
ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ മലയാളികളുടെ കൈയിലെത്തിയത് കോടികൾ. രണ്ടു മലയാളി സംഘങ്ങൾക്കാണ് നറുക്കെടുപ്പിൽ എട്ടരകോടിയോളം രൂപ ( 10 ലക്ഷം യു.എസ് ഡോളർ) സമ്മാനമായി ലഭിച്ചത്. ദുബായിലെ ഇൻഷ്വറൻസ് കമ്പനിയിലെ ഐ.ടി വിഭാഗം ജീവനക്കാരൻ ഫയാദ് അഹമ്മദും (29) സംഘവുമാണ് ആദ്യ ജേതാക്കൾ, ഫയാദിന്റെ പേരിൽ നവംബർ 16ന് എടുത്ത 482ാം സീരീസിലെ 3266 നമ്പർ ടിക്കറ്റിനാണ് ഭാഗ്യസമ്മാനം ലഭിച്ചത്. 12 വർഷമായി ടിക്കറ്റെടുത്തു വരികയാണ് ഫയാദും സംഘവും. ഒരോപ്രാവശ്യവും ഓരോരുത്തരുടെയും പേരിലാണ് ടിക്കറ്റെടുക്കുന്നത്. 10 സുഹൃത്തുക്കളുമായി ഫയാദ് സമ്മാനം പങ്കിടും.
വിനോദ് പുതിയപുരയിലും (29 സംഘവുമാണ് 8 കോടിയിലേറെ സമ്മാനം നേടിയ രണ്ടാമത്തെ മലയാളി സുഹൃദ് സംഘം. ദുബായിലെ ഡിനാറ്റയിൽ എക്വിപ്മെന്റ് ഓപ്പറേറ്ററാണ് വിനോദ്. നവംബർ 30ന് എടുത്ത 486 സീരീസുലെ 1880 നമ്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. സമ്മാനത്തുര 9 സുഹൃത്തുക്കളുമായി പങ്കിടാനാണ് വിനോദിന്റെ തീരുമാനം. ഇതോടൊപ്പം നടന്ന ആഡംബര വാഹനങ്ങൾ നേടാനുള്ള നറുക്കെടുപ്പിലും ഭാഗ്യം ഇന്ത്യക്കാർക്കൊപ്പം തന്നെയായിരുന്നു. രാജശേഖരൻ സമരേശൻ (43) ആഡംബര കാറും ഷാർജയിൽ ജോലി ചെയ്യുന്ന മുഹമ്മദ് അർഷാദ് അവി (29) ആഡംബര ബൈക്കും സമ്മാനമായി നേടി.