
ഡമാസ്കസ്: പ്രസിഡന്റ് ബാഷർ അൽ-അസദിന്റെ പതനത്തിന് പിന്നാലെ സിറിയൻ നാവിക സേനയെ തകർത്തെന്ന് അവകാശപ്പെട്ട് ഇസ്രയേൽ. അൽ - ബയ്‌ഡ, ലതാകിയ നാവിക താവളങ്ങളിലായി 15ഓളം കപ്പലുകൾ ഇസ്രയേൽ തകർത്തെന്നാണ് വിവരം. അസദിന്റെ കാലത്ത് 4,000 നാവികരും 2,500 റിസേർവ് അംഗങ്ങളും മാത്രമാണ് സിറിയൻ നേവിയിലുണ്ടായിരുന്നത്. അതേസമയം, 48 മണിക്കൂറിനിടെ 480 ആക്രമണം നടത്തിയ ഇസ്രയേൽ അസദ് ഭരണകൂടത്തിന്റെ 80 ശതമാനം സൈനിക ശേഷിയും നശിപ്പിച്ചു.
ടാർറ്റസ്, ഡമാസ്കസ്, പാൽമിറ, ലതാകിയ തുടങ്ങിയ ഇടങ്ങളിലെ വ്യോമതാവളങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും യുദ്ധ വിമാനങ്ങളും ടാങ്കുകളും തകർത്തു. അസദിന്റെ പതനം മുതലെടുത്ത് ഐസിസ് അടക്കമുള്ള ഭീകര സംഘടനകൾ ആയുധങ്ങളും മറ്റും കൈയടക്കുന്നത് തടയാനാണ് ആക്രമണമെന്നാണ് ഇസ്രയേലിന്റെ പക്ഷം.
ഇസ്രയേൽ ആക്രമണങ്ങളിൽ സിറിയൻ വിമതർ പ്രതികരിച്ചിട്ടില്ല. വിമത നിയന്ത്രണത്തിലുള്ള സിറിയയുടെ താത്കാലിക പ്രധാനമന്ത്രിയായി മുഹമ്മദ് അൽ ബാഷിർ കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നു. ജനങ്ങളോട് ക്രൂരതകളും യുദ്ധക്കുറ്റങ്ങളും ചെയ്ത മുൻ സർക്കാർ ഉദ്യോഗസ്ഥരെ പറ്റി വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്ന് വിമത തലവൻ അബു മുഹമ്മദ് അൽ ഗൊലാനി പ്രഖ്യാപിച്ചു.
എണ്ണ സമ്പന്നമായ ദെയ്ർ അൽ - സോൾ പ്രവിശ്യയുടെ നിയന്ത്രണം ഗൊലാനിയുടെ തഹ്‌രിർ അൽ-ഷാമിന്റെ (എച്ച്.ടി.എസ്) നേതൃത്വത്തിലെ വിമതർ പിടിച്ചെടുത്തു. കുർദ്ദിഷ് സേനകളുടെ നിയന്ത്രണത്തിലായിരുന്നു ഇവിടം. ഇതിനിടെ, അസദിനെ പുറത്താക്കിയതിന് പിന്നിൽ ഇസ്രയേലിന്റെയും യു.എസിന്റെയും ഗൂഢാലോചനയാണെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി ആരോപിച്ചു.
 ഇന്ത്യക്കാരെ ഒഴിപ്പിച്ചു
സിറിയയുടെ നിയന്ത്രണം വിമതർ ഏറ്റെടുത്തതിന് പിന്നാലെ 75 പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിച്ച് ഇന്ത്യ. 44 പേർ ജമ്മു കാശ്മീരിൽ നിന്ന് തീർത്ഥാടനത്തിന് എത്തിയവരാണ്. ലെബനനിലെത്തിച്ച എല്ലാവരെയും വാണിജ്യ വിമാനമാർഗം ഉടൻ ഇന്ത്യയിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഡമാസ്‌കസിലെയും ലെബനീസ് തലസ്ഥാനമായ ബെയ്റൂട്ടിലെയും ഇന്ത്യൻ എംബസികൾ ചേർന്നാണ് ഒഴിപ്പിക്കലിന് നേതൃത്വം നൽകിയത്. സിറിയയിൽ ഇനി തുടരുന്ന പൗരന്മാർ ഡമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്റാലയം അറിയിച്ചു.
 കല്ലറ കത്തിച്ചു
അസദിന്റെ പിതാവ് ഹാഫിസ് അൽ- അസദിന്റെ കർദാഹ നഗരത്തിലുള്ള കല്ലറ വിമതർ തീവച്ച് നശിപ്പിച്ചു. ശവപ്പെട്ടി പുറത്തെടുത്ത് കത്തിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു. 1971 മുതൽ 2000 വരെ സിറിയൻ പ്രസിഡന്റായിരുന്നു ഹാഫിസ്.
 സാധാരണനിലയിലേക്ക്
സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ ജനജീവിതം സാധാരണനിലയിലേക്ക്. കടകളും സ്വകാര്യ ബാങ്കുകളും തുറന്നു. ഡമാസ്കസിലെ എംബസി ഉടൻ തുറക്കുമെന്ന് ഖത്തർ അറിയിച്ചു. അതേ സമയം, യു.എന്നിന്റെയും റെഡ് ക്രെസന്റിന്റെയും വെയർഹൗസുകളിൽ നിന്ന് സഹായ പാക്കേജുകൾ വ്യാപകമായി മോഷ്ടിക്കപ്പെടുന്നെന്നാണ് പരാതി.