
തിരുവനന്തപുരം:വർണക്കൂടാരം പദ്ധതിയിൽ അനുവദിച്ച 1108 പ്രീസ്‌കൂളുകളിൽ 848 എണ്ണം പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് എൽ പി സ്‌കൂളിൽ വർണക്കൂടാരം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 260 വർണക്കൂടാരങ്ങൾ നിർമ്മാണ ഘട്ടത്തിലാണ്. 2024-25 വർഷത്തേക്ക് അനുവദിച്ചിട്ടുള്ളത് 500 വർണക്കൂടാരങ്ങളാണ്.
ബാല്യകാല വിദ്യാഭ്യാസത്തിന്റെ വലിയ സ്വാധീനം തിരിച്ചറിഞ്ഞ്, നമ്മുടെ സംസ്ഥാനം വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സമഗ്രമായ പരിഷ്‌കരണത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഇത് പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം വരെ വ്യാപിച്ചുകിടക്കുന്നു. ചരിത്രത്തിലാദ്യമായി, പ്രീപ്രൈമറി വിദ്യാഭ്യാസത്തിനായി നമ്മൾ ഒരു പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിക്കുകയാണ്. ഈ ചട്ടക്കൂട്, പഠനത്തിന്റെ ഈ പ്രാരംഭ ഘട്ടത്തിന് അനുയോജ്യമായ പുതിയ പാഠപുസ്തകങ്ങൾക്കൊപ്പം, വരുന്ന അദ്ധ്യയന വർഷത്തിൽ അവതരിപ്പിക്കും.
അദ്ധ്യാപകരുടെ തുടർച്ചയായ പ്രൊഫഷണൽ വികസനത്തിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വർഷം തോറും പ്രീപ്രൈമറി അധ്യാപകർക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.