
നര മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേരുണ്ട്. മാർക്കറ്റിൽ കിട്ടുന്ന ഹെയർ ഡൈ ഉപയോഗിച്ച് മടുത്തവരുമേറെയാണ്. മാർക്കറ്റിൽ കിട്ടുന്ന ഡൈയിൽ കെമിക്കലുകൾ അടങ്ങിയിട്ടുണ്ടാകുമോ? ഇത് പാർശ്വഫലങ്ങൾക്ക് കാരണമാകുമോ തുടങ്ങി നിരവധി ആശങ്കകൾ മൂലമായിരിക്കാം മാറി ചിന്തിക്കാൻ പലരെയും പ്രേരിപ്പിക്കുന്നത്. എന്നാൽ യാതൊരു കെമിക്കലുകളും ഉപയോഗിക്കാതെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുതന്നെ നരയെ കറുപ്പിക്കാൻ സാധിക്കും.
ആവശ്യമായ സാധനങ്ങൾ
തേയിലപ്പൊടി
പനിക്കൂർക്ക
വെള്ളം
നെല്ലിക്കാപ്പൊടി
ഹെന്ന പൗഡർ
തയ്യാറാക്കുന്ന വിധം
വെള്ളത്തിൽ തേയില പൊടിയിട്ട് നന്നായി തിളപ്പിക്കുക. നന്നായി തിളപ്പിച്ച ശേഷം ചൂടാറാനായി മാറ്റിവയ്ക്കുക. ഈ സമയം, മിക്സിയുടെ ജാറെടുത്ത് പനിക്കൂർക്കയുടെ പത്ത് - പതിനഞ്ച് ഇല ചെറിയ കഷ്ണങ്ങളായി മുറിച്ച് ഇട്ടുകൊടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ നെല്ലിക്കാപ്പൊടി, ഹെന്ന പൗഡർ എന്നിവ ചേർത്തുകൊടുക്കാം. ഗുണമേന്മയുള്ള പൊടികൾ വേണം ഉപയോഗിക്കാൻ. ശേഷം തേയില വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക.
പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ഇരുമ്പിന്റെ ചീനച്ചെട്ടിയിൽ സൂക്ഷിക്കുക. എട്ട് മണിക്കൂറെങ്കിലും അടച്ചുവയ്‌ക്കണം. ശേഷം തുറന്നുനോക്കുമ്പോൾ നല്ല കറുപ്പ് നിറമായിക്കാണും. ഇനി എണ്ണമയം ഒട്ടുമില്ലാത്ത മുടിയിലേക്ക് തേച്ചുകൊടുക്കാം. രണ്ട് മണിക്കൂറിന് ശേഷം കഴുകിക്കളയാം. ചെമ്പരത്തി താളി ഉപയോഗിച്ച് കഴുകുന്നതായിരിക്കും നല്ലത്. ആദ്യം ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഇങ്ങനെ ചെയ്യണം. പിന്നെ ആഴ്ചയിൽ ഒരു തവണ മതി.