
കെട്ട്യോളാണ് എന്റെ മാലാഖയിൽ ആസിഫ് അലിയുടെ അമ്മ , മേപ്പടിയാനിൽ ഉണ്ണി മുകുന്ദന്റെ , മാളികപ്പുറത്തിൽ സൈജു കുറുപ്പിന്റെ ,ഓട്ടോറിക്ഷക്കാരന്റെ ഭാര്യയിൽ സുരാജിന്റെ ,ഭീഷ്മപർവ്വത്തിലും പുഴുവിലും മമ്മൂട്ടിയുടെ അമ്മ. അമ്പത് കോടി ക്ളബ് കടന്ന സൂക്ഷ്മദർശിനിയിൽ ബേസിൽ ജോസഫിന്റെ ' വില്ലത്തി അമ്മ"യെ കണ്ട് പ്രേക്ഷകർ അത്ഭുതപ്പെടുമ്പോൾ വാത്സല്യഭാവത്തിൽ നിറപുഞ്ചിരിയിൽ മനോഹരി ജോയ്.
നൃത്താദ്ധ്യാപിക,
നാടക നടി
മക്കളെ സ്നേഹിക്കുന്ന, കരുതലോടെ കൂടെനിൽക്കുന്നവരാണ് എന്റെ അമ്മ കഥാപാത്രങ്ങൾ. സൂഷ്മദർശിനിയിൽ ആദ്യം കാസ്റ്റ് ചെയ്തത് എന്നെയാണ്. കഥാപാത്രത്തിന്റെ 'ഭീകരത" കഥ കേട്ടപ്പോൾ തോന്നിയില്ല. ഗ്രേസി എന്ന അമ്മയെപോലുള്ളവരെ എനിക്ക് അറിയില്ല. ജിതിൻ പറഞ്ഞതുപോലെ ചെയ്തു. 'ഇത്ര ഭയങ്കരിയായിരുന്നോ" എന്ന് സിനിമ കണ്ടവർ ചോദിച്ചു. എന്നെ അറിയാത്തവർ നമ്പർ തരപ്പെടുത്തി വിളിക്കുന്നു. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ പഠിക്കുമ്പോൾ പതിനാറാം വയസിൽ വിവാഹം.പിന്നീട് പഠിക്കാൻ കഴിഞ്ഞില്ല. എന്റെ കലാഭിരുചിയെ പ്രോത്സാഹിപ്പിച്ച ആളായിരുന്നു ഭർത്താവ് ജോയ്. ഞാൻ അണ്ണൻ എന്നാണ് വിളിച്ചത്. ഞങ്ങൾ രണ്ടു പേരും വ്യത്യസ്ത മതത്തിൽപ്പെട്ടവർ.ജീവിതം പ്രാരാബ്ധം നിറഞ്ഞതായിരുന്നു. ജീവിക്കാൻ ഞങ്ങൾ മദ്രാസിൽ ചേക്കേറി. ജോലിയൊന്നും ശരിയായില്ല.മടങ്ങി വന്ന് കുറച്ചു കഴിഞ്ഞപ്പോൾ മാവേലിക്കര ചെട്ടികുളങ്ങര എൻ.എസ്.എസ് സ്കൂളിൽ എനിക്ക് നൃത്ത അദ്ധ്യാപികയുടെ ജോലി ലഭിച്ചു. അണ്ണൻ അവിടെ തയ്യൽക്കട തുറന്നു. അടിക്കടി അണ്ണന് തലവേദന വന്നു. പരിശോധനയിൽ ബ്രെയിൻ ട്യൂമർ എന്ന് കണ്ടെത്തി. മൂന്നുമാസത്തിനകം മരണം സംഭവിച്ചു. മരിക്കുമ്പോൾ 44 വയസാണ്. മക്കളെ വളർത്താൻ നാടകത്തിൽ അഭിനയിച്ചു തുടങ്ങി . 25 വർഷം നാടകത്തിൽ അഭിനയിച്ചു. മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ സാധിച്ചു.
വൈകി സിനിമ
പദ്മരാജൻ സംവിധാനം ചെയ്ത പെരുവഴിയമ്പലം സിനിമയിൽ അഭിനയിക്കാൻ വിളിച്ചെങ്കിലും അന്ന് താത്പര്യം തോന്നിയില്ല. 57-ാം വയസിൽ കെട്ട്യോളാണ് എന്റെ മാലാഖയിൽ അഭിനയിച്ചു തുടക്കം. ഉപ്പും മുളകും പരമ്പരയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. 30 സിനിമകളിൽ അഭിനിയിച്ചു. അനുരാധ, പുഞ്ചിരിമുറ്റത്തെ ഇട്ടിക്കോര, ചേര തുടങ്ങി ഏഴോളം സിനിമകൾ റിലീസ് ചെയ്യാനുണ്ട്.രാജേഷ് നായരുടെ ഇൻ എന്ന ബോളിവുഡ് ചിത്രത്തിലും അഭിനയിച്ചു. ജീവിതത്തിലും നല്ലൊരു അമ്മയാണ്. മൂന്ന് മക്കൾ. പ്രിൻസ്, ബ്രോണി, ഹണി. മക്കൾ വിവാഹിതരാണ്. ആലപ്പുഴ തുമ്പോളിയാണ് വീട്.