fifa

സൂറിച്ച്: 2034ലെ ഫുട്‌ബോള്‍ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2022ല്‍ ഖത്തറില്‍ കാല്‍പന്ത് മാമാങ്കം നടന്ന് 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അറബ് നാട്ടിലേക്ക് ലോകകപ്പ് എത്തുന്നത്. 2030ല്‍ ആറ് രാജ്യങ്ങളിലായിട്ടാണ് ലോകകപ്പ് നടക്കുന്നത്. ഇതും ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2026ലെ ലോകകപ്പ് അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായിട്ടാണ് അരങ്ങേറുക.

2034ലേത് ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ നടക്കുന്ന മൂന്നാമത്തെ ലോകകപ്പാണ്. 2002ലാണ് ആദ്യമായി ഏഷ്യയില്‍ ഫിഫ ലോകകപ്പ് നടന്നത്. ദക്ഷിണ കൊറിയയും ജപ്പാനും ചേര്‍ന്നാണ് അന്ന് ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയായത്. 2030ലെ ലോകകപ്പിന് സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നീ രാജ്യങ്ങളാണ് സംയുക്തമായി ആതിഥേയരാകുന്നത്. എന്നാല്‍ ലോകപ്പിന്റെ നൂറാം വാര്‍ഷികം കണക്കിലെടുത്ത് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ യുറുഗ്വെ, അര്‍ജന്റീന, പരാഗ്വെ എന്നിവിടങ്ങളില്‍ ഓരോ മത്സരങ്ങള്‍ വീതവും സംഘടിപ്പിക്കും.

ഏഷ്യക്ക് ആതിഥേയത്വത്തിന് അവസരം ലഭിക്കുന്ന 2034-ലെ ലോകകപ്പിന് സൗദി മാത്രമാണ് രംഗത്തുണ്ടായിരുന്നത്. ആദ്യഘട്ടത്തില്‍ ഓസ്‌ട്രേലിയയും ഇന്‍ഡോനീഷ്യയും താല്പര്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് അതില്‍ നിന്ന് പിന്‍മാറുകയായിരുന്നു. 2034ലെ സൗദി ലോകകപ്പില്‍ ഏതാനും മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്താന്‍ താത്പര്യം അറിയിച്ച് എഐഎഫ്എഫ് രംഗത്ത് വന്നെങ്കിലും ഇത് സൗദി അറേബ്യ സ്വീകരിച്ചില്ല. 2027-ലെ വനിതാ ലോകകപ്പിന് ബ്രസീല്‍ ആതിഥ്യം വഹിക്കും.