
കേരള യൂണി. അത്‌ലറ്റിക്സ് :
എൽ.എൻ.സി.പി.ഇ കിരീടത്തിലേക്ക്
ജോമോൻ ജോയിക്ക് ഹൈജമ്പ് റെക്കാഡ്
തിരുവനന്തപുരം : കേരള യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റ് രണ്ടാം ദിനം പിന്നിടുമ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള കാര്യവട്ടം എൽ.എൻ.സി.പി.ഇ കിരീടത്തിലേക്കടുക്കുന്നു.125 പോയിന്റാണ് എൽ.എൻ.സി.പി.ഇയ്ക്കുള്ളത്. 60 പോയിന്റുമായി യൂണിവേഴ്സിറ്റി കോളേജ് രണ്ടാം സ്ഥാനത്തും 59 പോയിന്റുമായി പുനലൂർ എസ്.എൻ കോളേജ് മൂന്നാം സ്ഥാനത്തുമാണ്.
ഇന്നലെ നടന്ന പുരുഷ വിഭാഗം ഹൈജമ്പിൽ കൊല്ലം ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളേജിലെ ജോമോൻ ജോയി റെക്കാഡോടെ സ്വർണം നേടി.2.09 മീറ്റർ ഉയരം ക്ലിയർ ചെയ്താണ് ജോമോൻ റെക്കാഡിലെത്തിയത്. 2019-20ൽ ചെമ്പഴന്തി എസ്.എൻ കോളേജിലെ അലൻ ജോസ് കുറിച്ചിരുന്ന 2.08 മീറ്ററിന്റെ റെക്കാഡാണ് ജോമോൻ തിരുത്തി യത്. ടി.കെ.എം കോളേജിലെ തന്നെ എ.അതുൽജിത്തിനാണ് ഈയിനത്തിലെ വെള്ളി. 1.95 മീറ്ററാണ് അതുൽജിത്ത് ചാടിയത്.
ഇന്നലെ നടന്ന വനിതകളുടെ 800 മീറ്ററിൽ കൊല്ലം എസ്.എൻ വനിതാ കോളേജിലെ ശ്രീഷ്ണ.പി സ്വർണം നേടി. ചേർത്തല എസ്.എൻ കോളേജിലെ ശിവാനിക്കാണ് വെള്ളി. പുരുഷ - വനിതാ 10000 മീറ്ററുകളിൽ അഞ്ചൽ സെന്റ് ജോൺസ് കോളേജിലെ ശിവപ്രസാദും ആദിത്യയും സ്വർണം നേടി.പുരുഷ വിഭാഗം 110 മീറ്റർ ഹഡിൽസിൽ ആലപ്പുഴ എസ്.ഡി കോളേജിലെ ടി.എം അശ്വിനാണ് ഒന്നാമതെത്തിയത്. വനിതകളിൽ ആൾസെയ്ന്റ് കോളേജിലെ ബി.ബിനിത സ്വർണം നേടി. പുരുഷ 400 മീറ്റർ ഹഡിൽസിൽ മാർ ഇവാനിയോസിലെ അബിമോനും എസ്.എൻ ചെമ്പഴന്തിയിലെ നയന ജോസും ജേതാക്കളായി. 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ എൽ.എൻ.സി.പി.ഇയിലെ പിയുഷ് മിശ്ര,ഹാമർത്രോയിൽ നിഹാൽ.കെ എന്നിവരും പുരുഷ ലോംഗ്ജമ്പിൽ യൂണിവേഴ്സിറ്റി കോളേജിലെ അനുരാഗ് സി.വി എന്നിവരും ഒന്നാമതെത്തി. വനിതകളുടെ ഹാമർത്രോയിൽ എസ്.എൻ പുനലൂരിലെ ശിൽപ്പ വി.എസിനാണ് സ്വർണം.വനിതകളുടെ ലോംഗ്ജമ്പിൽ എൽ.എൻ.സി.പി.ഇയിലെ അഖില ഗംഗാധരൻ ഒന്നാമതായി.ഡെക്കാത്ത്ലണിൽ വൈഷ്ണവ് വി.എസ് സ്വർണവും വിജയ് എ.എസ് വെള്ളിയും നേടി.