
വാഷിംഗ്ടൺ : യു.എസിൽ ജന്മാവകാശ പൗരത്വം നിറുത്തുമെന്ന് പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കുടിയേറ്റം നിയന്ത്രിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം. യു.എസിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശമായി പൗരത്വം നൽകുന്നുണ്ട്. എന്നാൽ, അനധികൃത കുടിയേറ്റക്കാരുടെയും താത്കാലിക വിസയിലെത്തുന്നവരുടെയും കുട്ടികൾക്ക് പൗരത്വം നൽകുന്നതിനെതിരെ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി പല തവണ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ഭരണഘടനയിലെ 14-ാം ഭേദഗതിൽ നിഷ്കർഷിക്കുന്ന ജന്മാവകാശ പൗരത്വം നിറുത്തലാക്കണമെങ്കിൽ നിയമത്തിന്റെ നിരവധി കടമ്പകൾ ട്രംപ് കടക്കേണ്ടതുണ്ട്.
 ഹർമീത് ദില്ലൻ അസി.
അറ്റോർണി ജനറൽ
യു.എസ് പൗരാവകാശ വിഭാഗം അസിസ്‌റ്റന്റ് അറ്റോർണി ജനറൽ സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ ഹർമീത് ദില്ലനെ ( 55 ) നോമിനേറ്റ് ചെയ്ത് ട്രംപ്. ചണ്ഡീഗഢിൽ ജനിച്ച ഹർമീത് കുട്ടിയായിരിക്കെ കുടുംബത്തോടൊപ്പം യു.എസിലേക്ക് കുടിയേറുകയായിരുന്നു. കാലിഫോർണയിലെ റിപ്പബ്ലിക്കൻ പാർട്ടി മുൻ ഉപാദ്ധ്യക്ഷയാണ് അഭിഭാഷകയായ ഹർമീത്.