
ഹൈദരാബാദ്: മാദ്ധ്യമപ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച് തെലുങ്കിലെ മുതിർന്ന നടനും പദ്മ അവാർഡ് ജേതാവുമായ മോഹൻ ബാബു. മോഹൻ ബാബുവും ഇളയ മകനും നടനുമായ മഞ്ചു മനോജും തമ്മിലുള്ള സ്വത്ത് തർക്കത്തെ കുറിച്ച് വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. പിന്നാലെ സംഭവത്തിൽ മാപ്പ് ചോദിച്ച് മഞ്ചു രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് സംഭവം. ഇരുവരും തമ്മിലുള്ള തർക്കം റിപ്പോർട്ട് ചെയ്യാനാണ് മാദ്ധ്യമപ്രവർത്തകർ എത്തിയത്. ഇതിനിടെ മോഹൻ ബാബു
ചോദ്യം ഇഷ്ടപ്പെടാതെ വന്നതോടെ മാദ്ധ്യമപ്രവർത്തകന്റെ മൈക്ക് പിടിച്ചുവാങ്ങുകയും മർദ്ദിക്കുകയും ചെയ്തു. തുടർന്ന് നടന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മാദ്ധ്യമപ്രവർത്തകരെ മർദ്ദിച്ച് പുറത്താക്കി. വാക്കുതർക്കത്തിനിടെ മഞ്ചു വീട്ടിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചത് മോഹൻ ബാബുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. ഇതു പകർത്തിയ മാദ്ധ്യമപ്രവർത്തകനുനേരെയാണ് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുണ്ട്. മുഖത്തടിയേറ്റതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ രഞ്ജിത് കുമാറെന്ന മാദ്ധ്യമപ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കവിളെല്ലിന് മൂന്ന് പൊട്ടലുകളുണ്ടെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.
നടനെതിരെ രചകോണ്ട പൊലീസ് കേസെടുത്തു. രക്ത സമ്മർദ്ദത്തിലുണ്ടായ വ്യത്യാസത്തെത്തുടർന്ന് മോഹൻ ബാബുവും ആശുപത്രിയിലാണ്.
സ്വത്ത് തർക്കത്തെ തുടർന്ന് മോഹൻ ബാബു മകനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. മഞ്ചു മോഹൻ ബാബുവിനെതിരെ ക്രിമിനൽ കേസും നൽകി. മകന്റെ പരാതിയിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് നൽകിയതിനു പിന്നാലെയാണ് മോഹൻ ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.