gold

ദുബായ്: ഒരു ചെറിയ കഷ്ണം സ്വര്‍ണം പൊതുവഴിയില്‍ കിടന്ന് കിട്ടിയാല്‍ അത് എപ്പോള്‍ കീശയിലാക്കിയെന്ന് ചോദിച്ചാല്‍ മതി. പക്ഷേ 300 കിലോഗ്രാം സ്വര്‍ണം പൊതുയിടത്തില്‍ കണ്ടിട്ടും ഒന്ന് തൊട്ട് നോക്കാന്‍ പോലും ഒരാളും ധൈര്യപ്പെടുകയോ മുന്നോട്ട് വരികയോ ചെയ്തില്ല. സംഭവം അങ്ങ് ദുബായിലാണ്. കഴിഞ്ഞയാഴ്ചയാണ് 211 കോടി രൂപ മൂല്യം വരുന്ന 300 കിലോഗ്രാം സ്വര്‍ണം നിര്‍മിച്ച് യുഎഇ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചത്.

ദുബായിലെ പ്രശസ്തമായ എമിറേറ്റ്‌സ് മിന്റിംഗ് ഫാക്ടറിയാണ് ഈ കൂറ്റന്‍ സ്വര്‍ണ ബാര്‍ നിര്‍മിച്ചതിന് പിന്നില്‍. 300.12 കിലോഗ്രാം ഭാരം വരുന്ന ബാര്‍ നിര്‍മിച്ചത് 10 മണിക്കൂര്‍ സമയംകൊണ്ടാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണ ബാര്‍ എന്ന നേട്ടവും ഇതിന് പിന്നാലെ യുഎഇക്ക് സ്വന്തമായി. 250 കിലോഗ്രാം സ്വര്‍ണത്തില്‍ നിര്‍മാണം നടത്തിയ ജപ്പാന്റെ റെക്കോഡാണ് പഴങ്കഥയായത്. ഗിന്നസ് റെക്കോഡിന്റെ സര്‍ട്ടിഫിക്കറ്റ് സഹിതം ഗോള്‍ഡ് സൂക്കിന്റെ എക്‌സ്റ്റന്‍ഷനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ കൗതുകകരമായ കാര്യം എന്താണെന്നാല്‍ സ്വര്‍ണക്കട്ടി പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്ഥലത്ത് സുരക്ഷയ്ക്കായി ഒരു ഉദ്യോഗസ്ഥനെപ്പോലും നിയോഗിച്ചിട്ടില്ലെന്നതാണ്. ഗിന്നസ് റെക്കോഡിന്റെ മുഴുവന്‍ മാനദണ്ഡങ്ങളും പാലിച്ചാണ് 300 കിലോയുള്ള ബാര്‍ നിര്‍മിച്ചതെന്ന് എമിറേറ്റ്‌സ് മിന്റിംഗ് ഫാക്ടറി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുഹമ്മദ് ഖര്‍സ പറഞ്ഞു. ഈ റെക്കോഡ് തങ്ങള്‍ സ്വന്തമാക്കുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കമ്പനി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നില്‍ കമ്പനിയുടെ അര്‍പ്പണമനോഭാവം തെളിഞ്ഞിരിക്കുന്നുവെന്ന് ഗിന്നസ് വെബ്‌സൈറ്റിലെ പ്രസിദ്ധീകരണത്തില്‍ പറയുന്നു.