
കന്നടയിൽനിന്ന് യാത്ര ആരംഭിക്കുമ്പോൾ മലയാള സിനിമയിൽ നായകനായി അഭിനയിക്കണമെന്ന് രാജ് ബി. ഷെട്ടി ആഗ്രഹിച്ചു.നവാഗതനായ ജിഷോ ലോൺ ആന്റണി സംവിധാനം ചെയ്യുന്ന രുധിരം  എന്ന മലയാള സിനിമയിൽ നായകനായി അഭിനയിക്കാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ്  രാജ് ബി.ഷെട്ടി. രുധിരം തിയേറ്ററിൽ എത്തിയ പശ്ചാത്തലത്തിൽ രാജ് ബി. ഷെട്ടി സംസാരിക്കുന്നു.
മലയാളത്തിലെ ആദ്യ നായക കഥാപാത്രത്തിന്റെ സവിശേഷത?
ഡോ. മാത്യു റോസി ഒരു സാധാരണ ഡോക്ടറാണ്. അയാളുടെ ജീവിതം ദുരൂഹത നിറഞ്ഞ ചില സംഭവ വികാസങ്ങളിലൂടെ കടന്നു പോകുന്നു. ഉള്ളിൽ നന്മയും തിന്മയും ഒരേപോലെയാണ്. എന്നാൽ കഥാപാത്രത്തിന് പൂർണമായും ഗ്രേ ഷെയ്ഡാണ്. എനിക്ക് ഗ്രേ ഷെയ്ഡ് കഥാപാത്രങ്ങൾ വളരെ ഇഷ്ടമാണ്. കഥാപാത്രത്തെപ്പറ്റി ജിഷോ പറഞ്ഞപ്പോൾ തന്നെ ആകർഷകമായി തോന്നി. അഭിനയിക്കാൻ ഏറെയുണ്ട്. മലയാളത്തിൽ നായകനായി അഭിനയിക്കാൻ അനുയോജ്യമായ കഥാപാത്രം.സൈക്കളോജിക്കൽ സർവൈവൽ ത്രില്ലർ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.
ദേശീയ പുരസ്കാരം ലഭിച്ച അപർണ ബാലമുരളിയോടൊപ്പം അഭിനയിച്ചപ്പോൾ എന്തു തോന്നി ?
രുധിരത്തിൽ അഭിനയിക്കാൻ തീരുമാനിച്ചതിന് ഒരു കാരണം അപർണ ബാലമുരളിയാണ്. പ്രതിഭാധനരായ അഭിനേതാക്കളുടെ സിനിമയുടെ ഭാഗമാകുമ്പോൾ സഹതാരങ്ങൾക്ക് ഒരു പ്രതീക്ഷ ലഭിക്കും. കാരണം, അവർ കൃത്യമായി വിലയിരുത്തിയ ശേഷം ആ സിനിമയുടെ ഭാഗമാകുന്നുവെന്ന തിരിച്ചറിവ് സഹതാരങ്ങൾക്ക് നൽകുന്ന ഊർജ്ജം വലുതാണ്. അപർണ നായികയാകുന്ന സിനിമയിൽ നായകനായി അഭിനയിക്കുന്നു എന്നത് വലിയ സന്തോഷം തരുന്ന കാര്യമാണ്.
ക്യാമറയ്ക്കു മുൻപിൽ അപർണ അത്ഭുതപ്പെടുത്തി. ആക്ഷൻ രംഗങ്ങളും ആക്ടിംഗും ശാരീരികമായ തയാറെടുപ്പും അപർണ ഒരേപോലെ ഏറ്റെടുത്തു. അത് ഞാൻ ആസ്വദിച്ചു. ക്യാമറയുടെ പിന്നിൽ ലാളിത്യം നിറഞ്ഞ പെരുമാറ്റത്തിന് ഉടമ .
നായകനാകുമ്പോൾ പ്രതിനായക ഇമേജ് ദോഷം ചെയ്യുമെന്ന് കരുതുന്നുണ്ടോ ?
ജീവിതത്തിൽ വില്ലനല്ല. അഭിനയത്തിലൂടെ വില്ലനാണെന്ന് പ്രേക്ഷകർക്ക് കാണിച്ചുകൊടുത്തു. അത് ഒരു അഭിനേതാവിന്റെ കടമയെന്ന് വിശ്വസിക്കുന്നു.
