നിയമസഭാ സ്പീക്കർ ശ്രീ.എ.എൻ.ഷംസീർ അധ്യക്ഷനായിരുന്ന ചടങ്ങിൽ നിയമസഭാ സെക്രട്ടറി ഡോ.എൻ.കൃഷ്ണ കുമാർ സ്വാഗതം ആശംസിച്ചു. സ്‌പെഷ്യൽ സെക്രട്ടറി ശ്രീ.ഷാജി സി.ബേബി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. മുഴുവൻ അംഗങ്ങളും സ്ത്രീകളായിട്ടുള്ള
ഈ മോഡൽ അസംബ്ലി തികച്ചും മാതൃകാപരമാണ് എന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ അഭിപ്രായപ്പെട്ടു. സ്ത്രീകൾക്ക് തുല്യത വേണമെന്ന ആശയം ഉയർത്തിപ്പിടിക്കുന്ന പൊതുപ്രവർത്തകനാണ് താൻ എന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യയ്ക്ക് ആനുപാതികമായ സ്ത്രീപങ്കാളിത്തം നയരൂപീകരണ വേദികളിൽ ഇല്ലെന്നിരിക്കെ ഈ മാതൃകാ അസംബ്ലിയിൽ നൂറു ശതമാനവും സ്ത്രീകളാണെന്നത് സന്തോഷകരമാണ് എന്ന് ഉന്നത വിദ്യാഭ്യാസവും സാമൂഹ്യനീതിയും വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. കാലടി സംസ്‌കൃത സർവകലാശാലയിൽ കേരള ഇൻസ്റ്റിറ്റിയൂട്ട് ഫോർ ജെൻഡർ ഇക്വാളിറ്റി ആരംഭിക്കുമെന്നും എല്ലാ കലാലയങ്ങളിലും ജെൻഡർ പാർലമെന്റുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. ലിംഗനീതിയ്ക്കു വേണ്ടിയുള്ള ഗവേഷണപഠന പ്രവർത്തനങ്ങളിലും ഭാഗഭാക്കാകണമെന്ന് മാതൃകാ അസംബ്ലിയിൽ പങ്കാളികളായ വിദ്യാർത്ഥിനികളോട് മന്ത്രി പറയുകയുണ്ടായി.

മാർ ഇവാനിയോസ് കോളേജിലെ സ്‌നേഹ പോൾ സ്പീക്കറായും ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് , കുളത്തൂരിലെ ആദിത്യ എ.വി. മുഖ്യമന്ത്രിയായും സി.എസ്.ഐ. ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ലീഗൽ സ്റ്റഡീസ് പാറശ്ശാലയിലെ ഭാഗ്യ പി. സതീഷ് പ്രതിപക്ഷ നേതാവായും തിളങ്ങിയ പരിപാടി വിദ്യാർഥിനികളുടെ സജീവ പങ്കാളിത്തം കൊണ്ട് സവിശേഷ ശ്രദ്ധ ആകർഷിച്ചു.