alvin

കോഴിക്കോട്: റീൽസ് ചിത്രീകരണത്തിനിടയിൽ ബീച്ച് റോഡിൽ 20കാരൻ കാറിടിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അന്വേഷണ ഉദ്യോഗസ്ഥർ തന്നെയാണ് വിവരങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ബെൻസും ഡിഫൻഡറും തമ്മിൽ ചേസിംഗ് നടത്തുന്നത് ഫോണിൽ പകർത്തുന്നതിനിടയിലാണ് ആൽവിന് അപകടം സംഭവിച്ചത്. ഡിഫൻഡർ ഇടിച്ചാണ് യുവാവിന് അപകടം സംഭവിച്ചതെന്നാണ് രണ്ട് വാഹനങ്ങളുടെയും ഡ്രൈവർമാർ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ നിന്ന് കൂടുതൽ വിവരങ്ങൾ കണ്ടെത്തുകയായിരുന്നുവെന്ന് സിഐ വ്യക്തമാക്കി.

'ആരാണ് വാഹനം ഓടിച്ചതെന്നും എത് വാഹനമാണ് ഇടിച്ചതെന്നുമുളള കാര്യത്തിൽ വ്യക്തത വന്നിട്ടുണ്ട്. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് രണ്ട് വാഹനങ്ങളുടെ ഡ്രൈവർമാരും ആൽവിനും സംഭവസ്ഥലത്തെത്തിയത്. റോഡിൽ തനിക്കുനേരെ വാഹനം വന്നപ്പോൾ യുവാവിന് കൃത്യസമയത്ത് മാറിപോകാൻ സാധിക്കാതെ വന്നതോടെയാണ് അപകടം സംഭവിച്ചത്. വാഹനങ്ങളെയും ഡ്രൈവർമാരെയും ഇന്നലെ തന്നെ കസ്​റ്റഡിയിൽ എടുത്തിരുന്നു. ഏത് വാഹമിടിച്ചാണ് യുവാവ് മരിച്ചതെന്ന സംശയം ഉണ്ടായിരുന്നു. ഡിഫൻഡറിടിച്ചാണ് അപകടം സംഭവിച്ചതെന്ന് ആദ്യം പറഞ്ഞതെങ്കിലും പിന്നാലെ ബെൻസിടിച്ചാണ് ആൽവിൻ മരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.

തെലങ്കാന രജിസ്‌ട്രേഷനിലുളള ബെൻസിന് ഇൻഷുറൻസ് ഇല്ലായിരുന്നു. അതുകൊണ്ടാണ് ഡിഫൻഡർ ഇടിച്ചതാണെന്ന് ഡ്രൈവർമാർ പറഞ്ഞത്.സ്ഥാപനത്തിന്റെ ഉടമ സാബത്ത് റഹ്മാനാണ് ബെൻസ് ഓടിച്ചത്. ഷൂട്ട് ചെയ്ത ഫോണും കണ്ടെത്തി. അതിൽ നിന്നും അപകടത്തിന്റെ ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. ഡ്രൈവർമാർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. ഇതിനോടൊപ്പം ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഓടിച്ചതിനും കേസെടുക്കും. കൂടുതൽ വിവരങ്ങൾക്കായി തെലങ്കാന പൊലീസുമായി ബന്ധപ്പെടും'-സിഐ പറഞ്ഞു.

നിലവിൽ കാറോടിച്ചിരുന്ന സാബിത്തും ഇടശേരി സ്വദേശി മുഹമ്മദ് റബീസും പൊലീസ് കസ്റ്റഡിയിലാണ്. കൂടുതൽ വിവരങ്ങൾ സ്ഥീരികരിച്ചതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.