pattaya

മിക്ക ഏഷ്യൻ രാജ്യങ്ങളിലും വളരെ പ്രശസ്തമാണ് മസാജ്. തായ്‌ലൻഡ് പോലുള്ള രാജ്യങ്ങളിലേക്ക് മസാജിന് വേണ്ടി മാത്രം ദിവസവും നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്. ഇന്ത്യയിൽ നിന്നുപോലും മസാജിനായി ആളുകൾ തായ്ലൻഡിൽ പോകാറുണ്ട്. ശരീരത്തിന് ഉന്മേഷം കിട്ടാനും വേദനകളും പിരിമുറുക്കവും മാറാനും മസാജുകൾ നല്ലതാണ്. എന്നാൽ അടുത്തിടെ ലോകത്തെ മുഴുവൻ ഞെട്ടിച്ച സംഭവമാണ് തായ്‌ലൻഡിൽ ബോഡി മസാജിനിടെ ഗായികയും വിനോദസഞ്ചാരിയും മരിച്ചത്.

വടക്കുകിഴക്കൻ ഉഡോൺ താനി നഗരത്തിലെ ആശുപത്രിയിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു 20കാരിയായ തായ് ഗായിക ചയാദ പ്രാവോ ഹോം മരിക്കുന്നത്. മസാജിനിടെ കഴുത്തിന് ക്ഷതമേറ്റതിനെ തുടർന്നാണ് ഇവർ മരിക്കുന്നത്. രക്തത്തിൽ അണുബാധയും തലച്ചോറിൽ വീക്കവും ഉണ്ടായതോടെ ചികിത്സയിലായിരുന്നു ചയാദ പ്രാവോ ഹോം. തോളിലെ വേദന കുറയ്ക്കുന്നതിനായാണ് ഗായിക മസാജ്പാർലറിൽ പോകുന്നത്. ഒക്ടോബറിലെ ആദ്യ സെഷനിൽ നെക്ക് ട്വിസ്റ്റിംഗ് മസാജ് ചെയ്തിരുന്നു.

massage

ഇതിന് പിന്നാലെയാണ് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായത്. ആദ്യത്തെ മസാജ് ചെയ്ത് കുറച്ച് ദിവസങ്ങൾക്ക് ശേഷം ശരീരം മുഴുവൻ മരവിപ്പ് അനുഭവപ്പെട്ടതായി ഗായിക ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിനിടെ രണ്ടാമത്തെ സെഷനിലും പങ്കെടുത്തു. കെെയ്‌ക്കായി ഹെവി ഹാന്റ് മസാജാണ് അവർ ചെയ്തിരുന്നത്. തുടർന്ന് വലത് കെെ മരവിക്കുകയും ചെയ്തു. നവംബർ പകുതിയോടെ ചയാദയുടെ ശീരം 50 ശതമാനത്തിലധികം തളർന്നു.

തുടർന്ന് ചലനശേഷി പൂർണമായും നഷ്ടപ്പെടുകയായിരുന്നു. നവംബർ 18ന് ഗായികയുടെ ശരീരം പൂർണമായും തളർന്ന നിലയിലായി. പിന്നാലെ ഡിസംബർ എട്ടിന് രക്തത്തിലെ അണുബാധയുടെയും മസ്തിഷ്ക വീക്കത്തിന്റെ സങ്കീർണതകൾ കാരണം ആശുപത്രിയിൽ വച്ച് അവർ മരിക്കുകയായിരുന്നു.

massage

സമാനമായി തന്നെയായിരുന്നു വിനോദസഞ്ചാരിയായ ലീ മുൻ ടുക്കിന്റെയും (52) മരണം. തായ്‌ലൻഡിലെ ഫുക്കറ്റിലെ പാറ്റോഗ് ബീച്ചിലെ ഒരു പാർലറിൽ 45 മിനിറ്റ് ഓയിൽ മസാജ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ലീ മരിച്ചത്. മസാജിനിടെ ലീ ഉറങ്ങിപ്പോയെന്നും കുറച്ച് സമയത്തിന് ശേഷം മരണവെപ്രാളം കാണിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. മസാജ് സെഷന് പോകുന്നതിന് മുൻപ് അദ്ദേഹം മദ്യപിച്ചിരുന്നതായും അതിനാൽ മസാജ് മാത്രമാണ് മരണകാരണമെന്ന് കരുതുന്നില്ലെന്നും ലീയുടെ ഭാര്യ പറഞ്ഞു.

മസാജുകൾ മരണത്തിന് കാരണമായോ?

