
ധാക്ക: ഹിന്ദു പുരോഹിതനും ഇസ്കോൺ മുൻ അംഗവുമായ ചിന്മയ് കൃഷ്‌ണ ദാസ് ബ്രഹ്മചാരിയുടെ മോചനവുമായി ബന്ധപ്പെട്ട് സമർപ്പിച്ച മൂന്ന് ഹർജികളും തള്ളി ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് കോടതി. ചിന്മയ് ദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജികളാണ് തള്ളിയത്.
ഹർജി സമർപ്പിച്ച സുപ്രീംകോടതി അഭിഭാഷകൻ രബീന്ദർ ഘോഷിനെ കോടതിക്ക് പുറത്ത് ചിലർ ആക്രമിക്കുകയും ചെയ്തു. ബംഗ്ലാദേശിലെ ന്യൂനപക്ഷ വിരുദ്ധ ആക്രമണങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ദാസ്, പ്രതിഷേധ റാലിക്കിടെ ദേശീയ പതാകയെ അവഹേളിച്ചെന്ന കുറ്റത്തിന് നവംബർ 25നാണ് അറസ്റ്റിലായത്.
അടുത്ത മാസമാണ് ദാസിന്റെ ജാമ്യം പരിഗണിക്കുന്നത്. ദാസ് അടക്കം 17 സന്യാസിമാരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ദാസിന് ജയിലിൽ ഭക്ഷണവും മരുന്നുമായെത്തിയ സന്യാസിമാരെ അറസ്റ്റിലാക്കുകയും ചെയ്തിരുന്നു.