supreme-court

ന്യൂഡൽഹി: വിവാഹ ബന്ധത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ നിയമം ദുരുപയോഗം ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. ഭ‌ർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ പരാതി നൽകുന്ന സ്ത്രീകൾ വ്യക്തിപരമായ പക വീട്ടാനുള്ള ഉപകരണമായി നിയമത്തെ കാണരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി.

ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഒരു യുവതി ഫയൽ ചെയ്ത കേസ് മാറ്റിവച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ബി വി നാഗരത്‌ന, എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നേരത്തെ തെലങ്കാന ഹൈക്കോടതി കേസ് തള്ളാൻ വിസമ്മതിച്ചിരുന്നു.

ഇന്ത്യൻ ഭരണഘടനയിൽ ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും ക്രൂരതകൾ ഏറ്റുവാങ്ങേണ്ടി വന്ന വിവാഹിതരായ സ്‌ത്രീകൾക്ക് സംരക്ഷണം നൽകുന്നുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് മൂന്നുവർഷംവരെ തടവുശിക്ഷ ലഭിക്കും.

വിവാഹമോചനം ആവശ്യപ്പെട്ട് യുവതിയുടെ ഭർത്താവ് ഹ‌ർജി നൽകിയതിന് പിന്നാലെ ഭ‌ർത്താവിന്റെ ക്രൂരതകൾ ചൂണ്ടിക്കാട്ടി ഇവർ കേസ് നൽകുകയായിരുന്നു. കൃത്യമായ തെളിവുകൾ ഇല്ലാതെ ഭർതൃവീട്ടുകാരുടെ പേരുകൾ ഉന്നയിക്കുന്നത് കുറ്റം ചുമത്താൻ പര്യാപ്തമല്ലെന്ന് വാദത്തിനിടെ കോടതി വ്യക്തമാക്കി. അടുത്തകാലത്തായി വിവാഹ ബന്ധത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകൾ വർദ്ധിക്കുകയാണ്. ഇതിനൊപ്പം തന്നെ ഭർത്താവിനും കുടുംബത്തിനുമെതിരായ പക വീട്ടാൻ നിയമത്തെ ദുരുപയോഗം ചെയ്യാനുള്ള പ്രവണതയും വർദ്ധിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. കേസ് തള്ളാതിരുന്നത് തെലങ്കാന ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ വലിയ തെറ്റാണ്. വ്യക്തിപരമായ പക വീട്ടാനുള്ള ഗൂഢലക്ഷ്യത്തോടെയാണ് യുവതി കേസ് ഫയൽ ചെയ്തതെന്നും കോടതി വ്യക്തമാക്കി.