a

സർക്കാരും ഭരണ നേതൃത്വവും നടത്തുന്ന അഴിമതിക്കും മണ്ടത്തരത്തിനും ജനങ്ങൾ എന്തിനാണ് പിഴയൊടുക്കുന്നത്? സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടുമ്പോൾ ഉയരുന്ന ഏറ്റവും ലളിതമായ ചോദ്യം ഇതാണ്. അഴിമതിക്കുള്ള വ്യഗ്രതയും, അതിന് പഴുതൊരുക്കാൻ കാട്ടിക്കൂട്ടിയ മണ്ടത്തരങ്ങളും കാരണമാണ് വൈദ്യുതി ബോർഡ് പ്രതിസന്ധിയിലാവുകയും, അതിനു പരിഹാരമായി ജനങ്ങളെ പിഴിയുകയും ചെയ്യേണ്ടി വന്നത്. നിസ്സാര നിരക്കിൽ കേരളത്തിന് വൈദ്യുതി കിട്ടിക്കൊണ്ടിരുന്ന ദീർഘകാല കരാറുകൾ കൂട്ടത്തോടെ റദ്ദാക്കുകയും, പകരം കൊള്ളവിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങുകയും ചെയ്യുക എന്ന ഹിമാലയൻ മണ്ടത്തരമാണ് നടന്നത്.


യൂണിറ്റിന് 4.15 രൂപ മുതൽ 4.29 രൂപ വരെ വിലവരുന്ന ദീർഘകാല കരാറുകൾ റദ്ദാക്കി, പകരം 10.25 രൂപ മുതൽ 14.30 രൂപ വരെ വില നൽകിയാണ് ഇപ്പോൾ വൈദ്യുതി വാങ്ങുന്നത്. കുറഞ്ഞ നിരക്കിൽ യഥേഷ്ടം വൈദ്യുതി ലഭിക്കുന്നതിനായി കഴിഞ്ഞ യു.ഡി.എഫ് സർക്കാരാണ് ദീർഘവീക്ഷണത്തോടെ ആറ് ഉത്പാദന കമ്പനികളുമായി 25 വർഷത്തെ ദീർഘകാല കരാറുകളുണ്ടാക്കിയത്. ആര്യാടൻ മുഹമ്മദായിരുന്നു അന്ന് മന്ത്രി. അതിൽ ജിൻഡാൽ പവർ ലിമിറ്റഡ് എന്ന കമ്പനിയുമായുള്ള കരാർ,​ യൂണിറ്റിന് 3.60 രൂപ നിരക്കിലും,​ മറ്റു കരാറുകൾ 4.15 രൂപ, 4.29 രൂപ എന്നീ നിരക്കുകളിലുമാണ്. അന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും കുറഞ്ഞ നിരക്കുകളായിരുന്നു ഇവ. ഇതിൽ 465 മെഗാവാട്ടിന്റെ നാലു കരാറുകൾ വിചിത്രമായ കാരണങ്ങൾ പറഞ്ഞ് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ റദ്ദാക്കുകയായിരുന്നു.

ഓരോ കരാറും വെവ്വേറെ വിളിച്ച ടെണ്ടറുകൾ അനുസരിച്ച് ഒപ്പിട്ടവയാണെന്നും,​ അതുകൊണ്ടാണ് വ്യത്യസ്ത നിരക്കുകൾ വന്നതെന്നുമുള്ള വസ്തുത കമ്മിഷനിലെ 'മിടുക്കന്മാർ" പരിഗണിച്ചില്ല. വൈദ്യുതി പുറത്തുനിന്ന് എത്തിക്കുന്നതിനുള്ള ട്രാൻസ്‌മിഷൻ കോറിഡോറിന്റെ ലഭ്യത കൂടി കണക്കിലെടുത്താണ് വ്യത്യസ്ത കരാറുകൾ ഉണ്ടാക്കിയതെന്നതും അവർ കണ്ടില്ലെന്നു വച്ചു. കരാറുകൾ റദ്ദാക്കാൻ ഒരു പഴുത് കണ്ടുപിടിക്കുകയാണ് അവർ ചെയ്തത്. റഗുലേറ്ററി കമ്മിഷൻ ദീർഘകാല കരാറുകൾ റദ്ദാക്കിയതിന് തങ്ങൾക്ക് എന്തു ചെയ്യാനാകുമെന്നാണ് സർക്കാർ ചോദിക്കുന്നത്. റഗുലേറ്ററി കമ്മിഷൻ അംഗങ്ങൾ ആരൊക്കെയാണ്? മുൻ മന്ത്രി എം.എം. മണിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വിൽസൺ,​ സി.പി.എമ്മിന്റെ ഓഫീസേഴ്സ് സംഘടനയുടെ മുൻ ജനറൽ സെക്രട്ടറി ബി. പ്രദീപ് എന്നിവർ! ടി.കെ.ജോസ് ഐ.എ.എസ് ആണ് ചെയർമാൻ. സർക്കാർ നോമിനികളാണ് എല്ലാവരും. ഭരണക്കാരുടെ താത്പര്യം അനുസരിച്ചേ ഇവർ നടപടിയെടുക്കൂ എന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്?​

