
സ്ഥിരത, വിശ്വാസം, വളർച്ച എന്നിവയിൽ ഉൗന്നി മുന്നോട്ട്
കൊച്ചി: നയതീരുമാനങ്ങളിൽ തുടർച്ച ഉറപ്പുവരുത്തി മുന്നോട്ടുപാേകുമെന്ന് പുതിയ റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. റിസർവ് ബാങ്കിന്റെ 26ാമത്തെ ഗവർണറായി ചുമതലയേറ്റെടുത്തതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ പദവി ഏറെ ഉത്തരവാദിത്തം നൽകുന്നതാണെന്നും സഞ്ജയ് മൽഹോത്ര കൂട്ടിച്ചേർത്തു. സ്ഥിരത, വിശ്വാസം, വളർച്ച എന്നീ അടിസ്ഥാന തത്വങ്ങളിൽ ഉറച്ചുനിന്നാകും ഭാവി തീരുമാനങ്ങൾ എടുക്കുക. റിസർവ് ബാങ്കിന്റെ പാരമ്പര്യം ഉയർത്തിപ്പിടിച്ച് കേന്ദ്ര ബാങ്കിനെ മുന്നോട്ടുനയിക്കും.
പൊതുജനങ്ങളുടെ അഭിവ്യദ്ധിക്ക് മുൻതൂക്കം നൽകിയാകും ഗവർണറെന്ന നിലയിൽ തീരുമാനമെടുക്കുക. നയപരമായ കാര്യങ്ങളിൽ സ്ഥിരതയും തുടർച്ചയും വളരെ പ്രധാനമാണെന്നും പുതിയ ഗവർണർ കൂട്ടിച്ചേർത്തു. ബാങ്കിംഗ് മേഖലയിലൂടെ ധനകാര്യ പങ്കാളിത്തം ഉറപ്പുവരുത്തി സമൂഹത്തിൽ എല്ലാവർക്കും സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് മുഖ്യ പരിഗണന.
ആറ് വർഷത്തെ സേവനത്തിന് ശേഷം ഡിസംബർ പത്തിന് ശക്തികാന്ത ദാസ് വിരമിച്ചതോടെയാണ് രാജസ്ഥാൻ കേഡറിലെ ഐ.എ.എസ് ഉദ്യാേഗസ്ഥനായ സഞ്ജയ് മൽഹോത്ര ഗവർണർ പദവി ഏറ്റെടുത്തത്.
ഫെബ്രുവരിയിൽ  പലിശ കുറഞ്ഞേക്കും
ധന നയ രൂപീകരണത്തിൽ സ്ഥിരതയോടെ നീങ്ങുമെന്ന് പുതിയ ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കിയെങ്കിലും അടുത്ത വർഷം ഫെബ്രുവരിയിൽ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് കാൽ ശതമാനം കുറച്ചേക്കും. 2047ൽ വികസിത ഭാരതമെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നതിന് ഉയർന്ന പലിശ നിരക്ക് തടസമാകുമെന്നാണ് വിലയിരുത്തുന്നത്. അതിനാലാണ് കേന്ദ്ര സർക്കാരുമായി അടുത്ത ബന്ധം പുലർത്തുന്ന സഞ്ജയ് മൽഹോത്രയെ റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്തേക്ക് അവരോധിച്ചതെന്നാണ് വിലയിരുത്തുന്നത്. വായ്പകളുടെ പലിശ ഉയർന്ന തലത്തിൽ തുടരുന്നത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കേന്ദ്ര മന്ത്രിമാരായ നിർമ്മല സീതാരാമനും പീയുഷ് ഗോയലും നേരത്തെ പരസ്യമായി പറഞ്ഞിരുന്നു. അതിനാൽ പുതിയ ഗവർണർ സഞ്ജയ് മൽഹോത്ര പലിശ കുറയ്ക്കുന്നതിനാകും പ്രാധാന്യം നൽകുന്നതെന്ന് ധനകാര്യ വിദഗ്ദ്ധർ പറയുന്നു.
വളർച്ചാ ലക്ഷ്യം കുറച്ച് എ.ഡി.ബി
കൊച്ചി: നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ വളർച്ച നിരക്ക് 6.5 ശതമാനമായി താഴുമെന്ന് ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്ക്(എ.ഡി.ബി) വ്യക്തമാക്കി. നേരത്തെ ഇന്ത്യ ഏഴ് ശതമാനം വളർച്ച നേടുമെന്നാണ് എ.ഡി.ബി വിലയിരുത്തിയിരുന്നത്. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ച 5.4 ശതമാനമായി താഴ്ന്നതാണ് എ.ഡി.ബി ലക്ഷ്യം കുറയ്ക്കാൻ കാരണം.
റെക്കാഡ് മൂല്യത്തകർച്ചയിൽ രൂപ
അഗോള വിപണിയിൽ ഡോളർ വീണ്ടും കരുത്താർജിച്ചതോടെ ഇന്ത്യൻ രൂപയുടെ മൂല്യം പുതിയ റെക്കാഡ് താഴ്ചയിലെത്തി. ഇന്നലെ അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 84.83ൽ അവസാനിച്ചു. ചൈനയുടെ യുവാന്റെ തളർച്ചയാണ് പ്രധാനമായും രൂപയ്ക്കും തിരിച്ചടി സൃഷ്ടിച്ചത്. ഡിസംബറിൽ രൂപയുടെ മൂല്യത്തിൽ 0.4 ശതമാനം ഇടിവാണുണ്ടായത്. പൊതുമേഖല ബാങ്കുകൾ വഴി റിസർവ് ബാങ്ക് നടത്തിയ വിപണി ഇടപെടലാണ് ഒരുപരിധി വരെ രൂപയുടെ മൂല്യത്തകർച്ച തടഞ്ഞുനിറുത്തിയത്.