
അന്തരീക്ഷ ശുദ്ധീകരണത്തിന്റെ കാവലാളാകാനാണ് ലോകം മത്സരിക്കുന്നത്. മണ്ണും വിണ്ണും അനുനിമിഷം നശീകരിക്കപ്പെടുന്ന പരിസ്ഥിതി മലിനീകരണത്തിന്റെ പേരിലാണ് നൂറോളം നൂലാമാലകളിൽ കുരുങ്ങി വ്യവസായങ്ങൾക്കുള്ള അനുമതി നിഷേധിക്കുന്നത്.
വ്യവസായം ഇല്ലെങ്കിൽ ലോകത്തിന് പുരോഗതി ഉണ്ടാകില്ല. പരിഷ്കൃത സമൂഹത്തിൽ വ്യവസായങ്ങളിലൂടെ മാത്രമേ ലോകത്തിന് വളരാൻ കഴിയൂ. വ്യവസായം വളരാനുള്ള പരിസ്ഥിതി സംരക്ഷണ മാർഗ്ഗങ്ങളിൽ ഒന്നാണ് മിയാവാക്കി വനങ്ങൾ.ഒരു സെന്റ് മുതൽ മിയാവാക്കി വനങ്ങൾ വളർത്താൻ കഴിയുമെന്നതാണ് നേട്ടം
സ്വന്തം പുരയിടങ്ങളിൽ പരീക്ഷണത്തിനായ് മിയാവാക്കി വനങ്ങൾ നട്ടു വളർത്തുകയാണ് ഐ എസ് ആർ ഒയിൽ നിന്ന് ഇലക്ട്രിക്കൽ അസിസ്റ്റന്റ് എഞ്ചിനീയറായി വിരമിച്ച കിളിമാനൂർ അജിത്.പുല്ല് പോലും മുളയ്ക്കാത്ത പാറകളിലും രണ്ട് മീറ്റർ പൊക്കത്തിലിട്ട മണ്ണിൽ മിയാവാക്കി വനങ്ങൾ വളരാനായി വളവും വെള്ളവും കൊടുക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ പോങ്ങനാട് സ്വദേശിയായ അജിത്.
ജപ്പാനിലെ സസ്യ ശാസ്ത്രജ്ഞനായ അകിരോ മിയാവാക്കിയുടെ സമ്മാനമാണ് മിയാവാക്കി വന സങ്കല്പം. മിയാവാക്കിയും ഭാരതത്തിലെ വൃക്ഷായുർവേദവും സമന്വയിപ്പിച്ച് ലളിതമാക്കിയതാണ് അജിത്തിന്റെ മിയാവാക്കി വനങ്ങൾ.
ഒരു മരത്തിന് ചുറ്റും വ്യത്യസ്തമായ നാലിനം മരങ്ങളാണ് നട്ട് പിടിപ്പിക്കുന്നത്.അങ്ങനെ അഞ്ചും അഞ്ചിനം മരങ്ങളായാണ് വളരുന്നത്.ഓരോ മരത്തിനും അവരുടെ വർഗ്ഗത്തിൽ പെട്ട മരങ്ങളുടെ വളർച്ചയും തളർച്ചയും അറിഞ്ഞ് വളരാൻ കഴിയുമെന്നാണ് വൃക്ഷായുർവേദം പറയുന്നത്.ഒരേ മരങ്ങളാണ് അടുത്തടുത്ത് നടുന്നതെങ്കിൽ വളർച്ച മത്സരമില്ലാതെ മുരടിക്കും.
വ്യത്യസ്ത മരങ്ങളാകുമ്പോൾ അടുത്ത മരത്തിന്റെ വളർച്ചയെ പേടിച്ച് സൂര്യപ്രകാശത്തിനായ് മത്സരിച്ച് വളർന്നു കൊണ്ടേയിരിക്കും.അതുകൊണ്ടാണ് വനത്തിലെ മരങ്ങൾ വണ്ണമുള്ളതും പൊക്കമുള്ളതുമായി മാറുന്നതെന്ന് വൃക്ഷായുർവേദത്തിൽ പറയുന്നത്.അജിത്തിന്റെ മിയാവാക്കി വനത്തിൽ 150 ഇനം മരങ്ങളാണ് വളർത്തുന്നത്.എഴുന്നൂറോളം ഇനങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അജിത്.
