
ലക്‌നൗ: ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മായം എന്നത് ഒരു പുതിയ കാര്യമല്ല, ഇന്നത് വളരെ സാധാരണമായ ഒരു വിഷയം മാത്രമാണ്. എന്നാല്‍ ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവര്‍ പോലും ഞെട്ടും അജയ് എന്ന കച്ചവടക്കാരന്‍ ചെയ്ത പ്രവര്‍ത്തി. ഉത്തര്‍പ്രദേശ് സ്വദേശിയായ അജയ് അഗര്‍വാള്‍ കഴിഞ്ഞ 20 വര്‍ഷമായി പാലും പാല്‍ ഉത്പന്നങ്ങളും വില്‍പ്പന നടത്തിവരികയാണ്. അഗര്‍വാള്‍ ട്രേഡേഴ്‌സ് എന്ന സ്ഥാപനമാണ് അജയ് നടത്തിവന്നിരുന്നത്.
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കാലങ്ങളായി അജയ് നടത്തിയിരുന്ന തട്ടിപ്പ് പിടികൂടിയത്. വര്‍ഷങ്ങളായി ഇയാള്‍ പാല്‍, മറ്റ് പാല്‍ ഉത്പന്നങ്ങള്‍ എന്നിവ വ്യാജമായി തയ്യാറാക്കി വില്‍ക്കുകയായിരുന്നു. കൃത്രിമ മധുരപദാര്‍ത്ഥങ്ങളും ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇവയില്‍ ഏറെയും രണ്ട് വര്‍ഷം മുമ്പേ കാലാവധി കഴിഞ്ഞതാണ്.വ്യാജപാല്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ ശേഖരവും സ്ഥാപനത്തില്‍ നിന്നും കണ്ടെടുത്തു. ജനങ്ങള്‍ക്ക് വലിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ഉത്പന്നങ്ങളാണ് നിര്‍മ്മിച്ചിരുന്നതെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തിയിരുന്നു.
അഞ്ച് മില്ലി ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് രണ്ട് ലിറ്റര്‍ പാല്‍ ഉണ്ടാക്കുകയായിരുന്നു അജയ് ചെയ്തിരുന്നത്. ഒരു ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റര്‍ പാല്‍ വരെ കൃത്രിമമായി ഉണ്ടാക്കാന്‍ കഴിയുമെന്നും പ്രതി പൊലീസിനോട് പറഞ്ഞു. കാസ്റ്റിക് പൊട്ടാഷ്, വേ പൗഡര്‍, സോര്‍ബിറ്റോള്‍, മില്‍ക്ക് പെര്‍മിയേറ്റ് പൗഡര്‍, സോയ ഫാറ്റ് തുടങ്ങിയവയാണ് വ്യാജപാല്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്ന രാസവസ്തുക്കള്‍. യഥാര്‍ത്ഥ പാലിന്റെ മണവും ലഭിക്കാന്‍ ഫ്‌ളേവറുകളും ഉപയോഗിച്ചിരുന്നു.