
മിക്ക ഇന്ത്യക്കാരുടെ സ്വപ്ന നഗരമാണ് ദുബായ്. ഒരിക്കലെങ്കിലും അവിടെ സന്ദർശിക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ കാണില്ല. എന്നാൽ യുണെെറ്റഡ് അറബ് എമിറേറ്റ്സ് നടപ്പാക്കിയ കർശന നടപടികൾ കാരണം ഇന്ത്യക്കാരുടെ പല ടൂറിസ്റ്റ് വിസകളും ഇപ്പോൾ നിരസിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. പുതിയ മാനദണ്ഡങ്ങൾ പ്രകാരം വിനോദ സഞ്ചാരികൾ അവരുടെ ഹോട്ടൽ ബുക്കിംഗ് വിശദാംശങ്ങൾ, റിട്ടേൺ ടിക്കറ്റുകൾ, ബന്ധുക്കൾക്കൊപ്പമാണ് താമസിക്കുന്നതെങ്കിൽ അതിന്റെ തെളിവുകൾ എന്നിവ ഹാജരാക്കണം.
നേരത്തെ ദുബായിലേക്കുള്ള ടൂറിസ്റ്റ് വിസ 99 ശതമാനവും അംഗീകരിക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ അവസ്ഥ അതല്ല. പ്രതിദിനം വരുന്ന 100 അപേക്ഷകളിൽ നിന്ന് കുറഞ്ഞത് 5-6 ശതമാനം വിസകളെങ്കിലും നിരസിക്കപ്പെടുന്നുണ്ട്. ശരാശരി ഫ്ലെെറ്റ്, താമസം എന്നിവ ഉൾപ്പെടെ ഒരാഴ്ച ദുബായ് യാത്രയ്ക്ക് കുറഞ്ഞത് 70,000 മുതൽ 3,00,000 രൂപ വരെയോ അതിൽ കൂടുതലോ ചെലവാകും. ഒരു പക്ഷേ ദുബായ് വിസ നിങ്ങൾക്ക് നിരസിക്കപ്പെട്ടാൽ അതേ ചെലവിൽ പോയി വരാൻ കഴിയുന്ന വേറെയും ചില രാജ്യങ്ങളുണ്ട്. രണ്ട് ലക്ഷം രൂപയുടെ അകത്ത് ഇവിടെ സന്ദർശനം നടത്താൻ കഴിയും.

അതിൽ ഒന്നാമത് ഉള്ളത് തായ്‌ലൻഡാണ്. ഈ രാജ്യത്ത് അടുത്തിടെ ഇന്ത്യൻ പൗരന്മാർക്ക് വിസ രഹിത പ്രവേശനം അനുവദിച്ചിരുന്നു. സന്ദർശകർക്ക് വിസയില്ലാതെ 60 ദിവസം വരെ തായ്‌ലൻഡിൽ താമസിക്കാനും അനുവാദമുണ്ട്. ദുബായ് വിസ റദ്ദായാൽ നിങ്ങൾക്ക് പോകാൻ പറ്റിയ ഒരു കിടിലൻ രാജ്യമാണിത്. കടലും ഭക്ഷണവും രാത്രി കാഴ്ചങ്ങളുമെല്ലാം ഇവിടത്തെ പ്രത്യേകതകളാണ്. ഒരു ലക്ഷം രൂപ വരെ ഇതിന് ചെലവ് വരികയുള്ളുവെന്നാണ് വിവരം.

അടുത്തത് ബാലിയാണ്. ദിവസവും നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ജാവയ്ക്കും ലോംബോക്കിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ബാലി പ്രകൃതി സൗന്ദര്യത്താൽ സമ്പന്നമാണ്. അവിടത്തെ സാംസ്കാരിക പെെതൃകം, മനോഹരമായ ബീച്ചുകൾ, തടാകങ്ങൾ തുടങ്ങിയവ പ്രധാന ആകർഷണങ്ങളാണ്.

വിയറ്റ്‌നാമാണ് അടുത്തത്. അടുത്തിടെയായി ഇന്ത്യൻ വിനോദ സഞ്ചാരികളുടെ ഇടയിലും ഏറെ ശ്രദ്ധേയമാണ് വിയറ്റ്നാം. മികച്ച കോഫികൾ ഇവിടത്തെ ഒരു പ്രത്യേകതയാണ്. കൂടാതെ പ്രകൃതി ഭംഗി, സാംസ്കാരിക പെെതൃകം, മനോഹരമായ ഗ്രാമങ്ങൾ, ഗുഹകൾ, പർവതകൾ എന്നിവയും ഇവിടേയ്ക്ക് വിനോദ സഞ്ചാരികളെ കൂടുതൽ ആകർഷിപ്പിക്കുന്ന കാര്യങ്ങളാണ്. നിരവധി മ്യൂസിയങ്ങളും ഇവിടെയുണ്ട്.

ഇന്ത്യക്കാർക്ക് ടൂറിസ്റ്റ് വിസ വളരെ എളുപ്പം കിട്ടുന്ന രാജ്യമാണ് ഭൂട്ടാൻ. വെെവിധ്യമാർന്ന വന്യജീവികൾക്കും അതിശയകരമായ പ്രകൃതി സൗന്ദര്യത്തിനും പേര് കേട്ട രാജ്യമാണ് ഭൂട്ടാൻ. കൊട്ടാരം, മ്യൂസിയം, ബുദ്ധ ഡോർഡെർമ എന്നിവ ഇവിടത്തെ പ്രധാന ആകർഷണങ്ങളാണ്.

ആനകൾ, ബീച്ചുകൾ, കുറഞ്ഞ ചെവല്, പ്രശസ്തമായ ചായ എന്നിവ ശ്രീലങ്കയുടെ പ്രത്യേകതയാണ്. സിഗിരിയ റോക്ക്, നാഷണൽ മ്യൂസിയം, ഡച്ച് ഫോർട്ട്, ഗാൽ വിഹാര, ഗണ്ഡുവ ദ്വീപ്, ഉദ വാലാവെ നാഷണൽ പാർക്ക്, കുമന നാഷണൽ പാർക്ക്, പേട്ട ഫ്ലോട്ടിംഗ് മാർക്കറ്റ് എന്നിവ തീർച്ചയായും സന്ദർശിക്കേണ്ട ഇവിടത്തെ ചില സ്ഥലങ്ങളാണ്.