ഈ രണ്ട് മരണങ്ങളും ശരിക്കും വിനോദസഞ്ചാരികളുടെ കേന്ദ്രമായ തായ്‌ലൻഡിനെ ഒന്ന് വിറപ്പിച്ചിട്ടുണ്ട്. പിന്നാലെ മസാജ് പാർലറുകൾക്കെതിരെ രാജ്യത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകി. കഴുത്ത് വളച്ചൊടിക്കുന്നതോ നട്ടെല്ലിൽ മസാജ് ചെയ്യുന്നതോ പക്ഷാഘാതം ഉണ്ടാകാമെന്ന് റാംഗ്സിത് യൂണിവേഴ്സിറ്റിയിലെ ഓറിയന്റൽ മെഡിസിൻ പ്രൊഫസർ സോക്ടർ ഹേമചൂധ പറയുന്നു. മസാജ് തെറ്റായി ചെയ്താൽ അവ മസ്തി‌ഷ്കത്തിലേക്കുള്ള രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തിയേക്കാം. ഇത് മസ്തിഷ്ക കോശങ്ങളുടെ മരണം, ഹെമിപ്ലെജിയ, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകുകയും അപകട സാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ഹേമചൂധ മുന്നറിയിപ്പ് നൽകുന്നത്.

massage

അമിതവണ്ണമുള്ളവരിലും ഉയർന്ന രക്തസമ്മർദ്ദമുള്ളവരിലും സ്ട്രോക്ക് മൂലമുണ്ടാകുന്ന പക്ഷാഘാത സാദ്ധ്യത കൂടുതലാണ്. കഴുത്ത് വളച്ച് ചെയ്യുന്ന മസാജുകൾ ദീർഷനേരം ആവർത്തിക്കുന്നത് ഞരമ്പുകൾക്ക് മാത്രമല്ല കഴുത്തിലെ രക്തക്കുഴലുകൾക്കും പ്രശ്നമാണെന്ന് ഡോക്ടർ തിരാവത്ത് പറയുന്നു.

പ്രൊഫഷണലായ ഒരു മസാജർ ഒരിക്കലും തന്റെ ക്ലയ്ന്റിന്റെ കഴുത്ത് വളച്ചൊടിക്കുന്ന രീതിയിൽ മസാജ് ചെയ്യില്ല. കാരണം അത് അപകടകരമായ പോയിന്റായി അറിയപ്പെടുന്നുവെന്ന് ഡോക്ടർ ചാറ്റ്‌പോൺ കോംഗ്ഫെംഗ് തന്റെ ടിക്ടോക്ക് പേജിൽ വ്യക്തമാക്കിയിരുന്നു. താൻ മുൻപും ആളുകൾക്ക് ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

massage


തലച്ചോറിന് ഓക്സിജൻ അടങ്ങിയ രക്തം നൽകുന്ന കരോട്ടിഡ് ധമനി കഴുത്തിലാണ് സ്ഥിതി ചെയ്യുന്നുണ്ട്. ഇവയ്ക്ക് കേടുപാടുകൾ സംഭവിച്ചാൽ മസ്തിഷ്ക ക്ഷതം പോലുള്ളവയ്ക്ക് കാരണമാകുന്നു. കഴുത്ത് വളരെയധികം വേദനിക്കുമ്പോൾ അവിടെ അമിതമായി അമർത്താൻ ക്ലയ്ന്റ് ആവശ്യപ്പെടും ഇതും അപകടത്തിന് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.

തായ് മസാജ് അതിന്റെ ചികിത്സാ ഗുണങ്ങൾക്ക് പേരുകേട്ടതാണ്. യുനെസ്‌കോ പരമ്പരാഗത തായ് മസാജിനെ (നുവാഡ് തായ്) രാജ്യത്തിന്റെ അദൃശ്യമായ സംസ്കാരിക പെെതൃക പട്ടികയുടെ ഭാഗമാക്കിയിട്ടുണ്ട്. ശരീരത്തിന് ആശ്വാസം നൽകുന്നതിന് പരമ്പരാഗത മസാജ് വളരെ നല്ലതാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ രാജ്യത്ത് പലരും ഇത് ശരിയായി പഠിക്കാതെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മസാജിംഗ് ജോലി ചെയ്യുന്നുണ്ട്. ഇതാണ് ഇത്തരം അപകടങ്ങളിൽ എത്തിക്കുന്നത്. അതിനാൽ തന്നെ ശരിയായ പരിശീലനം ലഭിച്ചവരെ ഇതിനായി സമീപിക്കുക.