
ഡമാസ്‌കസ്: ബാഷർ അൽ അസദ് സർക്കാരിനെ തന്ത്രപരമായി അട്ടിമറിച്ച് വിമതർ ഭരണം പിടിച്ചെടുത്ത സിറിയയിൽ നിന്നും 75ഓളം ഇന്ത്യക്കാരെ ഒഴിപ്പിച്ചു. ഇന്ത്യൻ പൗരൻമാർ സുരക്ഷിതമായി ലെബനൻ അതിർത്തി കടന്നെന്നും ഇവരെ സുരക്ഷിതമായി വിമാനമാർഗം ഇന്ത്യയിലേക്കെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം രാത്രി അറിയിച്ചു. സെയ്ദ സൈനബിൽ കുടുങ്ങിയ ജമ്മുകാശ്മീരിൽ നിന്നുളള 44 സൈറീനുകളും (തീർത്ഥാടകരും) ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
സിറിയയിൽ താമസിച്ചിരുന്ന ഇന്ത്യൻ പൗരൻമാരുടെ സുരക്ഷയുമായി ബന്ധപ്പെട്ടുളള അഭ്യർത്ഥനയെ തുടർന്നാണ് നടപടികൾ സ്വീകരിച്ചത്. ഡമാസ്‌കസിലെയും ബെയ്റൂട്ടിലെയും ഇന്ത്യൻ എംബസികളുടെ നേതൃത്വത്തിലാണ് പൗരൻമാരെ നാട്ടിലെത്തിക്കാനുളള ശ്രമം നടന്നതെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം, നിലവിൽ സിറിയയിൽ തുടരുന്ന ഇന്ത്യൻ പൗരൻമാരോട് +963 993385973 എന്ന ഹെൽപ്പ്‌ലൈൻ നമ്പർ വഴിയും hoc.damascus@mea.gov.in എന്ന ഈമെയിൽ ഐഡിയയിലൂടെയും ഡമാസ്‌കസ് എംബസിയുമായി ബന്ധപ്പെടാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
12 ദിവസത്തെ മിന്നൽ ആക്രമണത്തിനുശേഷമാണ് ഹയാത്ത് തഹ്‌റീർ അൽ ഷാം ഗ്രൂപ്പിന്റെ നേതൃത്വത്തിലെ വിമത സേന ഞായറാഴ്ച തലസ്ഥാനമായ ഡമാസ്‌കസ് പിടിച്ചെടുത്തത്. ഇത് അഞ്ച് പതിറ്റാണ്ട് നീണ്ടുനിന്ന അസദ് വംശത്തിന്റെ ക്രൂരമായ ഭരണത്തിന് അന്ത്യം കുറിക്കുന്ന തരത്തിലായിരുന്നു. വിമതർ പൂർണമായും കൊട്ടാരവും ഡമാസ്‌കസും പിടിച്ചെടുക്കുന്നതിന് മുൻപ് തന്നെ ബാഷർ അൽ അസദ് റഷ്യയിലേക്ക് പാലായനം ചെയ്‌തെന്നാണ് വിവരം.
സിറിയയിലെ തുടർഭരണവുമായി ബന്ധപ്പെട്ട് അമേരിക്ക വിമതസേനയെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ വിഷയത്തിൽ ജോ ബൈഡൻ ഭരണകൂടം നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുയായികളുമായി ചർച്ചകൾ നടത്തിയതായും അധികൃതർ വ്യക്തമാക്കി. നേരത്തെ തന്നെ സിറിയയുമായി ബന്ധപ്പെട്ട് വിഷയത്തിൽ ഇടപെടേണ്ടതില്ലെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.