നായകവേഷത്തിൽ വരുമ്പോൾ വില്ലൻ ഇമേജ് ബാധിക്കുമെന്ന പേടിയൊന്നുമില്ല. വൈവിദ്ധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹം. അത്തരം കഥാപാത്രങ്ങൾ എനിക്ക് ലഭിക്കുന്നു. വില്ലൻ എന്ന് ഞാൻ തന്നെ പ്രേക്ഷകർക്ക് ബോദ്ധ്യപ്പെടുത്തി കൊടുത്തതാണ്. എന്നാൽ എന്റെ രൂപം കണ്ടാൽ ആർക്കും അങ്ങനെ തോന്നില്ല. നടൻ എന്ന നിലയിൽ ഉത്തരവാദിത്വം നിറവേറ്റുകയാണ് ചെയ്യുന്നത്.
കേരളത്തിലെ ആരാധകരുടെ സ്നേഹം അറിയാറുണ്ടോ ?
തീർച്ചയായിട്ടും. ഞാൻ വലിയ ഭാഗ്യവാനാണ്. ഒണ്ടു മോട്ടയ കഥേ, ഗരുഡ ഗമന ഋഷഭ വാഹന എന്നീ ചിത്രങ്ങൾ കേരളത്തിലും മികച്ച വിജയം നേടി. ആ സിനിമകളുടെ സംവിധായകനും ഞാനാണെന്ന് ഒട്ടുമിക്ക മലയാളിക്കും അറിയാം. മലയാളി പ്രേക്ഷകരുടെ സ്നേഹം അടുത്തറിയാറുണ്ട്. മറ്റൊരു ഭാഷയിലെ നടന് മലയാളികൾ നൽകുന്ന സ്നേഹത്തിലും ആദരവിലും അഭിമാനിക്കുന്നു. അതു കലയുടെ പ്രത്യേകതയാണ്. ഒരുപാട് മലയാള സിനിമകൾ കണ്ടിട്ടുണ്ട്. സിനിമയിലേക്ക് വരാൻ മലയാള ചിത്രങ്ങളും എന്നെ സ്വാധീനിച്ചിട്ടുണ്ട്. മലയാളത്തിലെ പല പ്രമുഖ നടന്മാരുടെയും ആരാധകനാണ് ഞാൻ. അവരെ സ്നേഹിക്കുന്നവർ എന്നെയും അംഗീകരിക്കുന്നു.ടർബോ, കൊണ്ടൽ എന്നീ ചിത്രങ്ങളിലൂടെ കൂടുതൽ പരിചിതനാകുകയും ചെയ്തു.
കന്നടയിൽ പുതിയ പ്രതീക്ഷകൾ ?
45 എന്ന സിനിമ പൂർത്തിയായി. ശിവരാജ് കുമാർ സാറും ഞാനും ഉപേന്ദ്രയുമാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധായകൻ അർജുൻ ജനന്യയുടെ ആദ്യ സിനിമ. എനിക്ക് വലിയ പ്രതീക്ഷ നൽകുന്ന സിനിമയാണ് 45.രക്കസപുരത്തോൾ എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ഞാൻ നിർമ്മിച്ച കോമഡി സിനിമ പൂർത്തിയായി.
മലയാളത്തിലേക്ക് ഇനി എപ്പോഴായിരിക്കും ?
അറിയില്ല. മലയാളത്തിൽ ഒരു സിനിമ നിർമ്മിക്കാൻ ആഗ്രഹമുണ്ട്.  തിരക്കഥ പൂർത്തിയായി. പുതിയ സംവിധായകനുമായി സഹകരിച്ച് മലയാളത്തിലും കന്നടയിലുമായി ചെയ്യാനാണ് ആഗ്രഹം. മലയാള സിനിമ നിർമ്മിക്കുമ്പോൾ ഉണ്ടാകുന്ന അനുഭവം അറിയണം. അതിനുവേണ്ട ശ്രമം നടത്തുന്നു. അടുത്തവർഷം നടക്കുമെന്ന് കരുതുന്നു.