pic

സോൾ: ദക്ഷിണ കൊറിയൻ മുൻ പ്രതിരോധ മന്ത്രി കിം യോംഗ്-ഹ്യൂൻ പൊലീസ് കസ്റ്റഡിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സ്വന്തം വസ്ത്രമുപയോഗിച്ച് തൂങ്ങി മരിക്കാനായിരുന്നു ശ്രമം. അധികൃതർ കൃത്യ സമയത്ത് കണ്ടതിനാൽ അപകടം ഒഴിവായി.

കിമ്മിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു. പ്രസിഡന്റ് യൂൻ സുക് യോൾ പട്ടാള നിയമം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് കിം അറസ്റ്റിലായത്. ഞായറാഴ്ച കസ്റ്റഡിയിലായ കിമ്മിന്റെ അറസ്റ്റ് ചൊവ്വാഴ്ചയാണ് ഓദ്യോഗികമായി രേഖപ്പെടുത്തിയത്.

പ്രതിപക്ഷം ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും ഭരണത്തെ ദുർബലപ്പെടുത്തുന്നെന്നും ആരോപിച്ച് ഈ മാസം 3നാണ് പ്രസിഡന്റ് യൂൻ പട്ടാള നിയമം പ്രഖ്യാപിച്ചത്. എന്നാൽ, സമ്മർദ്ദം ശക്തമായതോടെ ആറ് മണിക്കൂറിനുള്ളിൽ നിയമം പിൻവലിച്ചു.

പ്രതിരോധ മന്ത്രിയെന്ന നിലയിൽ പട്ടാള നിയമം പ്രഖ്യാപിച്ചതിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് കിം രാജിവയ്ക്കുകയായിരുന്നു. അതേ സമയം, അന്വേഷണം നേരിടുന്ന യൂനിന് നീതി മന്ത്രാലയം കഴിഞ്ഞ ദിവസം വിദേശ യാത്രയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നു.