അവഗണിച്ച

മുന്നറിയിപ്പ്

കുറഞ്ഞ നിരക്കിലുള്ള കരാറുകൾ റദ്ദാക്കാൻ പോകുന്നതായുള്ള വാർത്ത ആദ്യം വന്നപ്പോൾത്തന്നെ അന്ന് ഊർജ്ജ വകുപ്പ് സെക്രട്ടറിയായിരുന്ന പോൾ ആന്റണി,​ അതിന്റെ പ്രത്യാഘാതങ്ങൾ വിശദമാക്കി സർക്കാരിന് കത്തു നല്കിയിരുന്നു. ആ കത്ത് ആരുടെയും കണ്ണു തുറപ്പിച്ചില്ല. പിന്നീട് റഗുലേറ്ററി കമ്മിഷൻ കരാറുകൾ റദ്ദാക്കിയപ്പോഴാകട്ടെ,​ അതിനെ ന്യായീകരിക്കുന്ന നിലപാടാണ് വകുപ്പു മന്ത്രി സ്വീകരിച്ചത്. യു.ഡി.എഫ് സർക്കാർ ഉണ്ടാക്കിയ കരാറിൽ ക്രമക്കേട് കണ്ടത്തിയതിനെ തുടർന്നാണ് കരാർ റദ്ദാക്കിയെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറയുകയും ചെയ്തു. അങ്ങനെയങ്കിൽ ആ കരാാറിനു ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥനെത്തന്നെ എന്തിന് റഗുലേറ്ററി കമ്മിഷൻ അംഗമാക്കിയെന്ന ചോദ്യത്തിന് മറുപടിയില്ല. മാത്രമല്ല, 2016 മുതൽ 2023 വരെ ഈ കരാർ എന്തുകൊണ്ട് റദ്ദാക്കിയില്ലെന്ന ചോദ്യത്തിനും ഉത്തരമില്ല!

രസകരമായ കാര്യമാണ് പിന്നീടുണ്ടായത്. യു.ഡി.എഫ് കാലത്ത് ക്രമക്കേട് നടന്നതിനാൽ റദ്ദാക്കിയെന്ന് മന്ത്രി പറഞ്ഞ കരാറുകൾ പുന:സ്ഥാപിക്കാൻ അതേ സർക്കാർ തന്നെ പിന്നീട് നീക്കം നടത്തി! ആ കരാറുകൾ പുന:സ്ഥാപിച്ചു കിട്ടാൻ സർക്കാർ തന്നെ കത്തു നൽകുകയും,​ പിന്നീട് സുപ്രീംകോടതി വരെ പോവുകയും ചെയ്തു. കുറഞ്ഞ നിരക്കിലുള്ള കരാറുകൾ റദ്ദാക്കിയ ശേഷം ഇടക്കാല കരാറുകളിലൂടെ വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ആരിൽ നിന്നാണെന്നു കൂടി മനസിലാക്കണം. അദാനിയാണ് ഏറ്റവും വലിയ ഗുണഭോക്താവ്. യൂണിറ്റിന് 10.25 രൂപ മുതൽ 14.30 രൂപ വരെ വില കൊടുത്ത് അദാനിയിൽ നിന്ന് നാല് കരാറുകളിലൂടെയാണ് വൈദ്യുതി വാങ്ങുന്നത്. 4. 29 രൂപയുടെ കരാർ റദ്ദാക്കിയ ജിൻഡാലിൽ നിന്ന് 9.59 രൂപയ്ക്ക് പുതിയ കാരാറുണ്ടാക്കി വൈദ്യുതി വാങ്ങുന്നു എന്നതാണ് വിചിത്രമായ മറ്റൊരു കാര്യം.