മിയാവാക്കി വനത്തിലെ മരങ്ങൾ വലുതാകുമ്പോൾ സ്വാഭാവികമായി താഴെ തായ്ത്തടിയുടെ ഭാഗത്ത് ഇലകൾ ഉണ്ടാകില്ല.അതിന് പരിഹാരമായി താഴേ തട്ട് മുതൽ ഇലകൾ വളരുന്ന മുളകൾ കൂടി ഇടയ്ക്കിടക്ക് നട്ടു വളർത്തിയാൽ മിയാവാക്കി വനങ്ങളുടെ അതിരുകൾ മതിലുപോലെയായി മാറും.എത്ര വലിയ ഫാക്ടറിയായാലും ശബ്ദവും പൊടിയും മിയാവാക്കി വനത്തിന് പുറത്തേക്ക് പോകില്ല.എത്ര വലിയ കാറ്റടിച്ചാലും മരങ്ങൾ പരസ്പരം താങ്ങായി നിൽക്കും.കൂടാതെ അടുത്തടുത്ത് വളരുന്ന പല തരം മരങ്ങളുടെ വേരുകൾ കൂടി പിണഞ്ഞു കിടക്കുന്നതിനാൽ കടപുഴുകി വീഴുകയുമില്ല.ഒരു മരത്തിലെ കീടങ്ങൾ മറ്റൊരിനം മരത്തിൽ ഉണ്ടാകില്ല.മിയാവാക്കി വനത്തിൽ വ്യത്യസ്ത തരത്തിലുള്ള മരങ്ങൾ അടുത്തടുത്ത് ഉള്ളതിനാൽ കീടങ്ങൾ വരാറില്ല എന്ന പ്രത്യേകതയുമുണ്ട്.കടൽക്കരയിലും മിയാവാക്കിയിലൂടെ കാടുകൾ സൃഷ്ടിക്കാവുന്നതാണ്. ഒരേ സമയം പ്രകൃതിയെ സംരക്ഷിക്കാനും വ്യവസായത്തിലൂടെ ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം തടയാനും മിയാവാക്കി വനങ്ങൾക്ക് കഴിയും.
ക്ഷേത്ര വനങ്ങൾ
അമ്പല പറമ്പുകളിൽ മിയാവാക്കി ഫ്രൂട്ട് ഫോറസ്റ്റ് എന്ന ആശയം ആദ്യമായി നടപ്പിലാക്കിയതും കിളിമാനൂർ അജിത്താണ്. മിയാവാക്കി ഫ്രൂട്ട് ഫോറസ്റ്റിലൂടെ അമ്പലത്തിന് വനത്തിന്റെ സൗന്ദര്യവും ഫലവർഗ്ഗങ്ങളുടെ ധാരാളിത്തവും കിട്ടുന്നതോടൊപ്പം മീനമാസത്തിലെ ഉച്ച സൂര്യൻ ഉരുകിയൊലിച്ചാലും ഭക്തർക്ക് തണുപ്പിന്റെ തലോടൽ അനുഭവിക്കാനാകും.ജന്മ നക്ഷത്ര മരങ്ങൾ ഉൾപ്പെടുത്തിയുള്ള മിയാവാക്കി വനങ്ങൾ ക്ഷേത്രങ്ങളിലെ നാഗർ പ്രതിഷ്ഠയുടെ ചുറ്റും വളർത്തിയാൽ അഞ്ച് വർഷം കൊണ്ട് അമ്പതടി പൊക്കമുള്ള നാഗര് കാവ് സൃഷ്ടിക്കാം.പ്രാർത്ഥനയും പരിസ്ഥിതിയും സമരസപ്പെടുത്തി കൊണ്ട് കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും നാഗര് കാവുകൾ വന്നാൽ കാലാവസ്ഥാ വ്യതിയാനത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഒറ്റമൂലിയാകും. ഐ എസ് ആർ ഒയിൽ 25 സെന്റ് ഭൂമിയിൽ 700 കറി വേപ്പില മരങ്ങൾ വെച്ചു പിടിപ്പിച്ച് വേപ്പില വനം സൃഷ്ടിച്ച ചരിത്രവും കിളിമാനൂർ അജിത്തിന് മാത്രം സ്വന്തമാണ്.ഐ എസ് ആർ ഒയിലെ മൂന്ന് ക്യാന്റീനിലും അജിത്തിന്റെ സ്വന്തം കാശിന് വളർത്തിയ കറിവേപ്പിലയാണ് ഉപയോഗിക്കുന്നത്.ഐ എസ് ആർ ഒയിലെ 2 ഡെപ്യൂട്ടി ഡയറക്ടർമാരാണ് കറിവേപ്പില വനം ഉത്ഘാടനം ചെയ്തത്.
