
വീട്ടിലെ പാറ്റ ശല്യം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേരുണ്ട്. കിടപ്പുമുറിയിലും അടുക്കളയിലും അലമാരയിലും എന്നുവേണ്ട വീടിന്റെ മുക്കിലും മൂലയിലും വരെ പാറ്റ എത്താറുണ്ട്. പാറ്റ തക്കം കിട്ടിയാൽ പാത്രങ്ങളിലും ഭക്ഷണങ്ങളിലുമൊക്കെ കയറും. ഇതുമൂലം പല ആരോഗ്യ പ്രശ്നങ്ങളും വരാൻ സാദ്ധ്യതയുണ്ട്.
പാറ്റയെ വീട്ടിൽ നിന്ന് തുരത്തേണ്ടത് അനിവാര്യമാണ്. പ്രധാനമായും വൃത്തിയില്ലായ്മ കൊണ്ടാണ് ഇത്തരം ജീവികൾ അകത്തളങ്ങളിലെത്തുന്നത്. ഇവയെ വീട്ടിൽ നിന്ന് ഓടിക്കാൻ മാർക്കറ്റിൽ പല സാധനങ്ങൾ ലഭ്യമാണ്. എന്നാൽ ഇവ വില കൊടുത്ത് വാങ്ങാതെ, വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് തന്നെ പാറ്റയെ തുരത്താനായാൽ അതല്ലേ ഏറ്റവും നല്ലത്.
വൃത്തി തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. രാത്രി ഭക്ഷണം കഴിച്ച ശേഷം പാത്രങ്ങൾ സിങ്കിൽ ഇട്ടുവയ്ക്കുന്ന ശീലമുണ്ടെങ്കിൽ ഉപേക്ഷിക്കണം. പാത്രം അപ്പോൾ തന്നെ കഴുകിവയ്ക്കുക. കൂടാതെ ഭക്ഷണ അവശിഷ്ടങ്ങൾ മേശയിലോ, തറയിലോ ഒക്കെ കിടക്കുന്നുണ്ടങ്കിൽ അത് പെട്ടെന്ന് തന്നെ വൃത്തിയാക്കുക.
നാരങ്ങ നീര് ബോട്ടിലിലാക്കി പാറ്റയെ കൂടുതലായി കാണുന്നയിടങ്ങളിൽ സ്‌പ്രേ ചെയ്തുകൊടുക്കാം. പാറ്റകളുള്ളിടത്ത് ബേ ലീഫ് വിതറിക്കൊടുക്കുകയാണ് അടുത്ത വഴി. തുല്യ അളവിൽ വെള്ളവും വിനാഗിരിയും ചേർത്ത് സ്‌പ്രേ ബോട്ടിലിലാക്കുക. ഇത് പാറ്റകളെ കാണുന്നയിടങ്ങളിൽ തളിച്ചുകൊടുക്കാം. ഇതുവഴി പല്ലിയേയും പാറ്റയേയുമൊക്കെ തുരത്താം.