
ലോകം 2024നോട് വിടപറയാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ക്രിസ്തുമസിനെയും പുതുവർഷത്തെയും വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ഏവരും. 2024ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ ഭക്ഷണങ്ങളുടെ റെസിപ്പി ഏതൊക്കെയാണെന്ന് പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.
പട്ടികയിൽ ആദ്യ പത്തിൽ മലയാളികളുടെ ഇഷ്ട രുചിയും ഇടംപിടിച്ചിട്ടുണ്ട്. എന്താണതെന്നല്ലേ പറയാം. കോക്ടയിലായ പോൺസ്റ്റാർ മാർട്ടിനിയാണ് (Pornstar Martini) പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. നമ്മുടെ മാങ്ങ അച്ചാറാണ് രണ്ടാമത്. ഇതെങ്ങനെ തയ്യാറാക്കാം എന്നടക്കമുള്ള കാര്യങ്ങളാണ് ഗൂഗിളിൽ തെരഞ്ഞത്.
ധനിയ പഞ്ചിരി (Dhaniya Panjiri) ആണ് മൂന്നാം സ്ഥാനത്തുള്ളത്.ക്ഷേത്രങ്ങളിൽ പ്രസാദമായിട്ടാണ് ഇത് നൽകുന്നത്. ഉഗാദി പച്ചടി നാലാം സ്ഥാനത്താണ്. ഹിന്ദുക്കൾ, പ്രത്യേകിച്ച് തെലുങ്ക്, കന്നഡ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ആഘോഷിക്കുന്ന ഒരു പ്രധാന ഉത്സവമാണ് ഉഗാദി. എല്ലാ വർഷവും ഏപ്രിലിൽആണിത് നടക്കുന്നത്. ഈ സമയത്താണ് പരമ്പരാഗത വിഭവമായ ഉഗാദി പച്ചടി തയ്യാറാക്കുന്നത്.
ചർണമൃത് അഞ്ചും എമ ദഷ്ടി ആറും ഫ്ലാറ്റ് വൈറ്റ് ഏഴും സ്ഥാനങ്ങളിലാണ്. ബീറ്റ്‌റൂട്ട് കാഞ്ചിയാണ് എട്ടാം സ്ഥാനത്ത്. ശങ്കർ പാലി (Shankarpali) ഒമ്പതാം സ്ഥാനത്താണ്. നമ്മുടെയൊക്കെ പ്രിയപ്പെട്ട ചമ്മന്തിയാണ് പത്താമതുള്ളത്. ചമ്മന്തി പൊടി, തേങ്ങ ചമ്മന്തി, മുളകുപൊടി ചമ്മന്തി, ഉപ്പ് തുടങ്ങിയ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ചട്നി എന്നിവയൊക്കെയാണ് ആളുകൾ കൂടുതലായി തിരഞ്ഞത്.