
യുവേഫ ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ ആറാം ജയം നേടി ലിവർപൂൾ
നിർണായക മത്സരത്തിൽ അറ്റലാന്റയെ 3-2ന് കീഴടക്കി റയൽ മാഡ്രിഡ്
മാഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ പ്രാഥമിക റൗണ്ടിലെ ആറാം മത്സരത്തിലും വിജയിച്ച് ഇംഗ്ളീഷ് ക്ളബ് ലിവർപൂൾ. മുൻചാമ്പ്യന്മാരായ ലിവർപൂൾ കഴിഞ്ഞരാത്രി സ്പാനിഷ് ക്ളബ് ജിറോണയെ എതിരില്ലാത്ത ഏകഗോളിനാണ് കീഴടക്കിയത്. ഗിറോണയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 63-ാം മിനിട്ടിൽ സൂപ്പർ താരം മുഹമ്മദ് സലാ പെനാൽറ്റിയിലൂടെ നേടിയ ഗോളിനായിരുന്നു ലിവറിന്റെ ജയം. ഇതോടെ 36 ടീമുകൾ മാറ്റുരയ്ക്കുന്ന പ്രാഥമിക ഘട്ടത്തിൽ ആറുമത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി ലിവർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഈ സീസണിൽ മറ്റൊരു ടീമിനും ഇതുവരെയുള്ള എല്ലാകളികളും ജയിക്കാൻ കഴിഞ്ഞിട്ടില്ല.
അതേസമയം ആദ്യ അഞ്ചുമത്സരങ്ങളിൽ മൂന്നെണ്ണത്തിലും തോറ്റിരുന്ന നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ആറാം മത്സരത്തിൽ ഇറ്റാലിയൻ ക്ളബ് അറ്റലാന്റയ്ക്ക് എതിരെ 3-2ന് ആശ്വാസജയം നേടി നോക്കൗട്ട് പ്രതീക്ഷ നിലനിറുത്തി. അറ്റലാന്റയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 10-ാം മിനിട്ടിൽ എംബാപ്പെയിലൂടെ മുന്നിലെത്തിയ റയലിനെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ചാൾസ് കെറ്റീലിയെർ പെനാൽറ്റിയിലൂടെ നേടിയ ഗോളിന് അറ്റലാന്റ സമനിലയിലാക്കിയിരുന്നു. 56-ാം മിനിട്ടിൽ വിനീഷ്യസ് ജൂനിയറും 59-ാം മിനിട്ടിൽ ജൂഡ് ബെല്ലിംഗ്ഹാമും ചേർന്ന് റയലിനെ 3-1ന് മുന്നിലെത്തിച്ചു. 65-ാം മിനിട്ടിൽ അദിമൂല ലുക്മാനിലൂടെ അറ്റലാന്റ ഒരുഗോൾ കൂടി നേടിയെങ്കിലും ശേഷിച്ച സമയത്ത് വിജയം കൈവിടാതെ റയൽ പ്രതിരോധിച്ചുനിന്നു. ഒൻപത് പോയിന്റുള്ള റയൽ പട്ടികയിൽ 16-ാം സ്ഥാനത്താണ്.
മറ്റ് മത്സരങ്ങളിൽ പാരീസ് എസ്.ജി മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് ആസ്ട്രിയൻ ക്ളബ് സാൽസ്ബർഗിനെയും ബയേൺ മ്യൂണിക്ക് മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്ക് യുക്രേനിയൻ ക്ളബ് ഷാക്തർ ഡോണെസ്കിനെയും തോൽപ്പിച്ചു.12 പോയിന്റുള്ള ബയേൺ എട്ടാം സ്ഥാനത്തും ഏഴുപോയിന്റുള്ള പി.എസ്.ജി 24-ാം സ്ഥാനത്തുമാണ്. ഇറ്റാലിയൻ ക്ളബ് ഇന്റർമിലാനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ജർമ്മൻ ക്ളബ് ബയേർ ലെവർകൂസൻ 13 പോയിന്റുമായി രണ്ടാം സ്ഥാനത്തക്ക് ഉയർന്നു. ജർമ്മൻ ക്ളബ് ആർ.ബി ലെയ്പ്സിഗിനെ3-2ന് തോൽപ്പിച്ച ഇംഗ്ളീഷ് ക്ളബ് ആസ്റ്റൺ വില്ല 13 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്.
മത്സരഫലങ്ങൾ
ലിവർപൂൾ 1- ജിറോണ 0
റയൽ മാഡ്രിഡ് 3- അറ്റലാന്റ 2
ഡൈനമോ സാഗ്രെബ് 0 - കെൽറ്റിക് 0
ബ്രേസ്റ്റ് 1- പി.എസ്.വി 0
ബയേൺ മ്യൂണിക്ക് 5 - ഷാക്തർ1
ക്ളബ് ബ്രൂഗെ 2- സ്പോർടിംഗ് 1
പി.എസ്.ജി 3- സാൽസ്ബർഗ് 0
ആസ്റ്റൺ വില്ല 3- ലെയ്പസിഗ് 2
ലെവർകൂസൻ 1- ഇന്റർ മിലാൻ 0