മഴയെ സ്നേഹിച്ച്
വെള്ളപ്പൊക്കത്തെ തടയാം
മേട ചൂടിൽ ഉരുകിയൊലിക്കുന്ന മലയാളിയുടെ പ്രാർത്ഥനയുടെ ഫലമാണ് ഇടവപ്പാതി. രണ്ട് ദിവസം മഴ പെയ്താൽ അത് ദുരിത പെയ്ത്തായി മാറും.അതിവേഗ മഴയിൽ നഗരങ്ങൾ വെള്ളത്തിനടിലാകുന്നത് നിത്യകാഴ്ചയും നിത്യവാർത്തയുമാണ്.ഇതിന് സർക്കാരിനെ മാത്രം പഴിച്ചിട്ട് കാര്യമില്ല.പഞ്ചായത്ത് മുതൽ പാർലമെന്റ് വരെയുള്ളവർ ഏക മനസോടെ പരിശ്രമിച്ചാലേ ഇതിന് പരിഹാരം കാണാൻ പറ്റൂ.സർക്കാരിനൊപ്പം ജനങ്ങളും സഹകരിക്കണം. മഴക്കുഴികളേയും മഴക്കിണറുകളേയും മാത്രമല്ല അവ നിർമ്മിക്കുന്ന മണ്ണിനേയും പുനരുപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള പദ്ധതികളാണ് കിളിമാനൂർ അജിത്തിന്റെ മറ്റൊരു നേട്ടം.കിളിമാനൂർ അജിത് തന്റെ കൈയിലുള്ള ആശയങ്ങളുമായി സർക്കാർ സംവിധാനങ്ങളെ സമീപിച്ചെങ്കിലും ആരും വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തിയില്ല.ഒരു മുണ്ട് കൊണ്ട് പോലും മഴയെ സ്നേഹിച്ച് മഴവെള്ളത്തെ സംഭരിച്ച് സംരക്ഷിച്ച് ഉപയോഗിക്കാമെന്നാണ് കിളിമാനൂർ അജിത് പറയുന്നത് മിന്നൽ മഴയിലുണ്ടാകുന്ന നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാമെന്ന് മാത്രമല്ല വേനൽക്കാലത്ത് ജലസമൃദ്ധി നിലനിർത്താനും കിളിമാനൂർ അജിത്തിന്റെ ആശയങ്ങൾക്ക് കഴിയും.ഏത് വേനൽക്കാലത്തും സർക്കാരിന്റെ കുടിവെള്ള വണ്ടി വരുന്നത് കാത്തു നിൽക്കാതെ ജനങ്ങൾക്ക് ജല ദൗർലഭ്യം പരിഹരിക്കാം.മൊട്ടക്കുന്നുകളിലും പാറകളിലും പെയ്യുന്ന മഴവെള്ളം വരെ ശേഖരിച്ച് ഉപയോഗിക്കാൻ സാധിക്കുന്നതിനാൽ എല്ലാ ഭൂപ്രകൃതിയിലും പ്രാവർത്തികമാക്കാം.
