mohanbabu

ഹൈദരാബാദ്: കുടുംബപ്രശ്‌നം വഴിയിൽ തമ്മിൽതല്ലായതിന് പിന്നാലെ തെലുങ്ക് സൂപ്പർ താരം മോഹൻ ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്‌ച വൈകിട്ടോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലാക്കിയതെന്നാണ് വിവരം. ഉയർന്ന രക്തസമ്മർദ്ദവും ശരീര വേദനയുമുണ്ടായ മോഹൻ ബാബുവിനെ മികച്ച ചികിത്സ നൽകുന്നുണ്ടെന്ന് കോണ്ടിനെന്റൽ ഹോസ്‌പിറ്റൽ ചെയർമാൻ ഡോ.ഗുരു. എൻ.റെഡ്‌‌ഡി പറഞ്ഞു.


തിങ്കളാഴ്‌ചയാണ് മകൻ മനോജ് മഞ്ചുവുമായുള്ള അഭിപ്രായവ്യത്യാസം കാരണം മോഹൻ ബാബുവിന്റെ കുടുംബപ്രശ്‌നം തെരുവിലെത്തിയതും സംഘർഷമുണ്ടായതും. ഹൈദരാബാദിലെ ജാൽപള്ളിയിലുള്ള മോഹൻ ബാബുവിന്റെ വീട്ടിലെത്തിയ മഞ്ചു മനോജിനെയും ഭാര്യ മൗനികയും മോഹൻ ബാബുവിന്റെ സുരക്ഷാ ജീവനക്കാർ തടഞ്ഞു. തുടർന്ന് ഗേറ്റ് തള്ളിക്കടക്കാൻ ശ്രമിച്ച മനോജിനെ കൂടുതൽ ആളുകളെത്തി തടയുകയായിരുന്നു. മനോജിനൊപ്പവും ആൾക്കൂട്ടമുണ്ടായിരുന്നു.

വിവരമറിഞ്ഞ് മാദ്ധ്യമങ്ങളെത്തിയതോടെ പ്രശ്നം കൂടുതൽ സങ്കീർണമായി. ഇതോടെ മോഹൻ ബാബു വീടിന് പുറത്തേക്ക് വന്നു. മാദ്ധ്യമപ്രവർത്തകരെ മോഹൻ ബാബു ശാരീരികമായി ആക്രമിച്ചു. മൈക്ക് തട്ടിയെറിയുകയും ക്യാമറകൾ തകർക്കുകയും ചെയ്തു. മാദ്ധ്യമപ്രവർത്തകർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. തുടർന്ന് പൊലീസ് എത്തി മോഹൻ ബാബുവിന്റെ വീട്ടിൽ നിന്ന് തോക്കുകൾ പിടിച്ചെടുത്തു.

മോഹൻ ബാബുവും മകനും തമ്മിൽ കുറച്ചു നാളുകളായി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. സ്വത്തുമായി ബന്ധപ്പെട്ടതാണ് തർക്കം. ഇരുവരും പൊലീസിൽ പരാതി നൽകിയിട്ടുമുണ്ട്. അച്ഛന് തന്നോട് വിരോധമാണെന്നും, മറ്റു മക്കളോടാണ് പ്രിയം എന്നുമാണ് മനോജിന്റെ പരാതി. സംഭവമറിഞ്ഞ് മോഹൻ ബാബുവിന്റെ മറ്റൊരു മകനും നടനുമായ വിഷ്ണു മഞ്ചു ദുബായിൽ നിന്നെത്തിയിട്ടുണ്ട്. മഞ്ചു മനോജ് , മഞ്ചു വിഷ്ണു , മഞ്ചു ലക്ഷ്മി എന്നിവരാണ് മോഹൻബാബുവിന്റെ മക്കൾ.