രക്ഷപ്പെട്ടത്

കമ്പനികൾ

അദാനി പവറിന് കേരളത്തിന്റെ പവർ പർച്ചേസ് ചിത്രത്തിൽ വരണമെങ്കിൽ കുറഞ്ഞ വിലയ്ക്കുള്ള മുൻ കരാറുകൾ റദ്ദാക്കിയേ മതിയാകുമായിരുന്നുള്ളൂ. അതു സാദ്ധ്യമാക്കാൻ ഏതൊക്കെ തലത്തിലുള്ള ഗൂഢാലോചനകളാണ് നടന്നതെന്ന് സർക്കാർ വെളിപ്പെടുത്തണം. ആരൊക്കെയാണ് പിന്നിൽ പ്രവർത്തിച്ചതെന്ന് കണ്ടെത്തണം. 2016-ൽ യു.ഡി.എഫ് സർക്കാർ ഉണ്ടാക്കിയ കരാറുകളനുസരിച്ച് 2023 വരെ സംസ്ഥാനം വൈദ്യുതി വാങ്ങിയിരുന്നു. ഈ സർക്കാർ ഇപ്പോൾ മേനി പറയുന്ന ലോഡ്‌ഷെഡിംഗ് രഹിത കേരളം സാദ്ധ്യമായത് ഈ കരാറുകൾ കാരണമായിരുന്നു. ഇവ റദ്ദാക്കിയതു കാരണം പ്രതിദിനം 10 മുതൽ 12 കോടി വരെ രൂപയുടെ നഷ്ടം വൈദ്യുതി ബോർഡിന് ഉണ്ടാകുന്നുണ്ട്. ഇതുവരെ 1600 കോടി രൂപയുടെ വൈദ്യുതി വാങ്ങേണ്ടിവന്നു. ഇതിന്റെ ഭാരം മുഴുവൻ അടിച്ചേൽപ്പിക്കപ്പെടുന്നത് ഉപഭോക്താക്കളുടെ തലയിലാണ്.

2042 വരെ കേരളത്തിന് നാലുരൂപ നിരക്കിൽ വൈദ്യുതി നൽകാനുള്ള ബാദ്ധ്യതയിൽ നിന്ന് കമ്പനികളെ രക്ഷിക്കുകയാണ് ഇടതു സർക്കാർ ചെയ്തത്. ഇതുമൂലം കമ്പനികൾക്കുണ്ടാകുന്ന ലാഭം 2000 കോടി രൂപയാണ്. ഇതിന്റെ വിഹിതം ആർക്കൊക്കെ കിട്ടിയെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. 2016-ലെ കരാറിന് റഗുലേറ്ററി കമ്മിഷന്റെ താത്കാലിക അനുമതി ലഭിച്ചിരുന്നു. ഇടതു ഭരണകാലത്ത് അതിന്മേൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോയത് എന്തിനായിരുന്നു?​ ഒടുവിൽ കോടതി ഇടപെടൽ ഉണ്ടായതോടെ വിനാശകരമായ തീരുമാനവുമെടുത്തു. സർക്കാരിന്റെ തെറ്റിന് ജനങ്ങൾ ഭാരംചുമക്കേണ്ട ഒരു കാര്യവുമില്ല. അതുകൊണ്ട് ഇപ്പോഴത്തെ നിരക്കു വർദ്ധന പിൻവലിച്ചേ തീരൂ. വൈദ്യുതി ബോർഡിനുണ്ടായ അധിക ബാദ്ധ്യത സർക്കാർ ഏറ്റെടുക്കണം. അതിനു വഴിവച്ച കാരണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും വേണം.