
'ലജ്ജാവതിയെ നിന്റെ കള്ളക്കടക്കണ്ണിൽ"ഈ ഒറ്റ ഗാനം മതി മലയാളികൾക്ക് ഗോപികയെ ഓർക്കാൻ. തൊണ്ണൂറുകളിൽ നിറസാന്നിദ്ധ്യമായിരുന്ന ഗോപിക ഇപ്പോൾ ജീവിതത്തിൽ കുടുംബിനിയുടെ വേഷത്തിലാണ് . ജയസൂര്യ നായകനായ പ്രണയമണിത്തൂവൽ എന്ന ചിത്രത്തിലൂടെയാണ് ഗേളി ആന്റോ എത്തുന്നത്. സംവിധായകൻ തുളസിദാസാണ് ഗോപിക എന്ന പേരിട്ടത്. ഫോർ ദ പീപ്പിൾ, വേഷം, അലിഭായ്, മായാവി, അണ്ണൻ തമ്പി, സ്മാർട് സിറ്റി, പോത്തൻവാവ, കീർത്തിചക്ര, പച്ചക്കുതിര, ചാന്ത്പൊട്ട്, സ്വ.ലേ തുടങ്ങി മലയാളികൾ എന്നും ഓർത്തുവയ്ക്കുന്ന ചിത്രങ്ങളിൽ നായിക കഥാപാത്രമായി.
വീട്ടമ്മ കഥാപാത്രത്തെ അവതരിപ്പിച്ച ജയറാം നായകനായ വെറുതേ ഒരു ഭാര്യ എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചേരൻ സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന ആദ്യ തമിഴ് ചിത്രത്തിലൂടെ തന്നെ ഗോപിക അവിടെയും പ്രേക്ഷക ഹൃദയത്തിൽ കയറി. തെലുങ്കിലും സാന്നിദ്ധ്യം അറിയിച്ചു. 2008 തിരക്കേറിയ സിനിമാ ജീവിതത്തിന് ഇടവേള നൽകി ഡോ. അജിലേഷിനെ ജീവിത പങ്കാളിയായി സ്വീകരിച്ചു. കുടുംബസമേതം അയർലണ്ടിൽ സ്ഥിരതാമസമാക്കി ഗോപിക എയ്മിയുടെയും എയ്ഡന്റെയും അമ്മയായി തിളങ്ങുന്നു. വിവാഹശേഷം 2013ൽ ഭാര്യ അത്ര പോര എന്ന സിനിമയ്ക്ക് ശേഷം ഗോപികയെ വെള്ളിത്തിരയിൽ കണ്ടില്ല.