bashar-al-assad

മോസ്‌കോ: വിമത നീക്കത്തെ തുടര്‍ന്ന് രാജ്യം വിട്ട സിറിയയുടെ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദും കുടുംബവും അഭയം പ്രാപിച്ചത് റഷ്യയിലാണ്. മൂന്ന് മക്കള്‍ക്കും ഭാര്യക്കുമൊപ്പം റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയില്‍ കഴിയുന്ന ഇവര്‍ സിറിയയിലേതിന് സമാനമായ ആഡംബര ജീവിതമാണ് നയിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് പതിറ്റാണ്ടോളം സിറിയയെ നരകതുല്യമാക്കിയ ഭരണത്തിനൊടുവില്‍ കൈനിറയെ പണവുമായിട്ടാണ് രാജ്യം വിട്ടത്.

ഏകദേശം 1.60 ലക്ഷം കോടി രൂപയുമായിട്ടാണ് ബാഷറും കുടുംബവും റഷ്യയില്‍ എത്തിയത്. മോസ്‌കോ നഗരത്തില്‍ ഈ പണം ഉപയോഗിച്ച് കൊട്ടാരസമാനമായ ഫ്‌ളാറ്റുകളും ആഡംബര ഭവനവും ബാഷര്‍ വാങ്ങിക്കഴിഞ്ഞു. പലായനം ചെയ്യുന്നതിന് മുമ്പ് തന്നെ മോസ്‌കോയില്‍ താമസിക്കാനുള്ള സൗകര്യങ്ങള്‍ അസദ് ഒരുക്കിയിരുന്നു. ബ്രിട്ടീഷ് സമ്പന്ന കുടുംബത്തില്‍ ജനിച്ച ഭാര്യ അസ്മ സിറിയയിലും ആഡംബര ജീവിതം നയിക്കുന്നതിന്റെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഷേക്‌സിപയറിന്റെ കുപ്രസിദ്ധ കഥാപാത്രമായ ലേഡി മാക്ബത്തിനോടാണ് പലരും ഇവരെ ഉപമിച്ചിരുന്നത്.

സിറിയയിലെ പ്രസിഡന്റിന്റെ കൊട്ടാരം അലങ്കരിക്കുന്നതിനും വസ്ത്രങ്ങള്‍ വാങ്ങുന്നതിനുമായി കോടിക്കണക്കിന് ഡോളറാണ് അസ്മ ചെലവാക്കിയിരുന്നത് ലോകത്തെ വിവിധ ബാങ്കുകളില്‍ ഇവര്‍ക്ക് ആയിരക്കണക്കിന് കോടി ഡോളറിന്റെ നിക്ഷേപങ്ങളും വന്‍കിട കമ്പനികളില്‍ ബിസിനസ് പങ്കാളിത്തവും ഉണ്ടെന്നാണ് കരുതപ്പെടുന്നത്.കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ റഷ്യയുടെ തലസ്ഥാനമായ മോസ്‌ക്കോയില്‍ അസദിന്റെ കുടുംബം ഇരുപതോളം അപ്പാര്‍ട്ടുമെന്റുകള്‍ വാങ്ങിക്കൂട്ടി എന്നാണ് കണക്ക്.

പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ നേരിട്ടുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അസദിനും കുടുംബത്തിനും രാഷ്ട്രീയ അഭയം നല്‍കാന്‍ തീരുമാനിച്ചതെന്നാണ് റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അസദും കുടുംബവും എവിടെയാണ് താമസിക്കുന്നത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് ഡിമിത്രി പെസ്‌കോവ് തയ്യാറായില്ല. റഷ്യയിലെ അതിസമ്പന്നര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ബാഷറും കുടുംബവും ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.