home

ഏതൊരാൾക്കും സ്വന്തമായൊരു വീടെന്ന സ്വപ്‌നമുണ്ടാകും. ആയുഷ്‌കാലം സമ്പാദിക്കുന്ന പണം സ്വന്തം വീട് നന്നാക്കാനോ പുതിയതായൊരു വീട് പണിയാനോ ഉപയോഗിക്കാത്ത ഒരാൾപോലും ഉണ്ടാകില്ല. വീടെന്ന സ്വപ്‌നത്തിന് ഇനി ചെലവേറുമെന്ന നിലയാണ് ഇനി വരാൻ പോകുന്നത്. ദീർഘനാളായി കുറഞ്ഞുകിടന്ന സിമന്റ് വില ഇപ്പോൾ വർദ്ധിച്ചു. രാജ്യത്തെ എല്ലാ സിമന്റ് ബ്രാൻഡുകൾക്കും വർദ്ധനവുണ്ടായി. സിമന്റ് ബ്രാൻഡുകളുടെ ഓഹരിവിലയിലും വർദ്ധന ഉണ്ടായിട്ടുണ്ട്.

ഒരുചാക്കിന് പത്ത് രൂപയോളമാണ് വർദ്ധന. എന്നാൽ തമിഴ്‌നാട്ടിൽ 40 രൂപയുടെ വരെ വർദ്ധനയുണ്ട്. കേരളത്തിൽ ഇനിയും വിലകൂടുമെന്നാണ് വിവരം. രാജ്യത്ത് ഏറ്റവുമധികം സിമന്റ് വിലയിലെ വർദ്ധനവ് ദക്ഷിണേന്ത്യയിലാണ്. ചാക്കിന് 320 രൂപയോളമാണ് ഇവിടെ വില. പടിഞ്ഞാറൻ ഇന്ത്യൻ സംസ്ഥാനങ്ങളിൽ 50 കിലോ ചാക്കിന് അഞ്ച് മുതൽ 10 രൂപ വരെയാണ് വർദ്ധന. 350 മുതൽ 400 രൂപ വരെയാണ് ഇവിടെ വില.

അദാനി സിമന്റ്സ് കേരളത്തിലെത്തിയതോടെ ചെറിയ കമ്പനികൾ കഴിഞ്ഞ നാല് മാസത്തോളമായി ബുദ്ധിമുട്ടിയിരുന്നു. ഇവർക്കെല്ലാം ആശ്വാസമാണ് വിലവർദ്ധന. കിഴക്കേ ഇന്ത്യയിൽ 30 രൂപയാണ് കിലോയ്ക്ക് വർദ്ധിക്കുക. വടക്കേ ഇന്ത്യയിലും രാജ്യ തലസ്ഥാനത്തോട് ചേർന്ന ഇടങ്ങളിലും 25 രൂപ വർദ്ധിച്ചു. 340 മുതൽ 395 വരെയാണ് ഇവിടെ ചാക്കിന് വില. മറ്റ് സംസ്ഥാനങ്ങളിലുണ്ടായ വർദ്ധന വച്ചുനോക്കിയാൽ കേരളത്തിലുണ്ടായത് നാമമാത്രമായ വർദ്ധനവാണെന്നാണ് വ്യാപാരികൾ പറയുന്നത്. ചെട്ടിനാട് സിമന്റിന് ചാക്കിന് വില 330 രൂപയായി. അൾട്രാ ടെക്കിന് 350 രൂപ ചില്ലറവിൽപന വിലയായി.