തിരുവനന്തപുരം നഗരത്തിലെ സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സർക്കാർ കെട്ടിടങ്ങളുടെ മുകളിൽ പെയ്യുന്ന മഴവെള്ളം കൊണ്ട് തിരുവനന്തപുരം സിറ്റിയിലെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പറ്റും.മഴ മേഘങ്ങളിൽ നിന്ന് നേരിട്ട് കിട്ടുന്ന മഴവെള്ളമാണ് ഏറ്റവും വൃത്തിയുള്ളത്. കുടിക്കാനും കുളിക്കാനുമുള്ള വെള്ളത്തിന്റെ ആവശ്യത്തെ രണ്ടായി തിരിക്കണം.ആ ആവശ്യത്തെ അടിസ്ഥാനമാക്കിയാണ് വെള്ളത്തെ ശേഖരിക്കേണ്ടതും ഉപയോഗിക്കേണ്ടതും. വളരെ ലളിതമായ പദ്ധതിയിലൂടെ തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാമെന്നാണ് കിളിമാനൂർ അജിത് പറയുന്നത്.തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്ന പദ്ധതി വിജയിച്ചാൽ ഇന്ത്യയിൽ എവിടെ വേണമെങ്കിലും നടപ്പിലാക്കാവുന്നതാണ്. മേയർമാരുമായും തദ്ദേശവകുപ്പ് മന്ത്രി രാജേഷുമായും ജല വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനുമായും നേരിട്ട് പദ്ധതികൾ വിശദീകരിക്കണമെന്നാണ് കിളിമാനൂർ അജിത് ആഗ്രഹിക്കുന്നത്.
കഥ വായിച്ചാലും സിനിമ കണ്ടാലും വാർത്ത കേട്ടാലും യാത്ര ചെയ്താലും അതിലെ ആശയത്തിൽ നിന്ന് വ്യത്യസ്തമായി എന്ത് കണ്ടു പിടിക്കാമെന്നാണ് കിളിമാനൂർ അജിത് ആലോചിക്കുന്നത്. കിളിമാനൂർ അജിത്ത് ആയിരം പ്ലാവും അഞ്ഞൂറ് മാവും വ്യാവസായികമായി കൃഷി ചെയ്യുന്നുണ്ട്.
ഈ കൃഷികൾ റബ്ബറിനേക്കാൾ ലാഭകരമാണെന്ന് മാത്രമല്ല ഭൂമിയിലെ മണ്ണ് ജൈവ വളമുള്ളതായി മാറുകയും ചെയ്യും.മൂന്നാമത്തെ വർഷം പ്ലാവുകൾ ചക്ക തന്നു തുടങ്ങും.പ്ലാവില ധാരാളമായി കിട്ടുന്നതു കൊണ്ട് ആടുകളേയും വളർത്താവുന്നതാണ്. കിളിമാനൂർ അജിയുടെ തോട്ടത്തിൽ ചക്കയും മാങ്ങയും മാത്രമല്ല തെങ്ങും സകല പച്ചക്കറികളും സമൃദ്ധമായി വളരുന്നുണ്ട്.
നഗരങ്ങളിൽ കുന്നു കൂടി കിടക്കുന്ന കരിക്കിൻ തൊണ്ടുകളാണ് അജി ജൈവ വളമാക്കി മാറ്റുന്നത്.അജിയുടെ ആശയത്തിലുള്ള ജൈവവളം നിർമ്മിക്കുന്നതിലൂടെ നഗരവും വൃത്തിയാകുന്നു. വേറിട്ട ചിന്തകളിലൂടെ കൃഷി മേഖലയിലെ പതിവ് രീതികൾക്ക് മാറ്റം വരുത്താനാണ് കിളിമാനൂർ അജിത് ആഗ്രഹിക്കുന്നത്.