
ഇന്ന് നിരവധി അസുഖങ്ങള്‍ക്ക് സ്വയം ചികിത്സയും മരുന്നും വരെ മനുഷ്യര്‍ നിശ്ചയിക്കുന്നുണ്ട്. വൈദ്യലോകം ഇത്രയധികം ആധുനികവത്കരിക്കപ്പെട്ട ഈ കാലഘട്ടത്തില്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലാത്ത ശീലം. ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ലക്ഷണങ്ങള്‍ വെച്ച് രോഗം നിര്‍ണയിച്ച് സ്വയം ഡോക്ടറായിമാറുന്നവര്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന മരുന്നുകളില്‍ ഒന്നാണ് പാരസെറ്റാമോള്‍. പനി, ജലദോഷം തുടങ്ങിയ രോഗങ്ങള്‍ക്കും പിന്നെ വേദനസംഹാരിയായും ഒരു നിയന്ത്രണവും ഇല്ലാതെയാണ് പാരസെറ്റാമോള്‍ ഉപയോഗിക്കുന്നത്.
പാരസെറ്റമോളിന് പുതിയ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. എസ്ടിഎഡിഎയുടെ 2023ലെ റിപ്പോര്‍ട്ട് അനുസരിച്ച് പാരസെറ്റമോളിന്റെ ഉപയോഗത്തിന് നിയന്ത്രണവും മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. എന്നാല്‍ പാര്‍ശ്വഫലത്തെക്കുറിച്ച് ഒരു ബോധവുമില്ലാതെ ഈ മരുന്ന് ലോകമെമ്പാടുമുള്ളവര്‍ വലിച്ച് വാരി കഴിക്കുന്നുണ്ട്. പല യൂറോപ്യന്‍ രാജ്യങ്ങളിലും പാരസെറ്റമോളിന്റെ വില്‍പ്പനയിലും വന്‍ കുതിപ്പാണ് ഉണ്ടാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് യൂറോയുടെ വര്‍ദ്ധനവാണ് വില്‍പ്പനയില്‍ നിന്ന് ലഭിക്കുന്നത്. യൂറോപ്യന്‍ രാജ്യമായ ജര്‍മനിയില്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നത് അനുസരിച്ച് നാലില്‍ ഒരാള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും വേദനസംഹാരി കഴിക്കുന്നുണ്ട്. പാരസെറ്റമോളിന്റെ അമിത ഉപയോഗം അസിഡിഫിക്കേഷനിലേക്ക് നയിക്കാമെന്നും പഠനങ്ങള്‍ പറയുന്നു. ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡ്രഗ്‌സ് ആന്‍ഡ് മെഡിക്കല്‍ ഡിവൈസസ് വിദഗ്ധര്‍ ഇപ്പോള്‍ മെറ്റബോളിക് അസിഡോസിസ് ഒരു പുതിയ പാര്‍ശ്വഫലമായി കണ്ടെത്തിയതായി പറയുന്നു. ഇത് രക്തത്തിന്റെ ഹൈപ്പര്‍ അസിഡിഫിക്കേഷന് കാരണമാകുന്നു. വൃക്കരോഗം ഉള്ളവരെയാണ് ഇത് കൂടുതലായും ബാധിക്കുക.