-kim-yong-hyun

സോൾ: ദക്ഷിണ കൊറിയൻ മുൻ പ്രതിരോധ മന്ത്രി കിം യോംഗ് ഹ്യൂൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് തൊട്ടുമുൻപാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കിം യോംഗ് ഹ്യൂൻ തന്റെ മന്ത്രി സ്ഥാനം രാജിവച്ചത്. പട്ടാള നിയമം പ്രഖ്യാപിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തും ജനങ്ങളെ സേവിക്കുന്നതിൽ പരാജയപ്പെട്ടെന്നും കാട്ടിയായിരുന്നു രാജി.

ശേഷം ഞായറാഴ്ച മുതൽ കിം തടങ്കലിലായി. ചൊവ്വാഴ്ച ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്താൻ ഇരിക്കുന്ന സമയത്ത് സോളിലെ ഡോംഗ്ബു തടങ്കലിൽ വച്ച് കിം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കിം ടോയ്‌ലറ്റിൽ പോയപ്പോൾ തന്റെ അടിവസ്ത്രത്തിലെ ചരട് ഉപയോഗിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു. നിലവിൽ കിമ്മിന് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് വിവരം.

ഡിസംബർ മൂന്നിനാണ് പ്രസിഡന്റ് യൂൻ സുക് യോൾ രാജ്യത്ത് പട്ടാളഭരണം ഏർപ്പെടുത്തിയത്. പിന്നാലെ പ്രതിഷേധങ്ങൾ ഉയർന്നതിന് തുടർന്ന് അത് പിൻവലിച്ചു. ഈ സംഭവത്തിൽ അന്ന് പ്രതിരോധ മന്ത്രിയായിരുന്ന കിം യോംഗ് ഹ്യൂനെതിരെ അന്വേഷണം നടത്തിവരികയാണ്. അവകാശങ്ങളുടെ വിനിയോഗം തടസപ്പെടുത്തൽ, അധികാര ദുർവിനിയോഗം എന്നിവയാണ് കിമ്മിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ഇന്ന് ഒദ്യോഗികമായി കിമ്മിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.