
മുംബയ്: ഇന്ത്യയില്‍ ഇവി-യെന്നാല്‍ അത് ടാറ്റയാണ്. രാജ്യത്തെ നിരത്തുകളിലോടുന്ന മൊത്തം ഇലക്ട്രിക് വാഹനങ്ങളില്‍ നല്ലൊരു പങ്കും ടാറ്റയുടെ വാഹനങ്ങളാണ്. ടാറ്റയുടെ തിയാഗോ, നെക്‌സോണ്‍, പഞ്ച്, കര്‍വ്, തിഗോര്‍ എന്നീ മോഡലുകളാണ് ഇലക്ട്രിക് വാഹനങ്ങളുടെ ശ്രേണിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിരവധി മോഡലുകളുടെ ഇവി പതിപ്പ് ലഭ്യമായതിനാല്‍ തന്നെ വിപണിയില്‍ ഒന്നാം സ്ഥാനം കൈപ്പിടിയിലൊതുക്കിയതിന് മറ്റൊരു കാരണം അന്വേഷിക്കേണ്ടതില്ല.
എന്നാല്‍ ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവരുമ്പോള്‍ അത് ടാറ്റയ്ക്ക് ഒട്ടും ശുഭസൂചന അല്ല നല്‍കുന്നത്. അതിന് കാരണമായത് ആകട്ടെ ചൈനീസ് വാഹന ബ്രാന്‍ഡ് ആയ മോറിസ് ഗ്യാരേജസ് (എംജി) ആണ്. ഇന്ത്യയില്‍ എംജി ഓരോ മാസവും തങ്ങളുടെ വില്‍പ്പന തോത് വര്‍ദ്ധിപ്പിച്ച് വരികയാണ്. ഈ മാറ്റം പ്രകടമായതാകട്ടെ എംജി വിന്‍ഡ്‌സര്‍ ഇ.വി വില്‍പ്പനയ്ക്ക് എത്തിയതിന് ശേഷവും. അതുകൊണ്ട് തന്നെ ടാറ്റയെ സംബന്ധിച്ച് വെല്ലുവിളി ഉയരാനാണ് സാദ്ധ്യത.
രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് ഫോര്‍ വീലറായി വിന്‍ഡ്സര്‍ ഇവി മാറിക്കഴിഞ്ഞു. ഈ കാര്‍ പുറത്തിറങ്ങി രണ്ട് മാസമേ ആയിട്ടുള്ളൂവെങ്കിലും രണ്ട് മാസവും സെഗ്മെന്റില്‍ നമ്പര്‍-1 സ്ഥാനത്ത് വിന്‍ഡ്‌സര്‍ തുടര്‍ന്നു. എംജി ഇന്ത്യയുടെ കഴിഞ്ഞ ആറ് മാസത്തെ വില്‍പ്പന തോത് പരിശോധിക്കുമ്പോള്‍, ജൂണില്‍ 4,644 വാഹനങ്ങളും ജൂലായില്‍ 4,572 വാഹനങ്ങളും ഓഗസ്റ്റില്‍ 4,571 വാഹനങ്ങളും സെപ്റ്റംബറില്‍ 4,588 വാഹനങ്ങളും ഒക്ടോബറില്‍ 7,045 വാഹനങ്ങളും നവംബറില്‍ 6,019 വാഹനങ്ങളും കമ്പനി വിറ്റു.
എംജി മോട്ടോഴ്സിന്റെ മോഡല്‍ തിരിച്ചുള്ള വില്‍പ്പനയെക്കുറിച്ച് പരിശോധിക്കുമ്പോള്‍ വിന്‍ഡ്സര്‍ ഇവിയുടെ 3,116 യൂണിറ്റുകള്‍ ഒക്ടോബറില്‍ വിറ്റപ്പോള്‍. 3,144 യൂണിറ്റുകള്‍ നവംബറില്‍ വിറ്റുപോയി. 38കിലോവാട്ട് ബാറ്ററിയില്‍ 331 കിലോമീറ്റര്‍ റേഞ്ച് ആണ് വാഹനത്തിന് ലഭിക്കുന്നത്.