police

ന്യൂഡൽഹി: നടനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചതിനുശേഷം ലക്ഷങ്ങൾ കവ‌ർന്നു. 'ഹം ഹേ രഹി പ്യാർ കെ', 'വെൽകം' തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ മുഷ്‌താഖ് ഖാൻ എന്ന നടനെയാണ് തട്ടിക്കൊണ്ടുപോയി 12 മണിക്കൂറോളം ഉപദ്രവിച്ചതിനുശേഷം 2 ലക്ഷം രൂപ കവ‌ർന്നത്. ഉത്തർപ്രദേശിലെ മീററ്റിൽ നവംബർ 20ന് നടന്ന സംഭവത്തിൽ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.

നടന്റെ പരാതിയിൽ പറയുന്നതിങ്ങനെ: നവംബ‌ർ 15ന് മുംബയിലെ വസതിയിലായിരിക്കെ രാഹുൽ സെയിനി എന്നയാളിൽ നിന്ന് മുഷ്‌താഖ് ഖാന് ഒരു ഫോൺ കോൾ ലഭിക്കുന്നു. മീററ്റിൽ നടക്കുന്ന ഒരു പരിപാടിയിൽ പങ്കെടുക്കാൻ നടനെ ക്ഷണിക്കുന്നു. സാധാരണ ഇത്തരം പരിപാടികൾക്ക് ക്ഷണം ലഭിക്കാറുള്ളതിനാൽ അസ്വാഭാവികമായി ഒന്നും തോന്നിയില്ല.

പരിപാടിയിൽ പങ്കെടുക്കുന്നതിന് പ്രതിഫലം നൽകുമെന്ന് അറിയിച്ച സെയിനി ഓൺലൈൻ പേയ്‌മെന്റിലൂടെ 25,000 രൂപ നടന് അയച്ചുനൽകി. ബാക്കി തുക പിന്നീട് നൽകാമെന്നും അറിയിച്ചു. മുംബയിൽ നിന്ന് ഡൽഹിയിലെത്താൻ വിമാന ടിക്കറ്റും നടന് അയച്ചുകൊടുത്തു. നവംബർ 20ന് ഡൽഹിയിലെത്തിയ ഖാൻ സെയിനി അയച്ച കാറിൽ കയറി യാത്ര ചെയ്തു. ഇതിനിടെ നടനെ മറ്റൊരു കാറിലേയ്ക്ക് മാറ്റുകയും യാത്രക്കിടെ രണ്ടുപേർ കാറിൽ കയറുകയും ചെയ്തു. പിന്നീട് മറ്റുരണ്ടുപേർ കൂടി കാറിൽ കയറി. അപകടം മണത്ത ഖാൻ പ്രതിഷേധിച്ചെങ്കിലും ഫലം കണ്ടില്ല.

തുടർന്ന് നടനെ ഒരു വീട്ടിൽ എത്തിക്കുകയും ഇവിടെവച്ച് 12 മണിക്കൂറോളം ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. നടന്റെ വീട്ടുകാരെ ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപ കൈവശപ്പെടുത്തി. തട്ടിപ്പുസംഘം മദ്യപിച്ച് ബോധരഹിതരായ തക്കത്തിൽ നടൻ അവിടെനിന്ന് രക്ഷപ്പെടുകയും സമീപത്തെ പള്ളിയിലെത്തി സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു. തുടർന്നാണ് വീട്ടുകാരെ ബന്ധപ്പെട്ട് നാട്ടിലെത്തിയത്. കുറ്റക്കാർക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്ന് നടൻ പരാതിയിൽ ആവശ്യപ്പെടുന്നു.